SignIn
Kerala Kaumudi Online
Wednesday, 24 July 2024 3.11 AM IST

ബഡ്‌ജറ്റ് 2024 ; സാദ്ധ്യതകൾ, ക്ഷേമം,​ കരുതൽ,​ ഇളവുകൾ

artwork

 ആദായ നികുതി ഘടന പരിഷ്കരിച്ചേക്കും

 നികുതി ഇളവ് പരിധികൾ വർദ്ധിപ്പിക്കും

 ഭക്ഷ്യ വിലക്കയറ്റ ആഘാതം കുറയ്ക്കും

 ചെറുകിട ഭവന പദ്ധതി വ്യാപകമാക്കും

 ധന കമ്മി കുറയ്ക്കുന്നതിന് പ്രത്യേക ഊന്നൽ

സാദ്ധ്യതകളുടെ കലയെന്നാണ് ജർമ്മൻ രാഷ്ട്ര തന്ത്രജ്ഞൻ ബിസ്‌മാർക്ക് രാഷ്ട്രീയത്തെ വിശേഷിപ്പിച്ചത്. അധികാരം ഉപയോഗിച്ച് പല ലക്ഷ്യങ്ങളും നടപ്പാക്കാൻ കഴിയും. നല്ല രാഷ്ട്രീയം മിക്കപ്പോഴും മോശം സമ്പദ്ശാസ്ത്രമായിരിക്കുമെങ്കിലും,​ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സർക്കാരിന് സാമ്പത്തിക, രാഷ്ട്രീയലക്ഷ്യങ്ങൾക്കിടയിൽ ബഡ്‌ജറ്റ് സന്തുലിതമാക്കാൻ കഴിയും. എൻ.ഡി.എ- 3.0 സർക്കാരിനും ധനമന്ത്രി നിർമ്മലാ സീതാരാമനും മുന്നിലുള്ള സാദ്ധ്യതകൾ എന്തെല്ലാമാണ്?

തിരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക പരിഷ്‌കാരങ്ങളെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് 'അടുത്ത ബഡ്‌ജറ്റ് വലിയ മാറ്റങ്ങളുടേതായിരിക്കും"എന്നാണ്. ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പ്രസ്താവന. എന്നാൽ,​ മുന്നണി സർക്കാർ വന്നതോടെ ആ രംഗം മാറി. ബി.ജെ.പിക്കു മുന്നിൽ സ്വാഭാവികമായും രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടാകും. മുന്നണിയിലെ ഇതര പങ്കാളികളുടെ പിന്തുണ ബഡ്‌ജറ്റിന് വേണ്ടിവരും; പ്രത്യേകിച്ച് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യു നേതാവ് നിതീഷ്‌കുമാറിന്റെയും. നായിഡുവിന് വിപണിസൗഹൃദ കാഴ്ചപ്പാടുള്ളതിനാൽ പരിഷ്‌കരണത്തിലൂന്നിയ ബഡ്‌ജറ്റിനെ അദ്ദേഹം പിന്തുണയ്ക്കും.

നായിഡു ചിരിക്കും,​

നിതീഷ് കടുപ്പിക്കും

അമരാവതിയിലെ ക്യാപിറ്റൽ സിറ്റി പദ്ധതിക്ക് പ്രത്യേക സഹായം നേടിയെടുക്കുന്നതിലായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. പഴയ സോഷ്യലിസ്റ്റ് എന്ന നിലയിൽ നിതീഷ്‌കുമാറിന് വൻതോതിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുന്നതിനെയോ സ്വകാര്യവത്കരണത്തെയോ പിന്തുണയ്ക്കുക ബുദ്ധിമുട്ടുണ്ടാകും. ബീഹാറിന് പ്രത്യേക സഹായം നേടിയെടുക്കാനായിരിക്കും അദ്ദേഹം ശ്രദ്ധിക്കുക. മുന്നണി ഘടകകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ ബഡ്‌ജറ്റിന് എത്ര
മുന്നോട്ടു പോകാൻ കഴിയുമെന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്.

സാമ്പത്തിക, ധനകാര്യ സാഹചര്യങ്ങൾ ധനമന്ത്രിക്ക് അനുകൂലമാണ്. 2024 സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ച 8.2 ശതമാനം എന്നത് ഇടക്കാല ബ‌ഡ്‌ജറ്റിൽ കണക്കാക്കിയതിനേക്കാൾ മികച്ചതാണ്. ഈ കാലയളവിൽ സർക്കാരിന്റെ നേരിട്ടുള്ള നികുതി വരുമാനത്തിൽ 17.7 ശതമാനം വർച്ചയുണ്ടായി. ഉയർന്ന തോതിലുള്ള ജി.ഡി.പി വളർച്ചയും ആകർഷകമായ റവന്യു വളർച്ചയും ധനമന്ത്രിയുടെ സമ്മർദ്ദം കുറയ്ക്കും. മറ്റു സാമ്പത്തിക സൂചകങ്ങളും നല്ലതാണ്. വിദേശ നാണയ ശേഖരം 653 ബില്യൺ ഡോളറാണ്. കഴിഞ്ഞ ഒരു വർഷത്തിൽ രണ്ടു ശതമാനം മാത്രം താഴ്ചയോടെ രൂപയുടെ മൂല്യത്തിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ സാമ്പത്തിക സ്ഥിതി ശക്തവും,​ ധനപരമായ സുരക്ഷിതത്വം ഉയർന്ന തോതിലുമാണ്.

റിസർവ് ബാങ്ക്

വക 'ലോട്ടറി"

ധനപരമായ സുരക്ഷിതത്വത്തോടെ സാമ്പത്തിക വളർച്ച നിലനിറുത്തുക എന്നതിന് സർക്കാർ നൽകുന്ന മുന്തിയ പരിഗണന തുടരാനാണ് എല്ലാ സാദ്ധ്യതയും. ഇടക്കാല ബഡ്‌ജറ്റിൽ വാഗ്ദാനം ചെയ്ത പ്രകാരം ധനകമ്മി കുറയ്‌ക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ധനമന്ത്രി വിട്ടുവീഴ്ച ചെയ്യുമെന്നു കരുതാൻ വയ്യ. പ്രതീക്ഷിച്ചതിലും ഉയർന്ന ജി.ഡി.പി വളർച്ചയ്ക്കും ആകർഷകമായ നികുതി വരുമാന വളർച്ചയ്ക്കും പുറമേ,​ സർക്കാരിന് ആർ.ബി.ഐയിൽ നിന്ന് അപ്രതീക്ഷിതമായൊരു സൗഭാഗ്യം വീണുകിട്ടി! 2025 സാമ്പത്തിക വർഷത്തേക്ക് സർക്കാരിന് ആർ.ബി.ഐ കൈമാറിയ 2.1 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം ഇടക്കാല ബഡ്‌ജറ്റിൽ കണക്കാക്കിയതിനേക്കാൾ ഒരുലക്ഷം കോടിയോളം കൂടുതലാണ്. ധനകമ്മി കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ ഇതിലൂടെ ധനമന്ത്രിക്ക് വേഗത്തിൽ കഴിയും. 2025,​ 2026 സാമ്പത്തിക വർഷങ്ങളിലെ ധനകമ്മി ലക്ഷ്യമായ ജി.ഡി.പിയുടെ യഥാക്രമം 5.1 ശതമാനം, 4.5 ശതമാനം എന്നത് എളുപ്പത്തിൽ സാക്ഷാത്കരിക്കാവുന്നതാണ്. 2025 സാമ്പത്തിക വർഷത്തേക്കുള്ള ധനകമ്മി ലക്ഷ്യം കുറയ്ക്കാനും ഇടയുണ്ട്.


ധനകമ്മി കുറയ്ക്കുന്ന കാര്യം അതീവ ഗൗരവത്തോടെയാണ് മന്ത്രി കണക്കിലെടുത്തിട്ടുള്ളത്. അതിനാൽ, അധിക വരുമാനത്തിന്റെ ഒരു ഭാഗം ഇതിന് നീക്കിവച്ചേക്കും. അധിക വരുമാനത്തിന്റെ മറ്റൊരു ഭാഗം ഇടത്തരക്കാർക്കുള്ള ആദായനികുതി ഇളവിനായി ഉപയോഗിച്ചേക്കാം. ബി.ജെ.പിക്ക് ശക്തമായ പിന്തുണ നൽകുന്ന മദ്ധ്യവർഗ അടിത്തറ ശക്തിപ്പെടുത്താനും ഭക്ഷ്യ വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാനും ഈ അവസരം ഉപയോഗിക്കാനും ഇടയുണ്ട്. ഇളവുകൾ ഒഴിവാക്കി,​ നികുതി നിരക്കുകൾ കുറച്ചുകൊണ്ടുള്ള പുതിയ ആദായ നികുതി ഘടനയിലൂടെയാവും ധനമന്ത്രി നികുതി ആശ്വാസം നൽകുക. നിലവിലുള്ള നികുതിയിളവു പരിധി വർദ്ധിപ്പിക്കാനും നിരക്കുകൾ കുറയ്ക്കാനും ഇടയുണ്ട്.

പദ്ധതികൾക്ക്

അധിക വിഹിതം

പാവപ്പെട്ടവരുടെ ക്ഷേമത്തിന് സർക്കാർ നൽകുന്ന മുൻഗണന തുടരും. പി.എം ആവാസ് യോജനയ്ക്ക് വലിയ തോതിൽ പണം വകയിരുത്തുകയും,​ ചെറുകിട ഭവന പദ്ധതികൾ വ്യാപകമാക്കുകയും ചെയ്യും. പി.എം ആവാസ് യോജനയ്ക്കു കീഴിൽ മൂന്നു കോടി വീടുകൾ കൂടുതലായി നിർമ്മിക്കാനുള്ള തീരുമാനമാണ് എൻ.ഡി.എ- 3.0 സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ ആദ്യം കൈക്കൊണ്ട നടപടികളിലൊന്ന്. എൻ.ഡി.എ സർക്കാരിന്റെ മുൻ വർഷങ്ങളിലെ പ്രധാന പദ്ധതികളായ ആയുഷ്‌മാൻ ഭാരത്, എല്ലാ വീട്ടിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി എന്നിവയ്ക്കുള്ള ബഡ്‌ജറ്റ് വിഹിതം ഇനിയും വർദ്ധിപ്പിക്കും.

80 കോടി ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് 2024 സാമ്പത്തിക വർഷം 2.12 ലക്ഷം കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി നൽകേണ്ടിവന്നിട്ടുണ്ട്. 2025 സാമ്പത്തിക വർഷം ഈ തുക ഒമ്പതു ശതമാനത്തോളം വർദ്ധിക്കും. ബഡ്‌ജജറ്റിൽ പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിക്കാനിടയുണ്ട്. ചുരുക്കത്തിൽ, ബഡ്‌ജറ്റ് വളർച്ചോന്മുഖമാവും. മദ്ധ്യവർഗത്തിന് നികുതിയിളവും പുതിയ ക്ഷേമപദ്ധതികളും കണ്ടേക്കാം. നല്ല രാഷ്ട്രീയവും നല്ല സമ്പദ്ശാസ്ത്രവും സംയോജിപ്പിക്കുന്നതിന് അനുകൂലമാണ് സാഹചര്യം.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.