SignIn
Kerala Kaumudi Online
Monday, 29 July 2024 7.48 PM IST

ഗുരുക്കളെ വീഴ്ത്താൻ  ഇൻസൈഡ് ക്ഷുദ്രന്മാർ

k-sudhakaran

ബ്രണ്ണൻ കോളേജ് മുതലുള്ള സകല കളരികളിലും പയറ്റിത്തെളിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കളെ നേരിട്ടൊരു അങ്കത്തിൽ മലർത്തിയടിക്കാൻ കെൽപ്പില്ലാത്ത ചിലർ കടുത്ത ക്ഷുദ്രപ്രയോഗങ്ങൾ നടത്തിയത് മലയാളക്കരയെ ഞെട്ടിച്ചുകളഞ്ഞു. കള്ളച്ചുവടുകൾ വച്ചും കുതികാൽവെട്ടിയും വീഴ്ത്താൻ ശ്രമിച്ചവരെയൊക്കെ പൂഴിക്കടകനിലൂടെ പറപ്പിച്ച ചരിത്രമുള്ള ഗുരുക്കളുടെ ശരീരത്തിലെ സ്‌പെയർപാർട്‌സുകൾ മാരകപ്രയോഗങ്ങളിലൂടെ തകർത്തുകളയാനായിരുന്നു പരിപാടിയെങ്കിലും കൃത്യസമയത്ത് കണ്ടെത്തിയതിനാൽ രക്ഷപ്പെട്ടു. ഭൂമിക്കടിയിലെ പ്രയോഗങ്ങൾ പോലും ദിവ്യദൃഷ്ടിയിൽ കാണാൻ കഴിവുള്ള കാസർകോട്ടെ രാജയോഗമുള്ള ഉണ്ണിത്താൻ ഗുരുക്കളാണ് രക്ഷിച്ചത്. ചുട്ടകോഴിയെയും ആടിനെയുമെല്ലാം പറപ്പിക്കുന്ന മന്ത്രവാദികളെ മൂപ്പരെത്തിക്കുകയും സുധാകരഗുരുക്കളുടെ പറമ്പിൽനിന്ന് കോഴിത്തലകൾ, ചെമ്പുതകിടുകൾ, ആൾരൂപങ്ങൾ, അടച്ചുഭദ്രമാക്കിയ കുപ്പികൾ എന്നിവ മാന്തിയെടുക്കുകയും ചെയ്തു. കുപ്പിയിൽ കോഴികളുടെ ആത്മാക്കളെ ബന്ധിച്ചിരുന്നതായാണ് വിവരം. കോഴികൾ കാഴ്ചയിൽ നിസാരന്മാരാണെങ്കിലും പ്രേതങ്ങളായാൽ വലിയ പ്രശ്‌നക്കാരാണത്രേ. ചികയുന്ന സ്വഭാവമായതിനാൽ, ദേഹത്ത് കടന്നുകൂടി ചിക്കിച്ചികഞ്ഞ് ഇക്കിളിയിട്ട് ചിരിപ്പിച്ച് കഥകഴിക്കും. കുപ്പി പൊട്ടുകയോ മൂടി തുറക്കുകയോ ചെയ്യാതിരുന്നതിനാൽ കോൺഗ്രസ് പാർട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
സുധാകർജിയുടെ വീട്ടിലെ ഒരാൾ പൊക്കമുള്ള മതിൽ ചാടിക്കടന്നെത്തി നട്ടപ്പാതിരായ്ക്ക് കൂടോത്രം ചെയ്തവർ നിസാരന്മാരല്ല. കെ.പി.സി.സി ഓഫീസിൽ പ്രസിഡന്റിന്റെ കസേരയുടെ താഴെനിന്നും ചില സംഗതികൾ കിട്ടിയതും ഗൗരവം വർദ്ധിപ്പിക്കുന്നു. കുറേനാളായി ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നുവെന്ന് സുധാകർജി വെളിപ്പെടുത്തിയതിൽനിന്നു തന്നെ പ്രയോഗം മാരകമായിരുന്നെന്ന് ഉറപ്പിക്കാം. കൈകാലുകൾ തളർത്താനും തല തകർക്കാനും ഇവയുടെ രൂപങ്ങൾ കൂടോത്രക്കുഴിയിൽ ഉണ്ടായിരുന്നു. വിട്ടുമാറാത്ത തലവേദനയുടെ കാര്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് ഉണ്ണിത്താൻ ജിയോട് പറയുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് പ്രയോഗം നടത്തിയതെന്നു വ്യക്തം. കൂടോത്രത്തിന്റെ കിടപ്പും മന്ത്രവാദി വന്ന രീതിയും വച്ചുനോക്കുമ്പോൾ സഖാക്കളോ സംഘികളോ അല്ലെന്ന് സുധാകർജിക്ക് ഉറപ്പുണ്ട്. അതിലേറെ ഉറപ്പ് ഉണ്ണിത്താൻജിക്കും ഉണ്ട്.

കെ.പി.സി.സി ഓഫീസിൽ പ്രസിഡന്റ് ഇല്ലാത്തസമയം നോക്കി വരണമെങ്കിൽ അടുത്തറിയാവുന്ന ആരോ ആണ്. വിവരങ്ങൾ ചോർത്തിക്കൊടുക്കാൻ ഓഫീസിലും ചാരന്മാരുണ്ടെന്നു ചുരുക്കം. ആളെ ഏതാണ്ട് പിടികിട്ടിയെങ്കിലും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡൽഹിയിൽ പോയി ഹൈക്കമാൻഡിനെ രഹസ്യമായി അറിയിച്ച് ഒന്നു പൊട്ടിക്കരഞ്ഞാൽ എല്ലാ സങ്കടങ്ങളും മാറും. കൈയും കാലും തലയും ഉഷാറായാലുടൻ പുറപ്പെടും. സഖാക്കളേക്കാളും സംഘികളേക്കാളും ഭീകരന്മാരാണ് കോൺഗ്രസിലെ മാന്ത്രികന്മാരെന്ന് എല്ലാ നേതാക്കൻമാർക്കും അറിയാം. കേരളത്തിലെ കൂടോത്രത്തിന്റെ ശക്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ബോദ്ധ്യപ്പെട്ടതാണ്. കർണാടക സർക്കാരിനെ അട്ടിമറിക്കാൻ കണ്ണൂരിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് രാജകണ്ടക, മരണ മോഹന സ്തംഭന യാഗങ്ങൾ നടത്തിയെന്ന് ഡി.കെ. ശിവകുമാറാണ് കണ്ടെത്തിയത്. പേരിൽനിന്നു തന്നെ എന്തോ കനപ്പെട്ട സംഗതിയാണെന്നു മനസിലാക്കാം. ഇരുപത്തിയൊന്ന് വീതം ചുവന്ന ആടുകൾ, കറുത്ത ആടുകൾ, മൂന്ന് എരുമകൾ, അഞ്ച് പന്നികൾ എന്നിവയെ ബലിനൽകിയെന്നും ഫ്രൈയായും മപ്പാസായും ബിരിയാണിയായും ഇവ പുനർജനിച്ചെന്നുമാണ് വിവരം. ജനതാദൾ നേതാവ് ദേവഗൗഡയും ബി.ജെ.പി നേതാവ് യെദിയൂരപ്പയും അറിയാതെ സംഗതി നടക്കില്ലെന്നാണ് അന്ന് ഡി.കെ. ശിവകുമാർ പറഞ്ഞത്. പക്കമേളക്കാരായി കേരളത്തിലെ ചില കോൺഗ്രസുകാരും ഉണ്ടായിരുന്നെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇപ്പോഴത് ബോദ്ധ്യമായി.

ഒരു ഗ്ലാസ് ബോൺവിറ്റ

വിത്ത് കൂടോത്രം!

വി.എം.സുധീരനടക്കമുള്ളവർ കൂടോത്രം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന സത്യവും പുറത്തുവന്നു. വാഴച്ചുവട്ടിലും മൺകലത്തിലും ബോൺവിറ്റ കുപ്പിയിലുമൊക്കെ വെറൈറ്റി പ്രയോഗങ്ങൾ കിട്ടിയാൽ എങ്ങനെ കരയാതിരിക്കും!. ബോൺവിറ്റയിട്ട കാപ്പി എത്രപേർക്ക് കൊടുത്തുകാണും,​ ആരൊക്കെ കുടിച്ചുകാണും എന്നോർത്ത് ഒരുപാട് കോൺഗ്രസുകാർ ഞെട്ടിവിറച്ചിരിക്കുകയാണ്. കണ്ണുതെറ്റിയാൽ കുടിവെള്ളത്തിലും കോഴിമുട്ടയിലും കൂടോത്രം നടത്തുന്നതിനാൽ നേതാക്കൾ ആശങ്കയിലാണ്. സംഗതി ഉള്ളിൽ ചെന്നാൽ രക്ഷയില്ല. കിഡ്‌നിയും ലിവറുമടക്കം അടിച്ചുപോകുമത്രേ. അതുകൊണ്ടുതന്നെ യൂത്തന്മാരടക്കം പലരും മുട്ടയോ മുട്ടചേർത്ത ഐറ്റംസോ കഴിക്കുന്നില്ല. ദോശയും ചമ്മന്തിയും മുളകുചാറും ഓംലറ്റും എന്ന തട്ടുകടയിലെ 'ഐക്യമുന്നണി"പോലും പൊളിഞ്ഞുപോയി.

കോൺഗ്രസിന്റെ

രാജയോഗം

രാജ്‌മോഹൻ ഉണ്ണിത്താൻ ഉള്ളതുകൊണ്ടു മാത്രമാണ് കോൺഗ്രസ് നേതാക്കൾ ജീവൻപോകാതെ പിടിച്ചുനിൽക്കുന്നത്. ചെറിയൊരു മാന്ത്രികൻ കൂടിയായ ഉണ്ണിത്താന്റെ കസ്റ്റഡിയിൽ കേമന്മാരായ മന്ത്രവാദികളുണ്ട്. അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണെന്ന് അസൂയാലുക്കൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയല്ല. എന്നാൽ ഇവരുമായുള്ള സഹവാസംകൊണ്ട് ചില അദ്ഭുത സിദ്ധികൾ ആദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്. കെ.പി.സി.സി പ്രസിഡന്റിന് പഴയ ചുറുചുറുക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞ ഉണ്ണിത്താൻ തക്കസമയത്ത് ഇടപെടുകയായിരുന്നു. ക്ഷുദ്രകർമ്മങ്ങൾകൊണ്ട് ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ധൈര്യമായി ഉണ്ണിത്താനെ വിളിക്കാം. പറ്റിയ മന്ത്രവാദികളുമായി അദ്ദേഹമെത്തും. 'എവിടെ കൂടോത്രമുണ്ടോ, അവിടെ ഉണ്ണിത്താനുണ്ട്" എന്നൊരു ചൊല്ല് കോൺഗ്രസിലുണ്ട്. കോൺഗ്രസിന്റെ ഈ രക്ഷകനെ പലരും തിരിച്ചറിയാൻ വൈകി. ബോംബുകൾക്ക് പഞ്ഞമില്ലാത്ത കണ്ണൂരിൽ കൂടോത്രവും വ്യാപകമാവുന്നതിൽ സംഘികൾക്കും സഖാക്കൾക്കും ആശങ്കയുണ്ട്. ബോംബുകൾ തോൽക്കുന്നിടത്ത് കൂടോത്രം വിജയിക്കും. ബോംബുണ്ടാക്കാനും എറിയാനുമുള്ള റിസ്‌ക്ക് കൂടോത്രത്തിനില്ല. ശരീരത്തിനകത്ത് ചെന്നാൽ സകല നട്ടുംബോൾട്ടും ലൂസായി കിടന്നുപോകും.

രക്തസാക്ഷികളുടെ

ചിറകടി വിപണിയിൽ

കൂടോത്രം കൂടിയതോടെ കോഴിയുടെ വിലയും കൂടിയെന്നാണ് വിപണിയിൽ നിന്നുള്ള വിവരം. കോഴിയുടെ തല ശത്രുവിനായി മണ്ണിലും ഫുൾബോഡി മന്ത്രവാദിയുടെ ദേഹത്തും വിലയം പ്രാപിക്കുന്നു. നാടൻ കോഴിയോടും കരിങ്കോഴിയോടുമാണ് മന്ത്രവാദികൾക്ക് താത്പര്യമെങ്കിലും കിട്ടാനില്ലാത്തതിനാൽ ബ്രോയിലർ കോഴിയിൽ അഡ്ജസ്റ്റ് ചെയ്യും. എണ്ണം കൂടുമെന്നുമാത്രം. എന്തിനുമുണ്ട് ബദൽമാർഗം. പക്ഷിപ്പനിമൂലം കോഴി കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് എത്തിക്കുന്നത്. മുട്ടയിട്ട് പെൻഷൻപറ്റിയ കോഴികളെ കളറടിച്ച് ചെറുപ്പക്കാരാക്കി മന്ത്രവാദികളെ പറ്റിക്കുന്ന ബ്രോക്കർമാരുമുണ്ട്. ലക്ഷണമൊത്ത കോഴിയല്ലെങ്കിൽ ഫലസിദ്ധി കുറയും.

കൂട്ടത്തോൽവി

ആസൂത്രിതം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്കു കാരണം കോൺഗ്രസുകാരുടെ ക്ഷുദ്രപ്രയോഗമാണെന്ന് സംശയം സഖാക്കളിൽ ബലപ്പെടുകയാണ്. ഇതുപോലെ തോൽക്കണമെങ്കിൽ വോട്ടർമാർ മാത്രമല്ല കാരണക്കാരെന്ന താത്വിക അവലോകം നേതാക്കളിൽ ചിലർ നടത്തിയെന്നാണ് വിവരം. വടിവാളും എസ്-കത്തിയും സ്റ്റീൽബോംബും തോൽക്കുന്നിടത്ത് കൂടോത്രം വിജയിച്ചാൽ അതൊരു വലിയകാര്യമാണ്. രക്തരഹിതവിപ്ലവമായി വ്യാഖ്യാനിക്കുകയും ചെയ്യാം. മാർഗമല്ല, ലക്ഷ്യമാണ് വലുതെന്നു വിശ്വസിക്കുന്ന പ്രസ്ഥാനമായതിനാൽ വഴിമാറി സഞ്ചരിക്കുന്നതിൽ തെറ്റില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.