സുൽത്താൻ ബത്തേരി: കോൺഗ്രസിന്റെ ശക്തി താഴെത്തട്ടിലാണെന്നും,ബൂത്ത് തലം
മുതലുള്ള പ്രവർത്തകരെ സജ്ജരാക്കി വേണം അടുത്ത തദ്ദേശ,നിയമസഭാ
തിരഞ്ഞെടുപ്പുകളെ നേരിടാനെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ പറഞ്ഞു.ഞാൻ പോകും, ഞാൻ പോകുമെന്ന് ഭീഷണി മുഴക്കുന്നവർക്ക് സലാം പറഞ്ഞ് പാർട്ടിയിൽ നിന്ന് പോകാമെന്നും സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ തമ്മിലടി കുറയുന്നില്ലെന്ന് ആളുകളെക്കൊണ്ട് പറയിക്കരുത്. സാധാരണക്കാരോടൊപ്പം നിന്ന് അവർക്ക് വേണ്ടിയാണ് കോൺഗ്രസ് പേരാടേണ്ടത്. അവരുടെ ക്ഷേമമാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്. അതിനെയെല്ലാം അതിജീവിച്ചാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും വിജയം നേടിയത്. മോദി -സംഘപരിവാർ ശക്തികൾ നടത്തിയ പോരാട്ടത്തെ കോൺഗ്രസിന് അതിജീവിക്കാൻ കഴിഞ്ഞത് സാധാരണക്കാരായ ജനങ്ങൾ ഒപ്പം നിന്നത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു.
പ്രവർത്തകർക്ക് ആലസ്യം
പാടില്ല:കെ.സുധാകരൻ
ലോക്സഭാ തിരഞ്ഞടുപ്പിലെ വിജയം കോൺഗ്രസ് പ്രവർത്തകരെ ആലസ്യത്തിലാക്കരുതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കെ.പി.സി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.
നിലവിലെ ഭരണ വിരുദ്ധ വികാരം താഴെത്തട്ടിലെത്തിക്കണം. ബൂത്തുകളും വാർഡുകളുമാണ് നമ്മുടെ ശക്തി കേന്ദ്രം. ഇത് കണ്ടറിഞ്ഞ് വേണം താഴെത്തട്ടിൽ നിന്ന് പ്രവർത്തിക്കാൻ. കോൺഗ്രസിൽ ഇനി അസ്വാരസ്യങ്ങൾക്ക് സ്ഥാനമില്ല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയാണ് ലക്ഷ്യം. ഇതിനായി മിഷൻ 2025 ഫലപ്രദമായി നടപ്പാക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി,രമേശ് ചെന്നിത്തല,കൊടിക്കുന്നിൽ
സുരേഷ് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.എം.ഹസൻ,വിശ്വനാഥ പെരുമാൾ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |