സാഹസികത എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്. സാഹസിക പ്രവൃത്തികൾ ചെയ്തും അത് മറ്റുള്ളവർക്ക് പങ്കുവച്ചും ആളുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ നടത്തുന്ന പല പ്രവൃത്തികളും പലപ്പോഴും വിവാദമായി മാറുന്നതും നമ്മൾ കാണാറുണ്ട്. ഇതുപോലെ അതിസാഹസികത നിറഞ്ഞതും അടുത്തിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ വെെറലായതുമായ വിദേശ ദമ്പതികളുടെ അത്താഴ വീഡിയോ കാഴ്ചക്കാർക്ക് ഒരേസമയം കൗതുകവും അമ്പരപ്പും സമ്മാനിക്കുകയാണ്. വിവാഹം കഴിഞ്ഞയുടൻ ഒരു വെെെററ്റിക്ക് അന്തരീക്ഷത്തിൽ വച്ച് അത്താഴം കഴിക്കാൻ ദമ്പതികൾക്കൊരു മോഹം. ഉടൻ തന്നെ പറ്റിയ സ്ഥലം കണ്ടെത്തി ആകർഷകമായ വിവാഹ വസ്ത്രവും ധരിച്ച് മനസിൽ തോന്നിയ മോഹത്തെ സഫലമാക്കുന്നു. ഇരുവരുടെയും പുതിയ പരീക്ഷണം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തുന്നതും നിരവധിയാളുകളാണ്.
ഉയരമേറിയ രണ്ടു മലകളെ ബന്ധിപ്പിച്ച് കേബിൾ കാർ മാതൃകയിൽ ഒരുക്കിയ തീൻമേശ, തെട്ടുമുന്നിൽ തയാറാക്കി വച്ചിരിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം. ഇതിന് മുമ്പിൽ സമാന്തരമായി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന നവദമ്പതികൾ. ഇരുമലകളെ ബന്ധിപ്പിച്ചിട്ടുള്ള കേബിളിനു നടുവിലെത്തി ഭക്ഷണം കഴിക്കാനാണ് ഇരുവരുടെയും ശ്രമം. ഇവരെ സഹായിക്കാനായി കുറച്ചുപേർ സമീപത്തുണ്ട്. ഇത്രയുമാണ് വീഡിയോ ദൃശ്യത്തിൽ വ്യക്തമാകുന്നത്. ഒരറ്റത്തു നിന്നു പുറപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ബാലൻസ് ചെയ്തു നിൽക്കാൻ പെടാപാട് പെടുന്ന വരനെയും വീഡിയോയിൽ കാണാം. ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാകുന്ന വീഡിയോ അപൂർണ്ണമാണ്. സാഹസിക പ്രവൃത്തി ചെയ്യുമ്പോഴും ആവശ്യമായ മുൻകരുതലൊന്നും ഇരുവരും എടുത്തിട്ടില്ലെന്നതും പലരും കമന്റുകളിലൂടെ ഇരുവരെയും ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ദമ്പതികൾ ഒന്നിച്ചുള്ള സാഹസികത നിറഞ്ഞ പ്രവൃത്തിയെ അവസാനത്തെ അത്താഴം എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. വീഡിയോയുടെ ഉറവിടം അജ്ഞാതമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദമ്പതികൾ സംസാരിക്കുന്നത് റഷ്യൻ ഭാഷയായതിനാൽ റഷ്യക്കാരാണ് എന്നാണ് കരുതുന്നത്. 'ഇത് കാണുമ്പോൾ ആദ്യം മനസിൽ വരുന്ന വാക്ക് ഏതാണ്?' എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 6.9 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. ഏതായാലും നിങ്ങളുടെ അത്താഴരീതി ശരിയല്ലെന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. ആളുകൾ എന്തൊക്കെ പറഞ്ഞാലും പേടി കൂടാതെ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ സാധിച്ചോയെന്ന് ദമ്പതികൾക്ക് മാത്രമേ അറിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |