ഒരാൾ നൽകിയ കള്ളപ്പരാതിയിൽ ഒരു ദിവസം മുഴുവൻ സ്റ്റേഷനിലിരിക്കേണ്ടിവന്നെന്ന് ബോബി ചെമ്മണ്ണൂർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
വധശിക്ഷയ്ക്ക് വിധിച്ച് വിദേശത്ത് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനായി രംഗത്തിറങ്ങിയതിന്റെ കാരണം ആ ഉമ്മയുടെ കണ്ണുനീർ മാത്രമല്ലെന്നും ഈ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കുവൈറ്റിൽ പാർട്ണർഷിപ്പ് ബിസിനസ് നടത്തിയ സമയം. പാർട്ണർ ചതിച്ചു. കളവുകൾ ഞാൻ പിടിച്ചപ്പോൾ അടിയും വഴക്കുമൊക്കെയുണ്ടായി. അയാൾ എനിക്കെതിരെ കള്ള പരാതി നൽകി. ഒരു ദിവസം ഞാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. മുതൽ നഷ്ടപ്പെട്ടതിനൊപ്പം കള്ള പരാതിയിൽ അവിടെ പോയിരിക്കേണ്ട അവസ്ഥ. ഭയങ്കര വേദന തോന്നി. അതേസമയം ഞാൻ ഒരാളെ കൊന്നിട്ടാണ് പത്തിരുപത് വർഷം ജയിലിൽ പോയി കിടക്കുന്നതെങ്കിൽ എനിക്കൊരു ബുദ്ധിമുട്ടും തോന്നില്ല.
കുറ്റം ചെയ്യാതെ അവിടെ പോയിരിക്കേണ്ട അവസ്ഥ. പതിനെട്ട് വർഷം, നിരപരാധിയാണെങ്കിൽ ആ ചെറുപ്പക്കാരന്റെ വേദന എന്തായിരിക്കും. തല അറക്കാൻ പോകുകയാണ്. എനിക്കറിയാം അതിന്റെ വിഷമം എന്താണെന്ന്. അങ്ങനെയാണ് ഞാൻ ഇതിൽ ഇടപെട്ടത്'- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുകയാണ് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീം. ജയിലിൽ നിന്ന് പുറത്തിറക്കാനായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ 34 കോടി രൂപ ദയാധനം നേരത്തെ സമാഹരിച്ചിരുന്നു. ഉടൻ അബ്‌ദുൾ റഹീമിന്റെ മോചനം സാദ്ധ്യമാകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |