മകന്റെ വിവാഹത്തിനായി മുകേഷ് അംബാനി ചെലവിട്ട 5000 കോടി അദ്ദേഹത്തിന്റെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ്. ഇനി ഒരു സാധാരണ കുടുംബത്തിന്റെ കാര്യമോർക്കുക- കുടുംബത്തിന്റെ ആകെ വരുമാനവും കല്യാണച്ചെലവുകളും തമ്മിലുള്ള അനുപാതം ഇതിന്റെ എത്രയോ മടങ്ങായിരിക്കും! ഇന്ത്യയിലെ ശരാശരി കുടുംബങ്ങളുടെ കല്യാണസംബന്ധമായ ചെലവുകളെക്കുറിച്ചും, രാജ്യത്തെ വിവാഹ വ്യവസായ മേഖലയെക്കുറിച്ചുമുള്ള ഒരു ആധികാരിക പഠനം, അനന്ത് അംബാനിയും രാധികാ മർച്ചന്റും തമ്മിലുള്ള പരിണയ ചടങ്ങുകൾ നടക്കുന്ന സമയത്തു തന്നെ പുറത്തുവന്നിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രശസ്ത നിക്ഷേപ ബാങ്കും മൂലധനക്കമ്പോള സ്ഥാപനവുമായ ജഫ്രീസിന്റെ ഈ ഗവേഷണ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ആലോചനാ പ്രേരകമാകുന്നു.
ഇന്ത്യയിലെ ഒരു ശരാശരി കുടുംബം കല്യാണമൊന്നിന് 12 ലക്ഷം രൂപ ചെലവിടുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കുടുംബങ്ങളുടെ ശരാശരി വരുമാനമായ നാലു ലക്ഷം രൂപയുടെ മൂന്നു മടങ്ങാണ്. പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ വിവാഹചെലവ് അതിന്റെ ഏകദേശം അഞ്ച് ഇരട്ടിയോളം വരും. ലോകത്ത് ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 80 ലക്ഷം മുതൽ ഒരു കോടി വിവാഹങ്ങൾ വരെ അരങ്ങേറുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗം കൂടിയായ വിവാഹം, വ്യക്തിപരമായ ചടങ്ങ് എന്നതിലുപരി, ആഘോഷത്തിമിർപ്പോടെ കൊണ്ടാടുന്ന ഒരു സാമൂഹിക ഏർപ്പാടാണ്. പലപ്പോഴും , വൈകാരികമായ അമിത ചെലവുകളുടെ വേദി കൂടിയാണ് അത്.
10 ലക്ഷം കോടിയുടെ
വ്യവസായം
ജനങ്ങളുടെ വിവാഹ ചെലവുകളുടെ പിൻബലത്തിൽ, ഇന്ത്യയിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് 10.7 ലക്ഷം കോടി രൂപയുടെ വിവാഹ വ്യവസായമാണ്. നമ്മുടെ രാജ്യത്തെ വ്യക്തിഗത ഉപഭോഗ മേഖലയിൽ ഭക്ഷ്യ പലചരക്ക് വ്യവസായം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് വിവാഹ വ്യവസായ രംഗം. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ മൊത്തം വിവാഹചെലവും രാജ്യ വരുമാനവും തമ്മിലുള്ള അനുപാതം മറ്റു പല രാജ്യങ്ങളിലുമുള്ളതിനേക്കാൾ അഞ്ചു മടങ്ങ് കൂടുതലാണ്.
വലിയൊരു വിവാഹ വ്യവസായത്തിന്റെ സാന്നിദ്ധ്യം നൽകുന്ന അനുബന്ധ ഗുണഗണങ്ങൾ പരാമർശിക്കേണ്ടതുണ്ട്. ഒന്നാമത്തേത്, ഈ വ്യവസായം വഴി വന്നുചേരുന്ന തൊഴിലവസരങ്ങളാണ്. മറ്റു പല മേഖലകളുടെയും ഒരു പ്രധാന വരുമാന, തൊഴിൽ സ്രോതസായും വിവാഹ വ്യവസായം വർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആഭരണ വ്യവസായത്തിന്റെ വരുമാനത്തിൽ പകുതിയിലേറെയും വന്നുചേരുന്നത് വിവാഹ കമ്പോളത്തിൽ നിന്നാണ്. വസ്ത്ര വ്യാപാര രംഗത്തെ 10 പത്തു ശതമാനത്തിലധികവും ജ്വലിപ്പിച്ചു നിറുത്തുന്നത് വിവാഹ സംബന്ധമായ ആടകൾക്കുള്ള ആവശ്യങ്ങളാണ്. ആഡംബര വിവാഹ ചെലവുകളുടെ കാര്യത്തിൽ ചെലവിന്റെ 20 ശതമാനം കാറ്ററിംഗിനു വേണ്ടിയും, 15 ശതമാനം അലങ്കാരവും വിനോദവുമടക്കമുള്ള ആഘോഷങ്ങൾക്കുമായാണ്. സമ്മാനങ്ങളും മറ്റും ഇന്ത്യൻ വിവാഹങ്ങളുടെ ഭാഗമാകയാൽ അത് വാഹന മേഖലയ്ക്കും വിലയേറിയ ടെലിവിഷൻ, സ്മാർട്ട്‌ഫോൺ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് മേഖലയ്ക്കും കമ്പോളമൊരുക്കുന്നു.
കല്യാണ ചെലവുകളുടെ കാര്യത്തിൽ പുതിയകാലത്തെ ഒരു പ്രവണതയെക്കുറിച്ചും പറയേണ്ടതുണ്ട്. ചരിത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളാൽ മുമ്പ് രക്ഷിതാക്കളാണ് വിവാഹ ചെലവുകൾ ചെയ്തുവന്നിരുന്നത്. ഇന്നിപ്പോൾ വധൂവരന്മാർ തന്നെ ഇതിന്റെ നല്ലൊരു പങ്കും മുടക്കുന്ന രീതി ഏറിവരികയാണ്. പ്രചാരം വർദ്ധിച്ചുവരുന്ന 'ഗ്ലാമർ കല്യാണ" രീതികളുടെയും ചെറുപ്പക്കാരുടെ ഉയർന്നുവരുന്ന ധനപരമായ അവസ്ഥയുടെയും പ്രതിഫലനമാണ് ഇത്. ഇതിനായി സ്വന്തം സമ്പാദ്യം തികയാതെ വരുമ്പോൾ അവർ ബാങ്കുകളിൽ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ പറയുന്നത്.
കുരുക്കിടുന്ന
വിവാഹ വായ്പ
2018-19 വർഷത്തെ മൊത്തം വായ്പാ അപേക്ഷകളിൽ 20 ശതമാനവും ലഭിച്ചത്, വിവാഹ ചെലവുകൾ നിർവഹിക്കാനായി ഇന്ത്യയിലെ 20- 30 പ്രായപരിധിയിലുള്ളവരിൽ നിന്നായിരുന്നു. വിവാഹ വായ്പകളിന്മേൽ ചുമത്തുന്ന പലിശ 36 ശതമാനം വരെയാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെയൊക്കെ ഫലമായി മറ്റൊരു മാറ്റവും സംജാതമാകുന്നു. പണ്ടൊക്കെ രക്ഷിതാക്കളെയാണ് കടുത്ത വിവാഹ ചെലവുകൾ കടക്കണിയിലാക്കിയിരുന്നതെങ്കിൽ, ഇന്നത്തെ ഗ്ലാമർ കല്യാണ ചെലവിന്റെ ഭാരം കുടുക്കിലാക്കുന്നത് കൂടുതലായും ചെറുപ്പക്കാരെയാണ്. ഇത് അവരുടെ തുടർന്നുള്ള ജീവിതത്തിലെ അവശ്യ ചെലവുകൾ നേരിടുന്നതിന് തടസമായും വരുന്നു. ചുരുക്കിപ്പറഞ്ഞാൽ, കെട്ടു നടത്തി കുത്തുപാളയെടുക്കുന്ന അവസ്ഥ!
കുടുംബങ്ങളുടെ വർദ്ധിച്ചുവരുന്ന വിവാഹ ചെലവിന്റെ അഭികാമ്യമല്ലാത്ത മറ്റൊരു വശവും പറയേണ്ടതുണ്ട്. വ്യക്തികളുടെ വിവാഹ ചെലവുകൾ അവരുടെ വിദ്യാഭ്യാസ ചെലവുകളെ കടത്തിവെട്ടുന്ന അവസ്ഥയാണിന്ന്. ഇന്ത്യയിലെ ഒരു ശരാശരി കുടുംബം തങ്ങളുടെ കുട്ടിയുടെ വിവാഹത്തിന് ചെലവിടുന്ന തുക, ആ കുഞ്ഞിന്റെ പതിനെട്ടു വർഷത്തെ വിദ്യാഭ്യാസത്തിനായി ചെലവിടുന്ന തുകയുടെ ഇരട്ടിയാണ്! ചുരുക്കത്തിൽ വിവാഹ ചെലവുകളുടെ 'കറുപ്പും വെളുപ്പും" വെളിപ്പെടുത്തുന്ന വസ്തുതകൾ കൂടുതൽ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |