നാട്ടിൽ ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി ലഭിച്ചാൽ ഭൂരിപക്ഷം പേരും വിദേശങ്ങളിലേക്ക് ജോലി തേടി പോകില്ല. വീട്ടുകാരെയും സ്വന്തക്കാരെയും മക്കളെയുമൊക്കെ വിട്ട് അന്യനാടുകളിൽ ജോലിചെയ്യുന്നവർക്ക് സാമ്പത്തിക പുരോഗതിയുണ്ടാകുമെങ്കിലും ജീവിതത്തിന്റെ ഏറ്റവും നല്ല കാലം മറുനാടുകളിൽ ഒറ്റപ്പെട്ട് ചെലവഴിക്കേണ്ടിവരും. ഒരു പ്രായം പിന്നിട്ട് അവർ നാട്ടിലേക്കു വരുമ്പോൾ സ്വന്തം നാടുപോലും അവർക്ക് അന്യനാടിനു തുല്യമായി മാറിയിരിക്കും. അന്യനാടുകളിൽ ഉയർന്ന ശമ്പളം ലഭിക്കുമെങ്കിലും ജീവിതച്ചെലവും അതുപോലെ കൂടുതലാണ്. സ്വന്തം നാട്ടിലാണെങ്കിൽ ശമ്പളം വളരെ ഉയർന്നതല്ലെങ്കിലും പിടിച്ചുനിൽക്കാനും കൊച്ചുകൊച്ചു സന്തോഷങ്ങളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയും.
ചെറുപ്പക്കാർക്ക് നാട്ടിൽ ഒരു സർക്കാർ ജോലിക്കുള്ള ഏക അവലംബം പി.എസ്.സിയാണ്. പി.എസ്.സി ലിസ്റ്റിൽ കയറിക്കൂടുക എന്നതുതന്നെ ഭഗീരഥ പ്രയത്‌നം വേണ്ടുന്ന സംഗതിയാണ്. പക്ഷേ ഇപ്പോൾ, ലിസ്റ്റിൽ വന്നാലും ജോലി കിട്ടിയാൽ കിട്ടി എന്നതായിരിക്കുന്നു സ്ഥിതി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞാൽ ഒരു വകുപ്പും യഥാസമയം ചെയ്യില്ല. ഒരുകാലത്ത് ജോലിയില്ലാതിരുന്നവരാണ് ഇപ്പോൾ ഓരോ വകുപ്പിലും വലിയ കസേരകളിൽ ഇരിക്കുന്നത് എന്നതു പോലും അവർ മറന്നുപോകുന്നു. പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുന്നതിനായി മുറവിളി കൂട്ടിയിരുന്ന ഇടതു യുവ സംഘടനകളും ഇപ്പോൾ ഏറെക്കുറെ നിശബ്ദരാണ്. കാരണം ഒന്നരലക്ഷത്തോളം പേർക്ക് കരാർ നിയമനം ലഭിച്ചിട്ടുള്ളവരിൽ പാർട്ടി അനുഭാവികളോ യുവ സംഘടനയിലെ അംഗങ്ങളോ ആണ്. ലിസ്റ്റിലുള്ളവർക്ക് വേണ്ടി ശബ്ദമുയർത്താൻ ലിസ്റ്റിൽ പേരുള്ളവർ മാത്രമേയുള്ളൂ എന്നതാണ് സ്ഥിതി.
സാധാരണ മൂന്നു വർഷമാണ് പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി. പിന്നീട് സമരവും ബഹളവുമൊക്കെയാകുമ്പോൾ സർക്കാർ ആറുമാസം നീട്ടിക്കൊടുക്കും. എന്നിരുന്നാലും പറയത്തക്ക നിയമനമൊന്നും പല ലിസ്റ്റുകളിൽ നിന്നും നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊലീസ് ടെലികമ്മ്യൂണിക്കേഷൻ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രമാണ് ശേഷിക്കുന്നത്. 524 പേരുള്ള ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് വെറും 21 പേർക്ക്!
സൈബർ കുറ്റകൃത്യങ്ങൾ പെരുകിവരുന്ന ഇക്കാലത്താണ് ഇവരെ കൂടുതൽ നിയമിക്കേണ്ടത്. എന്നാൽ പൊലീസ് വകുപ്പ് ഇപ്പോഴും തുടരുന്നത് 1974-ൽ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണാണ്. ഇപ്പോൾ മിക്ക കുറ്റകൃത്യങ്ങളും തെളിയിക്കുന്നത് മൊബൈൽഫോണിന്റെ ലൊക്കേഷൻ പിൻതുടർന്നാണ്. അതിനാൽ പൊലീസിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൂടുതൽ പേരെ നിയമിക്കാൻ തക്ക വിധത്തിൽ വിപുലീകരിക്കുകയാണ് വേണ്ടത്.
കേരള പൊലീസിൽ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തപ്പെടുന്ന ഏക വിഭാഗമാണിത്. സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവ് കണക്കിലെടുത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയമിക്കാൻ 652 തസ്തികകൾ ഡി.ജി.പി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ ഫയൽ ഒരാളുടെയല്ല, ഒത്തിരിപ്പേരുടെ ജീവിതമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം നാഴികയ്ക്ക് നാൽപ്പതുവട്ടം സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നാൽ കുറേപ്പേർക്ക് ജോലി ലഭിക്കാൻ ഉതകുന്ന ഇത്തരം ഫയലുകൾക്ക് ഒരിക്കലും ശാപമോക്ഷം കിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. പ്രകടനം വരുമ്പോൾ വെള്ളം ചീറ്റിയും ലാത്തിയടിച്ചും ഓടിക്കുന്നതും വി.ഐ.പി സെക്യൂരിറ്റിയും മാത്രമല്ല പൊലീസിന്റെ ജോലി. സൈബർ ജോലി ചെയ്യാൻ പഠിച്ചവരും ഈ വകുപ്പിന്റെ ഭാഗമായി മാറുമ്പോഴാണ് പൊലീസിന്റെ കാര്യക്ഷമത ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്ന രീതിയിൽ വർദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |