SignIn
Kerala Kaumudi Online
Monday, 22 July 2024 7.11 AM IST

ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് നാളെ, വെല്ലുവിളികളിൽ സുനക് വെള്ളം കുടിക്കും

sunak

നാളെയാണ് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ മേയ് 22-ന്, കോരിച്ചൊരിയുന്ന മഴയത്ത് ഔദ്യോഗിക വസതിയായ ഡൗണിംഗ് തെരുവിലെ പത്താം നമ്പർ വസതിക്കു മുന്നിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കാലാവധി തീരാൻ ഏഴുമാസത്തോളം ബാക്കിനിൽക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അകലെനിന്ന് ഉച്ചഭാഷിണിയിൽ, 'തിങ്സ് ക്യാൻ ഒൺലി ഗെറ്റ് ബെറ്റർ" എന്ന ഗാനം അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിലക്കയറ്റം ഏറ്റവും കുറഞ്ഞ നിരക്കിലായതും,​ തന്റെ പാർട്ടിയുടെ മുൻഗണനകളും നയങ്ങളും നേട്ടം കണ്ടുതുടങ്ങിയെന്നുമുള്ള സുനകിന്റെ അവകാശവാദത്തിന് അടിവരയിടുന്നതുപോലെ ഈ വരികൾ തോന്നാമെങ്കിലും,​ മറിച്ചൊരു ഭൂതകാല രാഷ്ട്രീയാന്തരീക്ഷമാണ് അവ ധ്വനിപ്പിച്ചത്!

പതിനെട്ടു വർഷത്തെ കൺസെർവേറ്റീവ് പാർട്ടിയുടെ അഥവാ ടോറികളുടെ ഭരണത്തെ, ടോണി ബ്ളയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി തൂത്തെറിഞ്ഞ 1997-ലെ തിരഞ്ഞെടുപ്പിൽ, അവർ പ്രചാരണഗാനമായി ഉപയോഗിച്ചിരുന്ന 'ഡി റീം" (D REAM) എന്ന ഗായകസംഘത്തിന്റെ പ്രശസ്തമായ ഗാനമായിരുന്നു അത്. കാൽ നൂറ്റാണ്ടിനിപ്പുറം കാര്യങ്ങൾ ഇപ്പോൾ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം മുമ്പ് ഇതെഴുതുമ്പോൾ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടിക്ക് ഏകദേശം ഇരുപത് പോയിന്റ് പിന്നിലാണ് ടോറി പാർട്ടി.

വിരാമമാകുന്ന

വിജയഗാഥ?

2010 മുതൽ തുടർച്ചയായി 14 വർഷമായി,​ നാല് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ടോറികളാണ് ഭരണത്തിൽ. അതിനിടെ അഞ്ച് പ്രധാനമന്ത്രിമാരുമുണ്ടായി. 2010- ൽ ഡേവിഡ് കാമറൂൺ ലിബ് ഡെം എന്ന ലിബറൽ ഡെമോക്രാറ്റുകളുടെ സഹായത്തോടെ ഭരണത്തിലെത്തി. 2015-ൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയെങ്കിലും,​ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിനെ അനുകൂലിച്ച ജനഹിതത്തെ തുടർന്ന് കാമറൂൺ രാജിവച്ചു.

പിന്നീട്,​ മാർഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടൻ മറ്റൊരു വനിതാ പ്രധാനമന്ത്രിയെ കണ്ടു. പാർട്ടിയിലെ തന്നെ ബ്രെക്സിറ്റ് വിരുദ്ധരുടെ എതിർപ്പ് മറികടക്കാൻ 2017 ജൂണിൽ തെരേസാ മേ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും, ഉണ്ടായിരുന്ന ഭൂരിപക്ഷവും നഷ്ടമായി. ചെറിയ ചില പാർട്ടികളുടെ പിന്തുണയോടെ ഭരണം തുടർന്നെങ്കിലും, ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു കൊണ്ടുവരുന്ന ചർച്ചകളിൽ വഴിമുട്ടി മേ രാജിവച്ചു. ഉറച്ച ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോൺസന്റെ ഊഴമായിരുന്നു പിന്നീട്. തനിക്ക് അനുകൂലമായ രീതിയിൽ ബ്രെക്സിറ്റ് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹവും 2019 ഡിസംബറിൽ ഇടക്കാല തിരഞ്ഞെടുപ്പിനെ ആശ്രയിച്ചു. അങ്ങനെ അഞ്ചു വർഷത്തിനിടെ ബ്രിട്ടീഷ് ജനത മൂന്നുതവണ പോളിംഗ് ബൂത്തിലെത്തി.

അത്തവണ നല്ല ഭൂരിപക്ഷം നേടിത്തന്നെ ടോറികൾ വീണ്ടും ഭരണത്തിലെത്തി. ദീർഘമായ ചർച്ചകൾക്കൊടുവിൽ 2020 ജനുവരി 31 രാത്രിയിൽ ബ്രിട്ടൻ യൂറോപ്യൻ ബാന്ധവത്തിൽ നിന്ന് വിടുതൽ നേടി. കൊവിഡ് ലോക്ക്‌ഡൗൺ കാലത്ത് ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ തുടങ്ങിയ വിവാദങ്ങളെ തുടർന്ന് പാർട്ടിക്കുള്ളിലെ തന്നെ കലാപത്തിൽ ' ബോജോ"യ്ക്ക് 2022 ജൂലായിൽ പ്രധാനമന്ത്രി പദം ത്യജിക്കേണ്ടിവന്നു. പിന്നീട് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ ഭൂരിപക്ഷം എം.പി മാരുടെ പിന്തുണ ലഭിച്ചില്ലെങ്കിലും പാർട്ടി അംഗങ്ങളുടെ വലിയ അംഗീകാരത്തോടെ ഋഷി സുനകിനെ തോല്പിച്ച്, ലിസ് ട്രസ് പ്രധാനമന്ത്രിയായി. അതിന്റെ രണ്ടാം നാളിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിയോഗം.

സുനക് എന്ന

താരോദയം

രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി നികുതി വെട്ടിക്കുറച്ചും, വലിയ രീതിയിൽ കടമെടുപ്പിനെ അനുകൂലിച്ചും അവതരിപ്പിച്ച മിനി ബഡ്‌ജറ്റ് പാളിയതോടെ, ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നാൾ പ്രധാനമന്ത്രി പദം അലങ്കരിച്ചെന്ന (ദുഷ്)കീർത്തയോടെ തീവ്ര വലതുപക്ഷക്കാരിയായ ട്രസ് അൻപതാം നാൾ സ്ഥാനമൊഴിഞ്ഞു. അതോടെ അവരുടെ സാമ്പത്തിക നയങ്ങളെ എതിർത്ത, കൊവിഡ് കാലത്ത് ബോറിസ് ജോൺസന്റെ ക്യാബിനറ്റിൽ ചാൻസലർ ഒഫ് എക്സ്‌ചെക്കെർ (നമ്മുടെ ധനകാര്യമന്ത്രിക്കു തുല്യം) ആയി മികച്ച തീരുമാനങ്ങളെടുത്തിരുന്ന ഋഷി സുനക് 2022 സെപ്റ്റംബറിൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയായി. അങ്ങനെ മൂന്നു മാസത്തിനുള്ളിൽ മൂന്ന് പ്രധാനമന്ത്രിമാർ ഭരണ സാരഥ്യത്തിലെത്തി.

2022 ഒക്ടോബറിൽ സുനക് നേതൃത്വമേറ്റെടുക്കുന്ന വേളയിൽ അനിയന്ത്രിതമായ പണപ്പെരുപ്പവും (11 ശതമാനം)​ യുക്രെയ്ൻ യുദ്ധം കാരണം വർദ്ധിച്ച ഊർജ്ജവിലയും വലച്ച രാജ്യത്തിന് രാഷ്ട്രതന്ത്രജ്ഞൻ എന്നതിനേക്കാൾ, മികച്ച സാമ്പത്തിക വീക്ഷണമുള്ള ഒരു നേതാവിനെയായിരുന്നു ആവശ്യം. ഒന്നര വർഷത്തിനകം ഇപ്പോൾ അത് രണ്ടു ശതമാനത്തലേക്ക് താഴ്ന്നു. നികുതി ഭാരം അടിച്ചേല്പിക്കാതെ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചു എന്നതു മാത്രമല്ല,​ ബാങ്ക് ഒഫ് ഇംഗ്ലണ്ട് ഉൾപ്പടെ ഭയപ്പെട്ടിരുന്ന സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനും കഴിഞ്ഞു.

തോൽവിയുടെ

തുടർക്കഥ

2019- നു ശേഷം നടന്ന പതിനൊന്ന് ഉപതിരഞ്ഞെടുപ്പുകളിലാണ് കൺസേർവേറ്റീവ് പാർട്ടി പരാജയമറിഞ്ഞത്. അതിൽ ഏഴും സുനക് നേതൃത്വമേറ്റതിനു ശേഷവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചവയും, വർഷങ്ങളായി ടോറികളുടെ കുത്തകയായിരുന്നവയുമൊക്കെ വലിയ വ്യത്യാസത്തിലാണ് ലേബർ പാർട്ടി കൈയടക്കിയത്. രണ്ടുമാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടി വൻപരാജയം ഏറ്റുവാങ്ങി. അതിനിടയിൽ തീവ്ര ബ്രെക്സിറ്റ് അനുകൂലിയും കുടിയേറ്റ വിരുദ്ധനുമായ നൈജിൽ ഫറാഷ് റിഫോം പാർട്ടിയുടെ നേതൃത്വത്തിലെത്തിയതും, തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ടോറികൾക്ക് വെല്ലുവിളിയായി. അതോടെ പാർട്ടിയിലെ കടുത്ത വലതുചിന്താഗതിക്കാർ ചുവടു മാറി ഫറാഷിനെ പിന്തുണച്ചുതുടങ്ങി. ഈ മാറ്റം തുടർന്നു നടന്ന അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുകയും ചെയ്തു.

അതേസമയം, ഫറാഷിനുള്ള വർദ്ധിച്ച പിന്തുണ പാർലമെന്റ് സീറ്റുകളായി മാറുമോ എന്ന് കണ്ടറിയണം. നൂറിലധികം മണ്ഡലങ്ങളിൽ പത്തു മുതൽ ഇരുപത് ശതമാനം വരെ വോട്ട് റിഫോം പാർട്ടി നേടിയാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർലമെന്റ് കാണുക നൂറിൽ താഴെ ടോറികൾ മാത്രമായിരിക്കും. വലതുപക്ഷ പാർട്ടിയായ കൺസേർവേറ്റീവിന് ക്ഷീണമേൽപിച്ച് അതിന്റെ അണികളെ ആകർഷിച്ച്, രണ്ടാമത്തെ പ്രധാന പാർട്ടിയാകുകയാണ് ലക്ഷ്യമെന്ന് ഫറാഷ് പറഞ്ഞുകഴിഞ്ഞു.

സ്റ്റാർ ആകാൻ

സ്റ്റാമെർ

തീവ്ര ഇടതുപക്ഷക്കാരനായ ജെറെമി കോബിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പരാജപ്പെട്ടത്. പിന്നീട് നേതൃത്വത്തിലെത്തിയ കിയർ സ്റ്റാമെറിന്റെ ഇടതുപക്ഷത്തേക്ക് വ്യതിചലിച്ച നയങ്ങളെ വലത്തേക്കു നീക്കാനുള്ള അത്യുത്സാഹം, കുടിയേറ്റം, വിദേശനയം തുടങ്ങി പല വിഷയങ്ങളിലും ടോറികളുടെ കാഴ്ചപ്പാടുകളുമായി വലിയ വ്യത്യാസമില്ല എന്നതിലാണ് കലാശിച്ചിരിക്കുന്നത്. ഗാസയിൽ വെടിനിർത്തലിനെ സ്റ്റാമെർ പിന്തുണയ്ക്കാത്തതിൽ പ്രതിഷേധിച്ച് ചില മുസ്ലിം നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടെങ്കിലും, പരമ്പരാഗത വോട്ട് ബാങ്കുകളിൽ വലിയ വിള്ളൽ സംഭവിച്ചിട്ടില്ല.

2010-ൽ കൺസെർവേറ്റീവ് പാർട്ടിയുമായി അഞ്ചു വർഷം ഭരണം പങ്കിട്ട ലിബറൽ ഡെമോക്രറ്റുകളാണ് മറ്റൊരു പ്രധാന പാർട്ടി. തെക്കൻ മേഖലകളിലെ ചില കൺസേർവേറ്റീവ് സീറ്റുകൾ പിടിച്ചെടുത്ത് നേട്ടം കൊയ്യാമെന്നാണ് ലിബ് ഡമ്മിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും പല മണ്ഡലങ്ങളിലും സ്വാധീനം വർദ്ധിക്കുന്ന ഗ്രീൻ പാർട്ടി ഇത്തവണ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കുന്നുണ്ട്. സർവേകൾ പ്രവചിക്കുന്നതു പോലെ വലിയ വെല്ലുവിളിയാണ്‌ കൺസർവേറ്റീവ് പാർട്ടി അഭിമുഖീകരിക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മാന്യമായ നിലയിലുള്ള തോൽവി പോലും ദുഷ്‌കരമെന്നതാണ് സ്ഥിതി. കിയർ സ്റ്റാമെറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലെത്തുമെന്ന് എതിർപാർട്ടികൾ പോലും അംഗീകരിച്ച മട്ടാണ്.

ആകെയുള്ള 650 നിയോജക മണ്ഡലങ്ങളിൽ 543 എണ്ണവും ഇംഗ്ലണ്ടിലാണ്. ബാക്കി 57 എണ്ണം സ്‌കോട്ട്ലൻഡിലും 32 എണ്ണം വെൽസിലും ബാക്കി 18 വടക്കൻ അയർലണ്ടിലും ( ഇംഗ്ലണ്ട്,സ്‌കോട്ട്ലന്റ്,​ വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ നാല് ദേശീയതകൾ ചേർന്നതാണ് യു.കെ)​. ഏകദേശം 75,000-നും താഴെയാണ് ഒരു നിയോജകമണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം. പോളിംഗ് കഴിഞ്ഞ്‌ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി അടുത്ത ദിവസം ഉച്ചയോടെ ഫലമറിയാം.

(ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ലേഖകൻ ഇപ്പോൾ ലണ്ടനിലാണ് താമസം)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.