ആലപ്പുഴ: കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പെൺകുട്ടി വീണുമരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കരിയിലക്കുളങ്ങരയിലായിരുന്നു സംഭവം. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെ മകൾ ലേഖയാണ് മുങ്ങിമരിച്ചത്. വീടിന്സമീപമുള്ള കുളത്തിൽ ചൂണ്ടയിടുകയായിരുന്നു ലേഖ. ഇതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. പെൺകുട്ടിയ്ക്ക് നീന്തലറിയില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്ളസ് ടുവിന് ശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയിരുന്നു പെൺകുട്ടി.
അതേസമയം, കണ്ണൂരിൽ മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ജൂൺ 29ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
മൂന്നു കുട്ടികളാണ് ഇവിടെ എത്തിയത്. ഇതിൽ ആമിറും ആദിലുമാണ് കുളിക്കാൻ ഇറങ്ങിയത്. ഇരുവരെയും കാണാതായപ്പോൾ കരയിലിരിക്കുകയായിരുന്ന കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |