തൊടുപുഴ : ആറു വർഷമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കാഡ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്ക പദ്ധതി വിപുലീകരിക്കുന്നു. കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിലായി ഇരുപത് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് തീരുമാനിച്ചത്. പാഴായി പോകുന്ന കാർഷിക ഉത്പന്നങ്ങൾ വിദ്യാർത്ഥികൾ വഴി സ്‌കൂളുകൾ കേന്ദ്രീകരിച്ച് സംഭരിച്ച് വിപണനം ചെയ്യുകയും , ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിച്ച് ചുരുങ്ങിയത് 4000 രൂപ ഓരോ കുട്ടിക്കും ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ കാതൽ .
ഇതിലൂടെ കുട്ടികൾക്ക് കാർഷിക മേഖലയിൽ താല്പര്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനും സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിയുമായി അടുത്തിടപഴകുന്നതിനും ഉള്ള അവസരം സൃഷ്ടിക്കുന്നതിനും കഴിയും. ആയിരം കുട്ടികൾ പദ്ധതിയുടെ ഭാഗമാകും. എല്ലാ കുട്ടികൾക്കും സൗജന്യമായി 50,000 പച്ചക്കറി തൈകളും വിത്തുകളും നൽകും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തൊടുപുഴ കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. സ്‌കൂൾ മാനേജർ ഫാ. ഡോ. ഫ്രാൻസിസ് കീരംപാറ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൂജ സുബൈർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ,ആലക്കോട് കൃഷി ഓഫീസർ ആര്യാംബ ടി. ജി, സ്‌കൂൾ പ്രിൻസിപ്പൽ ടോമി ഫിലിപ്പ് , പി.ടി.എ പ്രസിഡന്റ് പ്രദീപ് പോൾ ,പച്ചക്കുടുക്ക ചീഫ് കോഡിനേറ്റർ കെ.എം മത്തച്ചൻ എന്നിവർ പ്രസംഗിക്കും .
കാഡ്‌സ് ചെയർമാൻ കെ.ജി ആന്റണി സ്വാഗതവും സ്‌കൂൾ ഹെഡ് മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ നന്ദിയും പറയും. മുൻവർഷത്തെ പച്ചക്കുടുക്ക പദ്ധതിയിൽ കുട്ടികൾക്ക് കൊടുക്കേണ്ട തുകയുടെ വിതരണവും ഇതോടൊപ്പം നടക്കും.പത്രസമ്മേളനത്തിൽ കാഡ്സ് ചെയർമാൻ കെ.ജി ആന്റണി,ജേക്കബ് മാത്യു ,കെ എം മത്തച്ചൻ ,എൻ ജെ മാമച്ചൻ,വി പി സുകുമാരൻ,ബെന്നി പി .ജെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |