മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിലിറങ്ങിയ ദേവദൂതൻ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 24 വർഷങ്ങൾക്ക് ശേഷം റീ റീലിസീന് തയ്യാറെടുക്കുകയാണ് . ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടസിനിമകളിൽ ഒന്നാണ് ദേവദൂതനെന്ന് മോഹൻലാൽ പറഞ്ഞു. എന്ത് കൊണ്ട് ഈ സിനിമ അന്ന് ഓടിയില്ല എന്ന് ചോദിച്ചാൽ ഇത് കാലം തെറ്റിവന്നതാകാം, അന്ന് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നത് മനസിലായിക്കാണില്ല. ഒരു പക്ഷേ ഈ സിനിമ മറ്റ് ഏതെങ്കിലും സിനിമയോടൊപ്പം ഇറങ്ങിയതുകൊണ്ടാകാം, അല്ലെങ്കിൽ ഈ സിനിമയുടെ പേസ് ആൾക്കാരിൽ എത്താൻ സാധിച്ചു കാണില്ല. മോഹൻലാൽ പറഞ്ഞു.
ദേവദൂതൻ എന്ന സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരോട് എന്തോ പറയാൻ ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് ഇത്രകാലം ലാബിൽ ഇരുന്നിട്ടും അത് നശിച്ചുപോകാത്തതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദേവദൂതൻ റീറിലീസ് ചെയ്യുന്ന കാര്യം ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ പറഞ്ഞപ്പോൾ സിനിമ ഇപ്പോഴും കേടുപാടുകൾ കൂടാതെ ഇരിപ്പുണ്ടോ എന്ന് അതിശയത്തോടെയാണ് താൻ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു കാരണം 24 വർഷം കഴിയുമ്പോൾ ഈ സിനിമ ലാബിൽ നിന്നൊക്കെ നഷ്ടപ്പെട്ടുപോകാം. പക്ഷേ, ആ സിനിമയുടെ പ്രിന്റ് പ്രസാദിൽ ഉണ്ടായിരുന്നു. ഒരു പാട് സിനിമകളുടെ പ്രിന്റ് ഇപ്പോ ഇല്ല. അതെല്ലാം നേരെ ചൊവ്വേ സംരക്ഷിക്കാത്തതിനാൽ നഷ്ടപ്പെട്ടുപോയി. അതു കൊണ്ടുതന്നെ ഈ സിനിമയ്ക്ക് ഒരു ഭാഗ്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതിൽ പറയുന്നത് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ മനസിലാക്കുന്നു, ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട്. മോഹൻലാൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |