ആർ ആർ ആർ നേടിയ ചരിത്ര വിജയത്തിനുശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് വില്ലനായി എത്തുമെന്ന് റിപ്പോർട്ട്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തമായ വിജയേന്ദ്ര പ്രസാദിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പതിവ് വില്ലൻ വേഷം പോലെയല്ലാത്ത കഥാപാത്രമാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്.
പുരാണത്തിലെ ഹനുമാന്റെ സ്വഭാവ സവിശേഷതകൾ നിറഞ്ഞതാണ് മഹേഷ് ബാബുവിന്റെ കഥാപാത്രം. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അതീവരഹസ്യമായി അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുകയാണ്. ഹോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് നിർമ്മാതാക്കൾ. ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കും.
ബാഹുബലി, അർ ആർ ആർ എന്നീ ചിത്രങ്ങൾ എസ് എസ് രാജമൗലി എന്ന സംവിധായകനെ ലോക സിനിമയുടെ പ്രശസ്തിയിൽ കൊണ്ട് എത്തിച്ചു. രാജമൗലിയും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ആദ്യമായി ഒരുമിക്കുന്നതിനാൽ ആരാധകരും ആവേശത്തിലാണ്.
അതേസമയം, മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഗുജറാത്തിൽ പുരോഗമിക്കുന്നു. തൊടുപുഴയിൽ തരുൺ മൂർത്തി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാൽ എമ്പുരാന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ ഭാഗങ്ങൾ പൂർത്തിയായി. ഗുജറാത്തിലെ ചിത്രീകരണത്തിനുശേഷം പത്തു ദിവസം അബുദാബിയിലും എമ്പുരാന് ചിത്രീകരണമുണ്ട്. ഒരു മാസം മോഹൻലാൽ എമ്പുരാന്റെ ചിത്രീകരണത്തിൽ പങ്കെടുക്കും. മോഹൻലാലിന്റെ രംഗങ്ങൾ ഈ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |