അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ നടൻ ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം എന്ന സിനിമയുടെ സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചിരുന്നു. സിനിമയിൽ മമ്മൂട്ടി അവിസ്മരണീയമാക്കിയ കൊടുമൺ പോറ്റിയുടെ വേഷവിധാനത്തിലായിരുന്നു ടിനി എത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിലടക്കം ടിനിക്കെതിരെ പരിഹാസവർഷമായിരുന്നു. സിനിമാ രംഗത്തു നിന്നുള്ളവർ പോലും ട്രോളുമായി എത്തി.
ഇപ്പോഴിതാ മറ്റൊരു വിവരം കൂടി എത്തിയിരിക്കുകയാണ്. സ്കിറ്റിന് ശേഷം സാക്ഷാൽ മമ്മൂട്ടി തന്നെ ടിനിയേയും ടീമിനേയും അഭിനന്ദിക്കാൻ എത്തിയിരുന്നു. ''ഇതിലും വലിയ എന്ത് അംഗീകാരമാണ് അയാൾക്കിനി ലഭിക്കാനുള്ളത്'' എന്നാണ് ദി സിനിഫൈൽ എന്ന സോഷ്യൽ മീഡിയ കൂട്ടായമ്യിൽ ചിത്രം പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം-
''ടിനി ടോം അവതരിപ്പിച്ച ഭ്രമ യുഗം സ്പൂഫ് സ്കിറ്റിന്റെ വീഡിയോ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിലെ കുറെ ബുദ്ധിജീവികൾ ട്രോളുകളിറക്കിയും ടിനി ചേട്ടനെ പരിഹസിച്ചും പുളകം കൊള്ളുകയാണ്.
നിങ്ങളെത്ര വേണമെങ്കിലും ട്രോളിക്കോളൂ.
മതിയാവോളം പരിഹസിച്ചോളൂ.
എന്നാൽ ഒരു കാര്യവുമില്ലാതെ ഒരാളെ വാക്കുകൾ കൊണ്ട് തേജോവധം ചെയ്യുമ്പോൾ നിങ്ങളൊന്നോർക്കണം
അഖിൽ മാരാർ പറഞ്ഞത് പോലെ കൂക്കു വിളികളും കളിയാക്കലുകളും കയ്യടികളായി മാറുന്ന ഒരു സമയമുണ്ടാവും.
ആ സമയമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.
ട്രോളുകൾക്കും കളിയാക്കലുകൾക്കും വിട..
ഭ്രമയുഗം സ്കിറ്റ് കണ്ട് പ്രോഗ്രാമിന് ശേഷം സാക്ഷാൽ മമ്മൂക്ക തന്നെ ടിനി ടോമിനെയും ടീമിനെയും അഭിനന്ദിച്ചിരിക്കുന്നു.
ഇതിലും വലിയ എന്ത് അംഗീകാരമാണ് അയാൾക്കിനി ലഭിക്കാനുള്ളത്... ?
സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ല''.
പരിഹാസങ്ങൾക്ക് മറുപടിയുമായി ടിനിയും എത്തിയിരുന്നു. ''മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയ്യാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു അത്. മമ്മൂക്കയും സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം വന്ന് അഭിനന്ദിച്ചു. മമ്മൂട്ടിയുടെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമണ്‍ പോറ്റിയായി എന്നെ ഒരുക്കിയത്''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |