SignIn
Kerala Kaumudi Online
Tuesday, 16 July 2024 10.52 AM IST

ആരോഗ്യം സംരക്ഷിക്കാനും നിർമ്മിതബുദ്ധി

ai

മനുഷ്യനെപോലെ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാദ്ധ്യമാകുന്ന നിർമ്മിത ബുദ്ധി(എ.ഐ)​ സാങ്കേതികവിദ്യ ലോകത്തിലെ സർവ മേഖലകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. എ.ഐയുടെ ഈ കടന്നുവരവ് ആരോഗ്യരംഗത്ത് എന്തെല്ലാം വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടാക്കും. മുൻകൂട്ടിയറിയാൻ സാധിക്കുന്ന രോഗനിർണ്ണയമാണ് അതിൽ പ്രധാനം. വളരെ നേരത്തെതന്നെ രോഗം നിശ്ചയിക്കപ്പെട്ടാൽ ചികിത്സ വിജയിക്കാനുള്ള സാദ്ധ്യതയേറെയാണ്. ചികിത്സാ ചെലവും പകുതിയായി കുറയും. രോഗി എവിടെയാണെങ്കിലും നിർമ്മിതബുദ്ധി സംവിധാനങ്ങൾ രോഗനിർണ്ണയവും ചികിത്സയും ചികിത്സാനന്തര പരിചരണങ്ങളും നൽകാൻ തയാറാകുമെന്നാണ് അറിയുന്നത്. ജനിതകമായ വിവരങ്ങൾ അടക്കം സമഗ്രവസ്തുതകളും പഠിച്ചെടുത്ത് വിശകലനം ചെയ്ത് കമ്പ്യൂട്ടറിലെ ഡാറ്റയായി ഡോക്ടർക്ക് കെെമാറുന്ന നാളുകളാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. രോഗനിർണയം കൂടുതൽ കൃത്യതയാർന്നതും എളുപ്പവുമാകുമ്പോൾ സാദ്ധ്യതകൾക്കും മുൻവിധികൾക്കും സ്ഥാനമില്ല. ചികിത്സകന്റെ ജ്ഞാനവും പരിചയവുമെല്ലാം വെറും ഓർമ്മകളായേക്കും. രോഗികളുടെ ഫിസിയോളജിയും ജനിതകഘടനയും അനുസരിച്ച് ചികിത്സാ പദ്ധതികൾ മാറുമ്പോൾ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, നിർമ്മിതബുദ്ധിയ്ക്കും ചില കോട്ടങ്ങളും ഉണ്ടാകാമെന്നാണ് കരുതുന്നത്. എങ്കിലും ആധുനിക വെെദ്യത്തിലെന്ന പോലെ ആയുർവേദത്തിലും നിർമ്മിതബുദ്ധിക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ആയുർവേദത്തിന് അനന്തസാദ്ധ്യതകൾ

ബിഗ് ഡേറ്റ അനലിറ്റിക്‌സിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആയുർവേദത്തിന് വൻ മുന്നേറ്റം നടത്താനാകുമെന്നാണ് യുണൈറ്റഡ് നേഷൻസ് ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി പറയുന്നത്. വൈദ്യരത്‌നം ഗ്രൂപ്പിന്റെ സ്ഥാപക ദിനാഘോഷത്തിൽ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം സാദ്ധ്യതകൾ ചൂണ്ടിക്കാട്ടിയത്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര ശാഖയല്ല ആയുർവേദമെന്ന ആരോപണത്തെ നേരിടാൻ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗവേഷണങ്ങളിലൂടെ സാധിക്കും. ഇന്ന് ലോകത്തിലെ 93 രാജ്യങ്ങളിൽ ആയുർവേദത്തിന് പ്രചാരമുണ്ട്. 171 രാജ്യങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം പ്രചാരത്തിലുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാകുന്നു. പരമ്പരാഗത ചികിത്സ പ്രചാരത്തിലുള്ള രാജ്യങ്ങളിൽ ചികിത്സാചെലവുകൾ താരതമ്യേന കുറവാണ്. കേരളത്തിൽ പ്രായമായവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും അവരുടെ ചികിത്സ വലിയ വെല്ലുവിളിയായി മാറുകയുമാണ്. ആയുർവേദത്തിന് ഈ രംഗത്ത് വലിയ സംഭാവനകൾ നൽകാനാകും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതിയിലാണ് ആരോഗ്യരംഗത്തിന്റെ ഭാവി. ആയുർവേദം എന്നും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആയുർവേദത്തിനെ ചോദ്യം ചെയ്തു തുടങ്ങിയത് ബ്രിട്ടീഷ് അധിനിവേശ കാലത്താണെന്നും അതൊരു സാസ്‌കാരിക ആഘാതത്തിന്റെ ഭാഗമായിരുന്നെന്നും കേരള കലാമണ്ഡലം കല്പ്പിത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസും ചൂണ്ടിക്കാട്ടി. ആയുർവേദം ശാസ്ത്രമാണെന്ന തിരിച്ചറിവ് ഇന്ന് ജനങ്ങൾക്കുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ ആയുർവേദത്തിനെതിരെ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ആയുർവേദസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നുമാണ് വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ്സ് അടിവരയിട്ട് പറഞ്ഞത്. ആയുർവേദവും ആയുർവേദത്തിന്റെ അഭ്യുദയാകാംക്ഷികളുടെയും മറ്റു ശാസ്ത്രങ്ങളുടെയും പ്രകൃതിയുടെയും മൈത്രിയിലൂടെയാണ് ആയുർവേദം വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാറും ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശങ്ങളിൽ സ്വീകാര്യമാകുന്ന ആയുർവേദം

കേരളത്തിലെ ആയുർവേദചികിത്സാ കേന്ദ്രങ്ങളിലും ആയുർവേദമരുന്ന് നിർമ്മാണസ്ഥാപനങ്ങളിലും ലോകരാജ്യങ്ങളിലെ ഡോക്ടർമാർ വരെ ആയുർവേദത്തെ അറിയാനും പഠിക്കാനും ചികിത്സക്കായും എത്താറുമുണ്ട്. കേരളത്തിന്റെ ആരാേഗ്യ- വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ അളവിൽ കൈത്താങ്ങായി മാറുകയാണ് ആയുർവേദം. കൊവിഡ് കാലത്തിന് ശേഷം കേരളത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് വിദേശങ്ങളിൽ നിന്ന് വ്യാപകമായ അന്വേഷണങ്ങളുണ്ടായി. പിന്നാലെ, ധാരാളം വിദേശികളും എത്തി. ആയുർവേദത്തെക്കുറിച്ചും പരമ്പരാഗത ചികിത്സകളെക്കുറിച്ചും അറിവുനേടാനും ചികിത്സ തേടാനും താത്പര്യമുളള ആഗോള സഞ്ചാരികൾക്ക് മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമായ സ്ഥലമായി കേരളം മാറി. ടൂറിസം മേഖലയുടെ വിദേശ നാണ്യവരുമാനത്തിന്റെ ഏറിയപങ്കും ആയുർവേദത്തിൽ നിന്നാണ്. കർക്കിടക മാസത്തിൽ ആ ഒഴുക്ക് ഉയർന്ന നിലയിലാണ്.

ഇനി പ്രതിക്കൂട്ടിലാവില്ല

തെളിവുകളും പഠനഗവേഷണങ്ങളും ശാസ്ത്രീയ അടിത്തറകളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആയുർവേദത്തെ എക്കാലവും പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. പാരമ്പര്യമായ അറിവുമാത്രമാണെന്നും ലോകരാജ്യങ്ങളിൽ അംഗീകാരം കുറവാണെന്നും ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ വാദിച്ചു. പരിമിതികളെ ഊതിവീർപ്പിച്ചു. ഏതൊരു ചികിത്സാരീതിയും പൂർണമല്ല എന്ന സത്യം അവർ മറച്ചുവെച്ചു. ലോകത്ത് കോടാനുകോടി മരുന്നുകൾ വിറ്റഴിയ്ക്കുന്ന അലോപ്പതി മരുന്ന് ലോബിയാണ് മറ്റൊരു ശാസ്ത്രശാഖ വളർന്നുവരുന്നതിനെ എതിർക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്, ഇപ്പോഴും. അടിയന്തര ചികിത്സാഘട്ടങ്ങളിലും മറ്റും ആയുർവേദത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടു തന്നെ അതിന്റെ ഗുണഫലങ്ങളെ സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ദൗത്യം കേരളത്തിൽ വിജയം കണ്ടതോടെ എതിർപ്പ് ഉയർത്തിയവർക്ക് മിണ്ടാനായില്ല. എല്ലാ ശാസ്ത്രവും മനുഷ്യരാശിയ്ക്കു വേണ്ടിയാണെന്ന സത്യമാണ് ഇവിടെ വിജയിച്ചത്. ഇനി നിർമ്മിതബുദ്ധി ലോകമെങ്ങും വ്യാപിക്കുമ്പോൾ ആയുർവേദത്തെക്കുറിച്ചുളള ആക്ഷേപങ്ങളുടെ മുനയാകും ആദ്യം ഒടിയുക. ആയുർവേദ ചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിച്ചിരുന്നില്ല. 'കേരളകൗമുദി'യാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ വിശാലമായ ചികിത്സാ സാദ്ധ്യതകൾ കൂടുതൽ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി അതിന്റെ ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു. വിദേശ ജേണലുകളിൽ ആ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ലോകത്തെ ആരോഗ്യരംഗത്ത് അത് ചർച്ചയായി മാറി. ഔഷധസസ്യങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലേറെ വ്യക്തമാകും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ അയൽ സംസ്ഥാനങ്ങളെ മരുന്ന് നിർമ്മാണത്തിനു പോലും ആശ്രയിക്കേണ്ട ഗതികേടുണ്ടിവിടെ. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പറയുമെങ്കിലും ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കാനുളള ആത്മാർത്ഥമായ ശ്രമം ഭരണാധികാരികൾ വെച്ചുപുലർത്തിയിട്ടില്ല. സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ കേരളം പോലെ മറ്റൊരു നാടില്ല. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും ആ പ്രതീക്ഷ ബാക്കിയുണ്ട്. അത് തിരിച്ചറിയേണ്ടവർ തിരിച്ചറിയണം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.