SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.11 AM IST

പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ്: ഇടുക്കിയ്ക്ക് നഷ്ടമായത് അഞ്ചരക്കോടി

online

മലയോര ജില്ലയായ ഇടുക്കി ഓൺലൈൻ തട്ടിപ്പുകാരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ജില്ലയിൽ നിന്ന് ഇതുവരെ കവർന്നത് 5,54,64,779 രൂപ. ഈ വർഷം ഇതുവരെ 55 ഓൺലൈൻ തട്ടിപ്പുകളിൽ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 52 കേസുകളായിരുന്നു. വാട്സ്ആപ്പിലും ഇ- മെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഓൺലൈൻ തട്ടിപ്പ് ട്രേഡിംഗുകളിൽ തുടക്കത്തിൽ ലാഭം ലഭിക്കും. തുടർന്ന് വലിയ തുക മുടക്കുതോടെ ആപ്പും സൈറ്റുമൊക്കെ പ്രവൃത്തിക്കാതെയാകും. അതുവരെ വിളിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ നിശ്ചലമാകും. ഇതാണ് കൂടുതൽ കുപ്രചാരം ലഭിച്ച തട്ടിപ്പ് രീതി. മയക്കുമരുന്ന് അടങ്ങിയ കൊറിയർ പിടിച്ചിട്ടുണ്ട്. പ്രതി ചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണമെന്ന രീതിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരത്തിൽ തൊടുപുഴയിൽ ഒരു സ്ത്രീക്ക് വലിയ തുക നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യൂണിഫോം ധരിച്ച വ്യക്തി വീഡിയോ കോളിൽ വന്നാകും ഇത്തരത്തിൽ സന്ദേശം നൽകുക.


വിവിധ ഓൺലൈൻ തട്ടിപ്പുകൾ

(1) വാട്സാപ്പ്, ഇ- മെയിൽ, ഫോൺ കാൾ, എസ്.എം.എസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാന തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കും. തുടർന്ന് നിശ്ചിത തുക സർവീസ് ചാർജ് എന്ന വ്യാജേന ഇരകളിൽ നിന്ന് കൈപ്പറ്റും. സമ്മാന തുക ലഭിക്കില്ല.

(2) സ്പാം ഇ- മെയിൽ, ഓൺലൈൻ പരസ്യങ്ങൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ വഴി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളുണ്ട്. ഇത് വിശ്വസിച്ച് നിക്ഷേപിക്കുന്നവരുടെ കൈയിലുള്ള പണം തട്ടിയെടുക്കും.

(3) പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, കൊറിയർ കമ്പനി പ്രതിനിധികൾ എന്ന വ്യാജേന ബന്ധപ്പെട്ട ശേഷം നമുക്ക് വന്ന പാഴ്സലുകളിൽ നിന്ന് മയക്കുമരുന്നോ നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്തിയെന്ന് പറയും. കേസിൽ നിന്ന് രക്ഷപ്പെടാൻ പണം ആവശ്യപ്പെടും.

(4) ചുരുങ്ങിയ വിവരങ്ങൾ നൽകി വേഗത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുണ്ട്. ലോൺ ലഭിക്കുന്നതിന് വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങളും മറ്റും ആവശ്യപെടും. ഈ ആപ്പുകളിൽ പലതും അമിത പലിശ നിരക്കുകളോ മറ്റ് ഫീസുകളോ ഈടാക്കും. വായ്പയെടുത്തവർ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾ കൈക്കലാക്കിയ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തലും ഭീഷണിയുമുൾപ്പെടെ പല തന്ത്രങ്ങളും തട്ടിപ്പുകാർ നടത്തും.

(5) കെ.വൈ.സി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പുതുക്കൽ/ കാലഹരണപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെടും. തുടർന്ന് പല മാർഗങ്ങളിലൂടെ (റിമോട്ട് അക്സസ്സ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. സോഷ്യൽ എൻജിനിയറിംഗ്, ഫിഷിംഗ്) നമ്മുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ കൈക്കലാക്കി പണം തട്ടിയെടുക്കും.

(6) ലൈംഗിക പ്രവൃത്തികളുടെയോ ചേഷ്ടകളുടെയോ തെളിവുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ, ലൈംഗിക ആനുകൂല്യങ്ങളോ തട്ടിയെടുക്കുന്നുണ്ട്.

(7) വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, ഗൂഗിൾ സെർച്ച് റിസൾട്ട് എന്നിവയിൽ വ്യാജ കസ്റ്റമർ സപ്പോർട്ട് ഫോൺ നമ്പറുകൾ നൽകും. കസ്റ്റമർ സേവനത്തിനായി ഇന്റർനെറ്റിൽ തിരയുന്നവർ ഈ വ്യാജടീമുകളുമായി ബന്ധപ്പെടും. അവരുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ പണം നഷ്ടപ്പെടും.

(8) വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും മാട്രിമോണിയൽ ആപ്ലിക്കേഷനുകളിലും സോഷ്യൽ മീഡിയ വഴിയും ബന്ധപ്പെടും. വിശ്വാസം നേടിയെടുത്തതിനുശേഷം അന്താരാഷ്ട്ര പാഴ്സലുകൾ വഴി വിലയേറിയ സമ്മാനങ്ങൾ അയക്കുമെന്ന് വാഗ്ദാനം നൽകുന്നു. അതിനു ശേഷം പാഴ്സൽ അയച്ചെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ഫീസ് ആവശ്യമാണെന്ന് പറയും. വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരയെ ബന്ധപ്പെടും. ഒരു നിർദ്ദിഷ്ട അക്കൗണ്ടിലേക്ക് പണം അയപ്പിക്കും. ഇതോടെ തട്ടിപ്പുകാരൻ അപ്രത്യക്ഷനാകും.

(9) വ്യാജ വെബ്‌സൈറ്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സോഷ്യൽ മീഡിയ തുടങ്ങിയവ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പരസ്യം ചെയ്യും. ജോലി അന്വേഷിച്ചു വരുന്നവർ, ഈ വ്യാജ ഓഫറുകളിലൂടെ കടന്നുപോകുകയും സൈബർ ക്രിമിനലിനെ ബന്ധപ്പെടുകയും ചെയ്യും. തട്ടിപ്പുകാരന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പണം നൽകിയാൽ സൈബർ കുറ്റകൃത്യത്തിന് ഇരയാകും.

(10) വ്യാജ ഷോപ്പിംഗ് വെബ്‌സൈറ്റിലൂടെ വിലകൂടിയ അല്ലെങ്കിൽ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വളരെ കുറഞ്ഞ വിലകളിൽ വ്യാജ ഓഫറുകൾ നൽകും. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളിലൂടെ സൈറ്റിനെ ജനപ്രിയമാക്കും. ഉത്പന്നങ്ങൾ വാങ്ങാൻ ഇരകൾ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് യു.പി.ഐ വഴിയോ ഓൺലൈൻ ബാങ്കിംഗ് വഴിയോ പണമടച്ചാൽ സാധനം കിട്ടാതെ വഞ്ചിക്കപ്പെടും.

(11) തട്ടിപ്പുകാർ ബാങ്കുകളുടെയോ മറ്റു വിശ്വസിനീയ സ്ഥാപനങ്ങളുടെയോ സാങ്കേതിക സഹായം നൽകുന്ന ടീം ആണെന്ന വ്യാജേന ഇരകളെ ബന്ധപ്പെടും. ഇരകളുടെ ഫോണുകളിലേക്ക് റിമോട്ട് ആക്സസ് ലഭ്യമാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ തന്ത്രപരമായി ഇൻസ്റ്റാൾ ചെയ്യിക്കും. അതിനു ശേഷം ഇരയുടെ സ്വകാര്യ ലോഗിൻ ക്രെഡൻഷ്യലുകളും ബാങ്കിംഗ് വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ സ്വന്തമാക്കി പണം തട്ടിയെടുക്കും.

തട്ടിപ്പിനിരയായാൽ ചെയ്യേണ്ടത്

ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930ൽ അറിയിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.