SignIn
Kerala Kaumudi Online
Wednesday, 17 July 2024 8.46 PM IST

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് നാളെ ഒരാണ്ട്, സ്‌നേഹസങ്കീർത്തനം

umman-chandi

ഉമ്മൻചാണ്ടി ലോകത്തിന് ക്രിസ്തീയ മൂല്യബോധം കനിഞ്ഞു നൽകിയ സ്‌നേഹ സങ്കീർത്തനമായിരുന്നു. ഒരു വർഷം മുമ്പ് പെയ്‌തൊടുങ്ങിയ ആ കാരുണ്യവർഷം ഓർത്തിരുന്നാൽ മാത്രം പോരാ. അതിൽ നിന്ന് പഠിക്കാവുന്നതു പഠിച്ച് മികച്ച ഒരു സമൂഹമായി കേരളീയർ ഇനിയും മുന്നേറണമെന്നും തോന്നാറുണ്ട്. ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞ നേതാക്കളിൽ ഹൃദയവും ബുദ്ധിയും ജനനന്മയ്ക്കായി ഉഴിഞ്ഞുവച്ച ദീർഘദർശിയായിരുന്നു ഉമ്മൻചാണ്ടി.

തന്നെ സമീപിക്കുന്നവർക്കെല്ലാം തന്നാലാവുന്നത് തന്റെ കലവറയിൽ നിന്ന് മഹാ ഉദാരതയോടെ എടുത്തു നൽകി എന്നതു മാത്രമല്ല അദ്ദേഹത്തെ ഓർക്കുമ്പോൾ തെളിയുന്നത്. പ്രാക്ടീസ് ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരന്റെ കൺകെട്ടുകളും കൗശലപ്രയോഗങ്ങളും സമൃദ്ധമായി കൈയിലുള്ളപ്പോൾത്തന്നെ,​ തന്റെ മുന്നിലുള്ള സാധാരണക്കാരായ ആവശ്യക്കാരോടുള്ള സമീപനം തീർത്തും സത്യസന്ധമായിരുന്നു.

അതേസമയം നിശ്ചയാദാർഢ്യമുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി. ഒരു മണിക്കൂർ ഉദ്യോഗസ്ഥരും മന്ത്രിമാരും ദിക്കുകളെട്ടും ഓടിത്തളർന്ന ഒരു പ്രശ്നത്തിൽ,​ യോഗത്തിൽ വൈകിയെത്തി രണ്ടു നിമിഷംകൊണ്ട് മർമ്മമറിഞ്ഞുള്ള പരിഹാരം സാദ്ധ്യമായത് പറഞ്ഞുകേട്ടിട്ടുണ്ട്. 'നമ്മൾ ഇങ്ങനെ ചിന്തിച്ചില്ലല്ലോ!" എന്ന് നമുക്കു തോന്നുകയും ചെയ്യും. ഒരു കാർഷിക ഉത്പന്നത്തിന്റെ വാങ്ങൽ വില വർദ്ധിപ്പിച്ചു കൊടുക്കാൻ വലിയ കർഷക സമ്മർദ്ദമുണ്ടായി; കേന്ദ്രം കനിയുന്നില്ല; സംസ്ഥാനത്തിന് വേണ്ടത്ര ധനസ്ഥിതിയുമില്ല. യോഗം ഒട്ടും മുന്നോട്ടു പോകാതായപ്പോൾ സ്വതസിദ്ധമായ പുഞ്ചിരിയോടെ ഉമ്മൻചാണ്ടി അന്നത്തെ സപ്ലൈകോ ചെയർമാനോട് 'നിരക്ക് നമുക്കു കൂട്ടേണ്ട; പക്ഷേ അളവ് നമ്മുടെ കയ്യിലല്ലേ" എന്നു ചോദിച്ചതായി കേട്ടിട്ടുണ്ട്. യോഗം അവിടെ തീർന്നു. അളക്കുന്നിടത്ത് കർഷകരോട് ലേശം സൗജന്യം സ്വകാര്യത്തിൽ ആയിക്കോ, ധനകാര്യ വകുപ്പ് അറിയില്ലല്ലോ എന്ന് വിവക്ഷ.

നിമിഷംകൊണ്ട്

നാലു കോടി!


വയനാട്ടിൽ സർവകലാശാലാ വൈസ് ചാൻസിലർ ആയിരുന്നപ്പോൾ ഭൂമി സംബന്ധമായി നാലു കോടി രൂപ അത്യാവശ്യമായി വകമാറ്റി കിട്ടേണ്ടതുണ്ടായിരുന്നു. കുറിപ്പുമായി സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മുറിയിൽ ഒരു ചെറുപൂരത്തിനുള്ള ആളുണ്ട്. അടുക്കാൻ കഴിഞ്ഞില്ല. കുറച്ചു വൈകി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടപാടെ എന്റെ കൈ പിടിച്ച് ഒപ്പം ലിഫ്റ്റിൽ കയറ്റി,​ വന്ന കാര്യം ചോദിച്ചറിഞ്ഞു. കുറിപ്പ് ഉണ്ടോ കൈയ്യിൽ? ഞാൻ ജാള്യത്തോടെ സംസ്ഥാന മുഖ്യമന്ത്രിക്ക് വൈസ് ചാൻസലർ എഴുതിയ കുറിപ്പ് ലിഫ്റ്റിൽ വച്ച് നീട്ടി. ഒരു വൈമനസ്യവും കൂടാതെ സർക്കാർ ഡയറി 'തട"യായി പിടിച്ച് നാലു കോടി രൂപ അനുവദിച്ച് അന്നുതന്നെ റിലീസ് ചെയ്യാൻ ധനസെക്രട്ടറിക്ക് ഉത്തരവു നൽകി. ധന സെക്രട്ടറിക്ക് അതു കൊടുത്തപ്പോൾ ആൾ പുഞ്ചിരിച്ചു. 'കയ്യോടെ ഉത്തരവാക്കിയല്ലോ" എന്ന് ! സാധാരണ ഫയൽ ചലിച്ച് ആഴ്ചകളെങ്കിലും എടുക്കുന്ന ഭരണനടപടി!


സർവകലാശാലാ സർവീസ് കഴിഞ്ഞ് ഞാൻ സർക്കാരിൽ തിരിച്ചെത്തിയപ്പോൾ ജൂനിയർമാർ ഗവൺമെന്റ് സെക്രട്ടറിമാരായിക്കഴിഞ്ഞിരുന്നു. ഞാനെന്തോ അഹിതമായി എഴുതിയെന്നു കാട്ടി പ്രൊമോഷൻ ഫയൽ തടഞ്ഞിരിക്കുന്നു. പലവട്ടം ശ്രമിച്ചിട്ടും കാര്യം നടക്കുന്നില്ലെന്നു കണ്ടപ്പോൾ ഉമ്മൻ ചാണ്ടിയെ ചെന്നുകണ്ടു. 'ഓരോന്ന് എഴുതി സീനിയർമാരെ ശത്രുക്കളാക്കി; രണ്ട് ചീഫ് സെക്രട്ടറിമാർ പ്രതികൂല അഭിപ്രായം എഴുതിയിരിക്കുകയാണ്" എന്ന് ലേശം ഗൗരവത്തിലും പരിഭവത്തിലും ഉമ്മൻ ചാണ്ടി. കനമുള്ള മൗനത്തിന്റെ ഒരു നിമിഷം ഞങ്ങൾക്കിടയിൽ നിറഞ്ഞു.

ഏതു ചെകുത്താൻ എന്റെ നാവിൽ അപ്പോൾ വന്നു കയറിയെന്ന് അറിയില്ല. ഞാൻ അന്നേരം പറഞ്ഞത് ഇപ്രകാരമായിരുന്നു. 'എത്രയോ കഥയില്ലാത്തവരെ സാർ എത്രയോ നിലകളിലേക്ക് ഉയർത്തിയിരിക്കുന്നു; എന്നെക്കൂടി ചെയ്താൽ എന്തെപകടം സംഭവിക്കാൻ!" എന്തും സംഭവിക്കാമായിരുന്നു; ആ നിമിഷം. ഹൃദയം ഇടുങ്ങിയ ഒരു ഭരണാധികാരിയായിരുന്നെങ്കിൽ ആ തർക്കുത്തരത്തിന് എന്നോട് കടന്നു പോകാൻ കയർത്തു പറഞ്ഞേനേ. ഒരു പുഞ്ചിരിയായിരുന്നു അപ്പോൾ മുഖത്തു വിരിഞ്ഞത്. വിരലുകൾ ഫോണിലേക്കു നീണ്ടു. 'അശോക് പറയുന്നതിലും ചില കാര്യമുണ്ട്" എന്ന ചിരിച്ചുകൊണ്ടുള്ള ആമുഖത്തോടെ! 24 മണിക്കൂറിനകം എന്നെ മുൻകാല പ്രാബല്യത്തോടെ സെക്രട്ടറിയാക്കി,​ ഉത്തരവ് എന്റെ മേശപ്പുറത്ത് എത്തിച്ചു തന്നു.

ദൈവം ഇതൊന്നും

കാണാതിരിക്കില്ല

അധികാരം നഷ്ടപ്പെട്ട് ആക്ഷേപ മഴയിൽ ലേശം നനഞ്ഞ് താൻ തന്നെ കൈകാര്യം ചെയ്തിരുന്ന നീതിവ്യവസ്ഥയിൽ നിന്നു രക്ഷതേടി ഹൈക്കോടതിയിൽ ഹാജരാകാൻ ആലുവ ഗസ്റ്റ് ഹൗസിൽ രാത്രി വൈകിയെത്തി ഏകനായി ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെയും 2016- ൽ കണ്ടു. യാദൃച്ഛികമായി എന്റെ ക്യാമ്പ് അന്ന് അവിടെയായിരുന്നു. സാർ അടുത്ത മുറിയിലുണ്ടെന്നറിഞ്ഞു. ഞാൻ കാണാനാഗ്രഹം പ്രകടിപ്പിച്ചു. സൗജന്യത്തോടെ വിളിച്ചു. പിറ്റേന്ന് ഹൈക്കോടതിയിൽ വരുന്ന കേസിന്റെ ചർച്ചകളിലാണ്. താൻ നയിച്ച സർക്കാർ തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കുന്നത് തടയാനാണ് ഹർജി. അപ്പോൾ സരസ്വതീ ദേവി എന്നെക്കൊണ്ടു പറയിച്ചത് ഇങ്ങനെ: 'അങ്ങേയ്ക്ക് ഒന്നും വരില്ല; ഇത്രയൊക്കെ നന്മ ചെയ്തത് ദൈവം കാണാതിരിക്കില്ല" എന്ന്. മൃദുവായി ചിരിച്ചതേയുള്ളൂ അപ്പോഴും!

പിന്നെ കേട്ടതൊക്കെ കെട്ടിച്ചമച്ചതാണ് എന്നു തെളിഞ്ഞത് നമ്മുടെയൊക്കെ ഓർമ്മയാണല്ലോ. സത്യം പരിശ്രമിച്ച് ജയിച്ചു എന്നു പറയാം. ആശ്വാസം. കഴുകന്റെ ഉയരത്തിൽ പറക്കേണ്ടപ്പോഴും പുൽച്ചാടിയെയും മണ്ണിരയെയും പോലെ ബധിരനെയും മൂകനെയും അടുത്തുകണ്ട് അവരോടൊത്ത് ജീവിതം നടന്നു തീർത്ത നേതാവാണ് ഉമ്മൻ ചാണ്ടി. ഒരു പ്രഭാതത്തിൽ ഒരു ചർച്ചയ്ക്ക് ക്ലിഫ് ഹൗസിൽ ചെല്ലുമ്പോൾ കോക്ലിയർ ഇംപ്ലാന്റ് ഉപകരണം ശ്രവണ സഹായത്തിനായി ഘടിപ്പിച്ചുകൊടുത്ത നൂറോളം കൊച്ചുകുട്ടികളുടെ നടുവിലാണ്. സ്റ്റേറ്റ് സഹായിച്ച് വിലയേറിയ ഉപകരണത്തിലുടെ അമ്മയുടെ താരാട്ട് ആ കുഞ്ഞുങ്ങൾ ആദ്യമായി കേട്ടശേഷമുള്ള വരവാണ്. ഇന്ത്യയിലെ എത്ര മുഖ്യമന്ത്രിമാർക്ക് ഇങ്ങനെ ഒരു സാന്ത്വനമായി മാറാനുള്ള സമയവും അകക്കണ്ണും ദയാവായ്പും മാനുഷികതയുമുണ്ടാകും!

ഉമ്മൻചാണ്ടിക്കുമാത്രമേ ക്രിസ്തുദേവന്റെ സന്ദേശവും സങ്കീർത്തനവും ഉൾക്കൊണ്ട് ആ മാനവികതയുടെ ഗിരിശൃംഗത്തിൽ കടന്നുചെല്ലാനാവൂ. എളുപ്പമല്ല അത്. ഇതിനൊക്കെ സമയം കണ്ടെത്താനാകുന്നതാണ് അതിശയം. കേരളത്തിന്റെ വഴിവിളക്കുകളായ ബൃഹദ്പദ്ധതികളിലെ ആ കയ്യൊപ്പുകളൊക്കെ പലകുറി ചർച്ചചെയ്തിട്ടുള്ളതിനാൽ വിട്ടുകളയാം. ആ എടുപ്പുകളുടെയൊക്കെ മീതേ ഉയരുന്ന,​തന്റെ ജനങ്ങളോടുള്ള സ്‌നേഹത്തിന്റെ കലർപ്പില്ലാത്ത ആവിഷ്‌കാരമായിരുന്നു ഉമ്മൻ ചാണ്ടി. അയഞ്ഞുപിഞ്ഞിയ ഉടുപ്പിലും ഉടഞ്ഞ മുണ്ടിലും ചീകാത്ത മുടിയിലും പാറിപ്പറന്ന് നമ്മുടെയിടയിൽ പ്രവർത്തിച്ച,​ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഈണങ്ങളിട്ട ഒരു മൃദു സങ്കീർത്തനം! സർഗാത്മകമായ പൊതു പ്രവർത്തനത്തിന് ഒരു ആമുഖവും നിഘണ്ടുവും!

(അഭിപ്രായം വ്യക്തിപരം)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.