തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും, അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ മഴ തുടരുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |