തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നേതാക്കൾക്ക് എതിരെ രൂക്ഷവിമർശനമുയർത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കൾക്ക് ധാർഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവർത്തകരുടെയും പേരുമാറ്റം മോശമാണെന്നും അവലോകന റിപ്പോർട്ടിൽ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോൺഗ്രസും സോഷ്യൽ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോൾ സി.പി.എം നിലവാരം പുലർത്തിയില്ല. സോഷ്യൽ മീഡിയ ഇടപെടൽ രീതി പുനഃപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.
ജനമനസ് മനസിലാക്കുന്നതിൽ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടർമാരുടെ മനോഭാവത്തിലെ മാറ്റങ്ങൾ ഒഴിവാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് മുൻമന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എത്ര തരംഗം ഉണ്ടെന്ന് മനസിലാക്കാനായില്ലെന്നും സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവത്‌ബന്ധം നഷ്ടമായെന്നും തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ കുഴപ്പം അല്ല പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണ് പരാജയത്തിന്റെ കാരണമെന്ന് ഐസക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |