SignIn
Kerala Kaumudi Online
Wednesday, 24 July 2024 3.14 AM IST

ട്രോളിംഗ്: നിരോധനത്തിന്റെ നാനാർത്ഥങ്ങൾ

trolling

നിയന്ത്രിതമായ രീതിയിൽ ചൂഷണം ചെയ്തില്ലെങ്കിൽ എളുപ്പത്തിൽ ഇല്ലാതാകുന്നതാണ് മത്സ്യ സമ്പത്ത്. അനിയന്ത്രിത ചൂഷണത്തിലൂടെ ഇല്ലാതായിപ്പോയ എത്രയോ മത്സ്യ ഇനങ്ങളുണ്ട്- പസഫിക്ക് സാൽമൺ, അറ്റ്ലാന്റിക് കോഡ്, ഓറഞ്ച് റഫി എന്നിവ ചില ഉദാഹരണങ്ങൾ. ഓരോ മേഖലയിലും അതത് മത്സ്യ ഇനത്തിന്റെ ആകെയുള്ള അളവ്,​ വളർച്ച, പ്രത്യുത്പാദന തോത്,​ മരണനിരക്ക് എന്നിവ ആശ്രയിച്ച്,​ പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് ശാസ്ത്രീയമായി നിശ്ചയിച്ച് കൃത്യമായ നിയന്ത്രണ രീതികൾ അവലംബിച്ചു മാത്രമേ മത്സ്യ ബന്ധനം അനുവദിക്കാവൂ. അതാണ് ശരിയായ മത്സ്യബന്ധന രീതി.

മീൻപിടിത്ത യാനങ്ങളുടെ എണ്ണം, വലകളുടെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണത്തിലും വലിപ്പത്തിലും നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഫലപ്രദമായി നടപ്പാക്കാവുന്ന മാർഗങ്ങൾ. ചില പ്രത്യേക പ്രദേശങ്ങളിൽ,​ അല്ലെങ്കിൽ പ്രത്യേക കാലയളവിൽ മത്സ്യബന്ധനം നിരോധിക്കുക എന്നതാണ് ഫലപ്രദമായ മറ്റൊരു രീതി. ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകുന്ന മത്സ്യബന്ധന രീതികൾ നിരോധിക്കുകയും ചെയ്യാം,​ ട്രോളിംഗ്, അടക്കംകൊല്ലി വല എന്നീ മത്സ്യബന്ധന രീതികൾ പല രാജ്യങ്ങളും പൂർണമായും, ചില പ്രത്യേക പ്രദേശത്തോ കാലയളവിലോ നിരോധിച്ചിട്ടുണ്ട്.


ട്രോളിംഗിന്റെ

അപകടം

സമുദ്രജലത്തിൽ നിന്നുള്ള മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നാലിലൊന്ന് ഭാഗം ട്രോളിംഗ് വഴിയാണ് പിടിക്കപ്പെടുന്നത്. അടിത്തട്ടിൽ മാത്രം ഉപയോഗിക്കുന്ന ട്രോൾ വലകൾ ഒരു വർഷത്തിൽ ലോകത്തെ മുഴുവൻ വൻകരത്തട്ടിന്റെ (കോണ്ടിനെന്റൽ ഷെൽഫ്) പാതിഭാഗം ഉപയോഗിക്കുന്നു എന്നത് ഈ വലയുടെ ഉപയോഗത്തിന്റെ തോത് വ്യക്തമാക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽ ഉപയോഗിക്കുന്ന ട്രോൾ വലകൾ,​ അവിടത്തെ ജീവികളോടൊപ്പം അടിത്തട്ടും നശിപ്പിക്കപ്പെടാൻ ഇടയാക്കും. അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഖരകണങ്ങൾ മുകളിലേക്കുയർന്ന് ജലത്തെ മലിനമാക്കുകയും,​ അവിടത്തെ ആവാസവ്യവസ്ഥയെ വിപരീതമായി ബാധിക്കുകയും ചെയ്യാം.

നിരോധനം

മറ്റിടങ്ങളിൽ


ഇന്തോനേഷ്യ 1980- ലും ഹോങ്കോംഗ് 2018-ലും ശ്രീലങ്ക 2017- ലും മഡഗാസ്‌കർ 2021-ലും അവരുടെ തീരക്കടലിൽ സമ്പൂർണ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ചില പ്രത്യേക പ്രദേശങ്ങളിലും ട്രോളിംഗ് പൂർണമായും നിരോധിച്ചിട്ടുണ്ട്. രണ്ടു മുതൽ ഒൻപതര മാസം വരെ ചില പ്രത്യേക കാലയളവിൽ അമേരിക്കയിലെ ടെക്സാസ്, കെനിയ, സൗദി അറേബ്യ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആദ്യം വന്നത്

കേരളത്തിൽ


കേരളത്തിൽ ഇത് വർഷകാല ട്രോളിംഗ് നിരോധനത്തിന്റെ മുപ്പത്തിയേഴാം വർഷമാണ്. ജൂൺ 10 മുതൽ ജൂലായ് 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നിലവിൽ. 1988-ൽ 61 ദിവസത്തെ ട്രോളിംഗ് നിരോധനത്തിലൂടെ കേരളം ഇന്ത്യയ്ക്ക് വഴികാട്ടിയായി. കേരളത്തിന്റെ പാത പിന്തുടർന്ന് കർണാടകം, ഗോവ, മഹാരാഷ്ട്ര, ബംഗാൾ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും ഇടക്കാല മത്സ്യബന്ധന നിരോധനം തുടർന്നു. വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത സമയത്തും രീതിയിലും ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് മുൻകൈയെടുത്ത് നടത്തിയ ചർച്ചകളിലൂടെ ഏപ്രിൽ 14 മുതൽ ജൂൺ 14 വരെ രാജ്യത്തിന്റെ കിഴക്കൻ തീരക്കടലിലും ജൂൺ ഒന്നു മുതൽ ജൂലായ് 31വരെ പടിഞ്ഞാറൻ തീരക്കടലിലും 61 ദിവസത്തെ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി.

നിയന്ത്രണ

നിയമം


ഇന്ത്യയിലെ ഫിഷറീസ് മാനേജ്‌മെന്റ് രംഗത്ത് എന്നും വഴികാട്ടിയായി മുമ്പേ സ‍ഞ്ചരിച്ച സംസ്ഥാനമാണ് കേരളം. 1980-ൽ ആദ്യമായി കേരള സമുദ്രജല മത്സ്യബന്ധന നിയന്ത്രണ നിയമം പാസാക്കിയത് കേരളമാണ്. മത്സ്യബന്ധന രംഗത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവത്കൃത ബോട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇതുകൊണ്ടൊന്നും അറുതിയുണ്ടായില്ല. പ്രശ്നപരിഹാരത്തിനും, മത്സ്യസമ്പത്ത് സംരക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും കേരളം ഓരോ കാലഘട്ടത്തിലും വിദഗ്ദ്ധ സമിതികളെ നിയോഗിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി.

1985 മുതലുള്ള വിവിധ പഠനസംഘങ്ങൾ ട്രോളിംഗ് നിരോധനത്തിന് അനുകൂലമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. 1988-ലെ ബാലകൃഷ്ണൻ നായർ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്നത്തെ സർക്കാർ 1988 ജൂൺ 29-ന് കൊല്ലം ഒഴികെയുള്ള തീരക്കടലിൽ മൂന്നുമാസത്തേക്ക് ട്രോളിംഗ് നിരോധിച്ച് ഉത്തരവിറക്കിയത്. പിന്നീട്,​ പ്രതിഷേധത്തെ തുടർന്ന് കൊല്ലം കൂടി ഉൾപ്പെടുത്തി 61 ദിവസത്തേക്ക് നിരോധനം നിലനിർത്തി. ട്രോളിംഗ് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടോ എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സർക്കാർതലത്തിൽ നിയമിച്ച സമിതികൾ ട്രോളിംഗ് നിരോധനം തുടരുകയോ കാലാവധി നീട്ടുകയോ ചെയ്യണമെന്നാണ് ശുപാർശ ചെയ്തത്.

കാലയളവ്

മാറ്റണോ?​


ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യ ലഭ്യതയുടെ തോതിൽ ഉയർച്ച രേഖപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ നിരോധനം പിൻവലിക്കണം എന്നൊരു വാദമുണ്ട്. മത്സ്യബന്ധന രംഗത്തെ അനിയന്ത്രിതമായ മുതൽമുടക്കും അമിത ചൂഷണപ്രവണതയും മൂലം തകർന്നു പോകുമായിരുന്ന മത്സ്യബന്ധന രംഗത്തെ പിടിച്ചുനിറുത്താൻ ട്രോളിംഗ് നിരോധനം സഹായിച്ചു എന്നാണ് ഭൂരിഭാഗം പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് നിരോധന കാലയളവ് കൂട്ടണമെന്നും ചില വിദഗ്ദ്ധ സമിതികൾ ശുപാർശ ചെയ്തു. നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സാമ്പത്തികനഷ്ടം പരിഹരിച്ചു മാത്രമേ ഏതു നിരോധനവും നടപ്പാക്കാൻ പാടുള്ളൂ.


ഭൂരിഭാഗം മത്സ്യങ്ങളുടെയും പ്രജനനകാലത്ത് അവയെ സംരക്ഷിക്കുക എന്ന നിലയ്ക്കാണ് കേരളം ജൂൺ 10 മുതൽ ജൂലായ് 31 വരെ നിരോധനം ഏർപ്പെടുത്തിയത്, എന്നാൽ ഭൂരിഭാഗം മത്സ്യങ്ങളും ഈ കാലയളവിൽത്തന്നെയാണ് പ്രജനനം നടത്തുന്നത് എന്ന കാര്യത്തിൽ മത്സ്യ ശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും,​ പ്രാദേശികമായ പ്രത്യേക സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രജനനകാലത്തിൽ വ്യത്യാസം വരാം. അതുകൊണ്ട് ഭൂരിഭാഗം മത്സ്യങ്ങൾ പ്രജനനത്തിൽ ഏർപ്പെടുന്ന കാലഘട്ടം കൃത്യമായി നിശ്ചയിക്കപ്പെടേണ്ടതാണ്.

മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമാകുന്ന സമയമായതിനാൽ സുരക്ഷിതമായ മീൻപിടിത്തം പലപ്പോഴും അസാദ്ധ്യമാകാറുണ്ട്, അക്കാര്യം പരിഗണിച്ചായാലും നിലവിലെ സ്ഥിതി തുടരുകയാണ് അഭികാമ്യം. അതേസമയം ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ട സമയക്രമത്തിൽ വിദഗ്ദ്ധ സമിതികൾക്കിടയിൽ ഭിന്നതയുണ്ട്. 2014- നു ശേഷം ട്രോളിംഗ് നിരോധനത്തെക്കുറിച്ച് കേരളതീരത്ത് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ്, മറ്റു മത്സ്യബന്ധന രീതികൾ കൂടി നിയന്ത്രിക്കണോ, മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തേണ്ടതുണ്ട്.

(കൊച്ചി,​ 'കുഫോസ്" ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഇൻ ചാർജും,​ ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് തലവനുമാണ് ലേഖകൻ. മൊബൈൽ: 97695 86759)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.