ഉള്ളൊഴുക്ക് സിനിമയോടെപ്പം ഒഴുകുകയാണ് പ്രശാന്ത് മുരളിയുടെ തോമസ്കുട്ടി. കഥാപാത്രത്തിന്റെ ഭൂമികയിലൂടെ സഞ്ചരിച്ച് അനായാസം മാറാൻ കഴിയുന്നതാണ് സവിശേഷത. നിരൂപക പ്രശംസ നേടിയ ഏദൻ ആണ് പ്രശാന്ത് മുരളിയുടെ ആദ്യ സിനിമ .അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ജാൻ .എ. മന്നിലെ ചാക്കോ എന്ന കഥാപാത്രം ബ്രേക്ക് സമ്മാനിക്കുകയും ചെയ്തു. പ്രശാന്ത് മുരളിയെ അറിയാവുന്നവരും അറിയാത്തവരും ഉള്ളൊഴുക്ക് കണ്ടവരും കാണാത്തവരും മെസേജ് അയയ്ക്കുന്നത് തുടരുന്നു. സിനിമയിൽ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളിലൂടെ യാത്ര തുടരുന്ന പ്രശാന്ത് മുരളി സംസാരിക്കുന്നു.
വില്ലൻ വേഷത്തിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ചോ?
നായകൻ , പ്രതിനായകൻ എന്നു വേർതിരിച്ചു കാണേണ്ടതില്ല. അഭിനയ സാദ്ധ്യത പ്രയോജനപ്പെടുത്താൻ എവിടെയാണോ കഴിയുക അതിൽ കേന്ദ്രീകരിക്കാനാണ് ശ്രദ്ധിക്കുക. മുമ്പ് മലയാളത്തിൽ നായകനേക്കാൾ മുകളിൽ നിൽക്കുന്ന പ്രതിനായകന്മാരെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. അഭിനയ സാദ്ധ്യത പ്രകടിപ്പിക്കാൻ കഴിയുന്നത് വില്ലനെങ്കിൽ എനിക്ക് വില്ലൻ ആകാനാണ് താല്പര്യം. ശരീരംകൊണ്ട് പെർഫോം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ വളരെ കുറവാണ്. ഉള്ളൊഴുക്കിലൂടെ അത് ലഭിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തതിലാണ് സന്തോഷം.
അക്കാഡമിക് സിനിമയോട് അടുപ്പം കൂടുതലാണോ ?
രണ്ടും ഒരേപോലെ കൊണ്ടപോകുന്നു എന്നാണ് തോന്നുന്നത്. കൊമേഴ്സ്യൽ സിനിമയാണ് പ്രേക്ഷക അംഗീകാരവും സാമ്പത്തിക നേട്ടവും ഞാൻ എന്ന അഭിനേതാവിനെ പിടിച്ചുനിറുത്തുന്നതും. കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് അഭിനയം പഠിച്ചത്. മനുഷ്യന്റെ യഥാർത്ഥമായ ഇമോഷൻസ് സന്നിവേശിക്കുന്നതാണ് എനിക്ക് പരിചിതം. ഞാൻ ഭാഗമായത് അത്തരം സംരംഭങ്ങളിലാണ്.വീണ്ടും ആ സാഹചര്യങ്ങൾ കിട്ടമ്പോൾ സന്തോഷം. അത്രയേ ഉള്ളൂ. കൊമേഴ്സ്യൽ സിനിമയിൽ കഥാപാത്രത്തിനനുസരിച്ച് റിയാലിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നു. രണ്ടിടത്തും അഭിനയം ഒരേ പോലെയാണ്. സംവിധായകന് വേണ്ടത് മനസിലാക്കി ചെയ്യുന്നു.
ഉർവശിയോടും പാർവതിയോടും ഒപ്പം അഭിനയിച്ചപ്പോൾ വെല്ലുവിളി നേരിട്ടോ?
അഭിനയിക്കുമ്പോൾ ഏതെങ്കിലുമൊരു കഥാപാത്രം മോശം പ്രകടനം കാഴ്ചവച്ചാൽ അത് മറ്റുള്ളവരെ ബാധിക്കുന്ന കാര്യമാണ്. ഒരു ഗിവ് ആൻഡ് ടേക്ക് ആണ് നടക്കുന്നത്. രണ്ടുപേരും സീനിയർ താരങ്ങളാണ്.ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. ഉർവശി അമ്മയും പാർവതിയും പ്രോത്സാഹനം നൽകി കൂടെ നിന്നു. വെല്ലുവിളിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എങ്കിലും അത് വളർന്നില്ല. കഥാപാത്രത്തിന്റെ പ്രകടനത്തിൽ മികവ് കാണാൻ സാധിക്കുന്നു എന്നതാണ് സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |