SignIn
Kerala Kaumudi Online
Friday, 12 July 2024 11.49 AM IST

വിഴിഞ്ഞം; ഭാവിക്കായുള്ള കരുതൽ

vizhinjam

രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറ്റുകയും,​ സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പശ്ചാത്തല സൗകര്യ മേഖലകളിൽ വികസനത്തിന് പുതുവേഗം പകരുകയും ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'സാൻ ഫെർണാണ്ടോ" മദർഷിപ്പിനെ സ്വീകരിക്കുമ്പോൾ,​ പ്രതിസന്ധികളെ സർക്കാർ ഇച്ഛാശക്തിയോടെ നേരിട്ട് വലിയ മുന്നേറ്റം സൃഷ്ടിച്ചതിന്റെ ചരിത്രസാക്ഷ്യം കൂടിയായി അതു മാറും.

യഥാർത്ഥത്തിൽ വിഴിഞ്ഞത്തിന്റേത് ഒരു രണ്ടാം വരവിന്റെ കഥയാണ്. ഒന്നാം നൂറ്റാണ്ടിൽ പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന,​ അജ്ഞാത നാവികന്റെ യാത്രാ വിവരണത്തിൽ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. എ.ഡി രണ്ട്,​ മൂന്ന് നൂറ്റാണ്ടുകളിൽ നാവികർ ഉപയോഗിച്ചിരുന്ന പ്യൂട്ടങ്കർ ടേബിളിൽ വിഴിഞ്ഞം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന വിഴിഞ്ഞം ഒരു കാലഘട്ടത്തിനു ശേഷം വിസ്മൃതിയിലായി!

പദ്ധതി സഫലം,​

ഇനി വികസനം

ഇനി പുതിയ ചരിത്രം. 1996- ൽ അതുവരെ കടലാസിലെ വിപ്ലവം മാത്രമായിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ യാഥാർത്ഥ്യമാക്കുന്നതിന് ആദ്യ നടപടികൾ തുടങ്ങിയത് നായനാർ സർക്കാരായിരുന്നു. പിന്നീടിങ്ങോട്ട് പ്രതിസന്ധികളുടെയും അ വയെ മറികടക്കാനുള്ള പോരാട്ടങ്ങളുടെയും തുർച്ചയായിരുന്നു. അതിനെല്ലാമൊടുവിൽ,​ നിശ്ചയദാർഢ്യത്തിന്റെ സഫലമാതൃകയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായിക്കഴിഞ്ഞും തുടർവികസന ഘട്ടങ്ങളും,​ അനന്തര നടപടികളും വേഗത്തിൽ തീർക്കേണ്ടതുണ്ട്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള 10.7കി.മീറ്റർ റെയിൽവെ ലൈനിന് കേന്ദ്ര അംഗീകാരം ലഭിച്ചുകഴിഞ്ഞു. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം 9.02 കി. മീറ്റർ തുരങ്കപാത അടക്കമുള്ളതാണ് പദ്ധതി. 1402 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ഇതിൽ 198കോടി രൂപ സ്ഥലം ഏറ്റെടുക്കലിനു മാത്രമാണ്.

ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകിക്കഴിഞ്ഞു. രണ്ടായിരത്തിലധികം പേർക്ക്‌ നേരിട്ട് തൊഴിൽ ലഭിക്കുന്ന ലോജിസ്റ്റിക്ക് പാർക്ക് ആരംഭിക്കുന്നതിനുള്ള സന്നദ്ധത നിർമ്മാണ കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ തൊഴിൽ സാദ്ധ്യതകളിൽ പ്രാദേശവാസികൾക്ക് മുൻഗണന ലഭിക്കും. 50 കോടി രൂപ ചെലവിൽ അസാപ് നിർമ്മിച്ച കെട്ടിടം പൂർത്തിയാക്കി. തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനകേന്ദ്രവും ആരംഭിക്കും. 6000 കോടി രൂപ ചെലവു വരുന്ന റിങ്‌ റോഡ് പദ്ധതിയുടെയും,​ തുറമുഖം കണക്കിലെടുത്ത് നടപ്പാക്കുന്ന തലസ്ഥാന നഗര വികസന പദ്ധതിയുടെയും പ്രവർത്തനം അതിവേഗത്തിലാണ്.

തദ്ദേശത്തിന്

കരുതൽ


കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി നടപ്പാക്കുമ്പോൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ വരാതിരിക്കുന്നതിനുള്ള കരുതലും ഈ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ കരട്‌രേഖയിൽ മത്സ്യബന്ധന തൊഴിലാളികളുടെ തൊഴിൽനഷ്ടത്തിന് എട്ടുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതുവരെ 2698 പേർക്കായി 106.9 കോടി രൂപ വിതരണം ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി 7.30 കോടി ചെലവിൽ 3.30 ദശലക്ഷം ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചു നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു. പദ്ധതി പ്രദേശത്തെ ആയിരത്തിലധികം വീടുകളിൽ കണക്ഷൻ നൽകി.


വിഴിഞ്ഞം സാമൂഹ്യ ആരോഗ്യകേന്ദ്രം നൂറ് കിടക്കകളുള്ള,​ താലൂക്ക് ആശുപത്രിക്കു തുല്യമായ സൗകര്യങ്ങളോടെ ഉയർത്തുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. 11കോടി ചെലവിൽ കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രവും സമീപത്തുള്ള സ്ഥലവും കൂടി ചേർത്ത് പത്ത് കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വൃദ്ധജന സംരക്ഷണത്തിനായി കോട്ടപ്പുറത്ത് പകൽവീട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണ്. പദ്ധതി പ്രദേശത്തെ യുവജനങ്ങൾക്ക് തുറമുഖ അനുബന്ധ ജോലികളിൽ പരിശീലനത്തിനായി നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.

അന്താരാഷ്ട്ര കപ്പൽ ഗതാഗത ഭൂപടത്തിലും കടൽവഴിയുള്ള ചരക്കുനീക്കത്തിലും ശ്രദ്ധേയ സ്ഥാനം നേടാൻ പോകുന്ന പദ്ധതിയിലെ ആദ്യ ചരക്കുകപ്പലാണ് ഇന്ന് സ്വീകരിക്കപ്പെടുന്നത്. ഒന്നാംഘട്ട സൗകര്യങ്ങൾ പൂർത്തിയാകുമ്പോൾത്തന്നെ ദക്ഷിണേഷ്യയിലെ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളുടെ പട്ടികയിൽ പ്രധാന പരിഗണനാ സ്ഥാനത്തേക്ക് വിഴിഞ്ഞം എത്തിച്ചേരും. പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴിൽ സാദ്ധ്യതകളും സാമ്പത്തികനേട്ടവും ഏറ്റവും മികച്ചതായിരിക്കും. കേരളത്തിനും രാജ്യത്തിനും പുതിയൊരു വൻകിട വരുമാന സ്രോതസു കൂടിയാണ് തുറക്കപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.