SignIn
Kerala Kaumudi Online
Wednesday, 18 September 2024 9.04 AM IST

ലിഫ്‌റ്റ് ദുരന്തം വീഴ്ചകളിൽ ഒന്നു മാത്രം

Increase Font Size Decrease Font Size Print Page
med-clg

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ബി. രവീന്ദ്രൻനായർ ഒ.പി ബ്ളോക്കിലെ ലിഫ‌്‌‌റ്റിൽ രണ്ടുദിവസം കുടുങ്ങിപ്പോയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. നമ്മുടെ മെഡിക്കൽ കോളേജുകളിൽ കൂടക്കൂടെയുണ്ടാകുന്ന ഇത്തരം പിഴവുകൾ ഒച്ചപ്പാടുണ്ടാക്കാറുണ്ടെങ്കിലും സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നടപടികൾ സാധാരണഗതിയിൽ ഉണ്ടാകാറില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ലിഫ്‌റ്റിൽ അകപ്പെട്ടയാൾ ഭാഗ്യം കൊണ്ടാണ് തിങ്കളാഴ്ച രാവിലെ അവിടെനിന്ന് ജീവനോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച അതിലേ പോയ ജീവനക്കാരുടെ ശ്രദ്ധയിൽ രണ്ടുനിലകൾക്കിടയിൽ നിന്നുപോയ ലിഫ്‌റ്റ് പെട്ടില്ലായിരുന്നുവെങ്കിൽ അതിനുള്ളിൽ ബോധമറ്റ നിലയിൽ കിടന്ന രവീന്ദ്രൻനായരുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ഊഹിച്ചാൽ മതി. സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയതോടെ പതിവുപോലെ അന്വേഷണ ഉത്തരവുകളും ലിഫ്‌റ്റ് ഓപ്പറേറ്ററടക്കം മൂന്നു ജീവനക്കാർക്ക് സസ്‌പെൻഷനും ഉണ്ടായിട്ടുണ്ട്.

സംഭവത്തിന്റെ ചൂടും പുകയും ഒട്ടൊന്ന് അടങ്ങുന്നതോടെ സസ്‌‌പെൻഡ് ചെയ്യപ്പെട്ടവർ സ്വന്തം ലാവണങ്ങളിൽ മടങ്ങിയെത്താതിരിക്കില്ല. സാധാരണയായി കണ്ടുവരുന്ന പ്രവണത അതാണല്ലോ. ആരോഗ്യമേഖലയ്ക്കാകെ മാതൃകയാവേണ്ടവയാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ. നിർഭാഗ്യവശാൽ അവിടെ നിന്ന് പലപ്പോഴും പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമൊന്നുമല്ല. അടുത്ത കാലത്തായി ചികിത്സാപ്പിഴവുകളെക്കുറിച്ചും, മതിയായ ചികിത്സ ലഭിക്കാത്തതിനെക്കുറിച്ചും, മരുന്നുക്ഷാമത്തെക്കുറിച്ചും, പരിശോധനകളിലുണ്ടാകുന്ന കാലതാമസത്തെക്കുറിച്ചും, ജീവനക്കാരുടെ ധാർഷ്ട്യപൂർവമായ പെരുമാറ്റത്തെക്കുറിച്ചുമൊക്കെ ധാരാളം പരാതികൾ ഉയരാറുണ്ട്. ഒട്ടേറെ ഇല്ലായ്മകൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളും പൊതുവായി നേരിടുന്ന പ്രശ്നങ്ങളാണ്. നാടിന്റെ നാനാഭാഗങ്ങളിലും കൂറ്റൻ സ്വകാര്യ ആശുപത്രികൾ വന്നിട്ടും സർക്കാർ വക ചികിത്സാകേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്ക് ഒരു കുറവുമില്ല.

ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയകേന്ദ്രങ്ങളെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രികളും ജില്ലാ ആശുപത്രികളും ആരോഗ്യമേഖലയുടെ നട്ടെല്ല് തന്നെയാണ്. അവയുടെ കുറ്റമറ്റ പ്രവർത്തനം അഭംഗുരം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. അനാസ്ഥ, കെടുകാര്യസ്ഥത, ഉത്തരവാദിത്വമില്ലായ്‌മ തുടങ്ങിയവ തിരുത്താൻ ശക്തമായ നടപടികളില്ലാത്തതാണ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ പലതരം പിഴവുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കാൻ കാരണം. ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന ജീവനക്കാർ പോലും കർക്കശ ശിക്ഷ നേരിടേണ്ടിവരാറില്ല. എല്ലാ രംഗത്തും രാഷ്ട്രീയം കടന്നുകയറിയിരിക്കുന്നതിനാൽ തെറ്റുചെയ്യുന്നവരുടെ രാഷ്ട്രീയബന്ധം നോക്കിയാവും നടപടി! കോഴിക്കോട് മെഡിക്കൽ കോളേജിൽ, പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ കത്രിക ഉള്ളിൽ പെട്ടുപോയ ഒരു യുവതി നീതിക്കും നഷ്ടപരിഹാരത്തിനുമായി അലയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവിടെയും കുറ്റക്കാരായ ഡോക്ടറെയും മറ്റും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതുപോലെ, ശസ്ത്രക്രിയ കഴിഞ്ഞ് പകുതി ബോധത്തോടെ കഴിയുന്ന ഒരു വീട്ടമ്മ ജീവനക്കാരന്റെ പീഡനത്തിനിരയായ സംഭവം ഒട്ടേറെ കോളിളക്കമുണ്ടാക്കിയതാണ്. ഈ സംഭവത്തിലും ആരോഗ്യവകുപ്പ് ഇരയ്ക്കൊപ്പമല്ല നിന്നത്. നാനാതരം പ്രതിസന്ധികൾക്കിടയിലും ആത്മാർത്ഥമായി ജോലിചെയ്യുന്നവരാണ് ജീവനക്കാരിൽ ഭൂരിപക്ഷവും. അവരുടെ ആത്മാർപ്പണത്തിലും സേവനമനസ്കതയിലുമാണ് ആശുപത്രികൾ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ പ്രഥമ മെഡിക്കൽ കോളേജാണ് തിരുവനന്തപുരത്തേത്. അവിടത്തെ കാര്യങ്ങൾ പരാതികൾക്കിടയില്ലാത്തവിധം നേരെ ചൊവ്വേയായിരിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ജീവനക്കാരുടെ കുറവ് ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്നമാണ്. പലപ്പോഴും രോഗികളും ജീവനക്കാരുമായി സംഘർഷം ഉടലെടുക്കുന്നതിനു കാരണവും ഇതാണ്. ഇതൊക്കെയാണെങ്കിലും രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള വീഴ്ചകൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാ നടപടി എടുത്താലേ ഇത്തരം വീഴ്ചകൾ ഭാവിയിൽ തടയാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.