SignIn
Kerala Kaumudi Online
Monday, 22 July 2024 10.57 AM IST

ശുദ്ധീകരണത്തിന് കന്നഡ  സിദ്ധന്റെ ഒറ്റമൂലി

siddaramaiah

മലയാളികൾ അടക്കമുള്ള വരത്തൻമാരെ കർണാടകത്തിൽനിന്ന് പുറത്താക്കി ശുദ്ധികലശം നടത്താനുള്ള കന്നഡ മുഖ്യൻ സിദ്ധരാമയ്യയുടെ പദ്ധതി ആദ്യഘട്ടത്തിൽ പൊളിഞ്ഞെങ്കിലും അധികം വൈകാതെ പൊടിതട്ടിയെടുത്തേക്കാം. മറുനാട്ടുകാർ വല്ലാതെ പെരുകി കന്നഡ സംസ്‌കാരത്തിന് ഭീഷണിയാകുന്നതിനാൽ വേറെ വഴിയില്ല. തമ്മിലടിപ്പിക്കുന്നതിൽ വിദഗ്ദ്ധരാണ് കുടിയേറ്റക്കാരായ മലയാളികളെന്ന് കന്നഡക്കാർക്ക് പണ്ടേ അഭിപ്രായമുണ്ട്.

കന്നഡ സിനിമയും സാഹിത്യവും ഭാഷയും മാത്രമുള്ള മാതൃകാസംസ്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യം. സോഷ്യലിസ്റ്റ് സർക്കാരിന്റെ ജനപ്രിയ പദ്ധതി നല്ലതായിരുന്നെങ്കിലും പതിവുപോലെ മലയാളികൾ പാരവച്ച് പൊളിച്ചു. ഹൈക്കമാൻഡിലെ കരുത്തനായ കെ.സി.വേണുഗോപാൽജിയും മലയാളികളുടെ രക്ഷയ്‌ക്കെത്തി. വരത്തൻ പാർട്ടിയായ ബി.ജെ.പിയെയും അതിനു പിന്തുണ നൽകുന്ന ദേവഗൗഡയുടെ ജനതാദളിനെയും ഇതിന്റെ മറവിൽ കർണാടകത്തിൽനിന്ന് കെട്ടുകെട്ടിക്കാനുള്ള പരിപാടിയാണ് മലയാളികളുടെ സ്വന്തം വേണുജി കാരണം പൊളിഞ്ഞത്. സിദ്ധരാമയ്യജിയുടെ നിലപാടിനോട് താത്വികമായി യോജിപ്പുണ്ടെങ്കിലും പരസ്യമായ പിന്തുണ നൽകാതെ തമിഴകത്തെ സ്റ്റാലിൻ സഖാവ് മാറിനിൽക്കുകയാണ്. പരസ്യമായി പിന്തുണച്ചാൽ നാളെയത് പുലിവാലാകുമെന്ന് തമിഴക മുഖ്യന് ഉറപ്പുണ്ട്. കാവേരി നദീജലമാണ് പ്രശ്‌നം. സ്വന്തം നാട്ടിൽ ഹിന്ദിയടക്കമുള്ള ഭാഷകളോ ബോർഡുകളോ വേണ്ടെന്ന നിലപാടുകാരനാണ് സ്റ്റാലിൻ.
കന്നഡിഗർ തെരുവിലിറങ്ങിയാൽ എന്തു സംഭവിക്കുമെന്ന് കാവേലി നദീജല തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ തമിഴ്‌നാടിനു ബോദ്ധ്യമായതാണ്. തമിഴ് മക്കളുടെ കൈക്കരുത്തിന്റെ ചൂട് കന്നഡക്കാർക്കും നന്നായറിയാം. കന്നഡക്കാരുടെ കാവേരിയിലെ വെള്ളത്തിൽ തമിഴർക്കെന്തു കാര്യമെന്ന് ചോദിച്ചതിന്റെ പേരിൽ അഞ്ചു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ തർക്കം തുടരുകയാണ്. തമിഴ്‌നാട്ടിൽ കർണാടക രജിസ്‌ട്രേഷൻ വാഹനങ്ങളും കർണാടകത്തിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങളും കത്തിയെരിഞ്ഞു. കോഴികളുമായി പോയ ലോറികൾ കത്തിച്ച് ആയിരക്കണക്കിനു കോഴികളെയാണ് ചുട്ടെരിച്ചത്. അന്നൊക്കെ ഇരുസംസ്ഥനങ്ങളിലെയും താമസക്കാരായ മലയാളികൾ അതത് സംസ്ഥാനങ്ങൾക്ക് പിന്തുണയർപ്പിച്ച് പ്രകടനം നടത്തിയാണ് പിടിച്ചുനിന്നത്. കർണാടക തെരുവുകളിൽ തമിഴ് മക്കളെ മലയാളത്തിൽ അസഭ്യം പറഞ്ഞ് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. മലയാളികളുടെ ആത്മാർത്ഥതയും ശുഷ്കാന്തിയും കണ്ട് നിറകണ്ണുകളോടെ കന്നഡക്കാർ മൈസൂർപാക്ക് വിതരണം ചെയ്തിരുന്നു. ഇനിയൊരു കലാപം കൂടിയുണ്ടായാൽ മലയാളികളുടെ ഈ ബുദ്ധി വിജയിക്കുമോയെന്ന് കണ്ടറിയണം. കർണാടകത്തിലെ എക്കാലത്തെയും മെഗാസ്റ്റാർ ഡോ. രാജ്കുമാറിനെ തമിഴ് നാട്ടുകാരനായ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോഴും കലാപമുണ്ടായി. മൈസൂരുവിലും ഷിമോഗയിലും ഹാസനിലുമൊക്കെ നട്ടുച്ചയ്ക്ക് നടുറോഡിൽ കനൽകൂട്ടി ശയനപ്രദക്ഷിണം നടത്തിയും കവിളിലും ചുണ്ടിലും കമ്പി കുത്തിക്കയറ്റിയും കന്നഡ മക്കൾ പ്രതിഷേധിച്ചിരുന്നു.

സിദ്ധരാമയ്യയുടെ പ്രാദേശികവാദത്തെ പിന്തുണച്ചാൽ നാളെയത് കറങ്ങിത്തിരിഞ്ഞ് കൊടുവാളായി തിരികെവരുമെന്ന് സ്റ്റാലിൻ സഖാവിനെ പെങ്ങളൂട്ടി കനിമൊഴി ഉപദേശിച്ചതായാണ് റിപ്പോർട്ടുകൾ.

മനോഹരം,

സ്നേഹപ്പാര


മലയാളികളടക്കമുള്ളവരെ കർണാടക പുറത്താക്കിയാൽ സമാനരീതിയിൽ തിരിച്ചടി നൽകണമെന്ന് കേരളത്തിലെ സകല നേതാക്കൾക്കും ആഗ്രഹമുണ്ടെങ്കിലും നല്ല പൊറോട്ട കഴിക്കാൻ പറ്റില്ലല്ലോയെന്ന് ഓർക്കുമ്പോൾ സകല ദേഷ്യവും അലിഞ്ഞുപോകുന്നു. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും ആസ്ഥാന പൊറോട്ടയടിക്കാരുമായ ബംഗാളികളെയും അസാമികളും നാടുവിട്ടാൽ ഹോട്ടൽ വ്യവസായം തകരും. കുറേ ടെക്കികൾ സ്ഥലം വിട്ടാൽ ഒന്നും സംഭവിക്കാനില്ല.

പ്രാദേശിക കക്ഷികൾ ശക്തരായി അതത് സംസ്ഥാനങ്ങൾ പിടിച്ചെടുത്താൽ ദേശീയ കക്ഷികളുടെ പ്രസക്തി നഷ്ടപ്പെടുമെന്നത് നേതാക്കളെ ആവേശംകൊള്ളിക്കുന്നു. ഈ കക്ഷികളിലേറെയും ഇന്ത്യാ മുന്നണിയിലാണെന്നത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശങ്ക വളർത്തുന്നു. പരിവാറുകാർക്ക് അതുകൊണ്ട് തന്നെ ആശങ്ക തീരെയില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. സിദ്ധരാമയ്യയുടെ നിലപാട് കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും പ്രദേശിക കക്ഷികളെ ശക്തരാക്കുകയും ചെയ്യുമെന്ന് കോൺഗ്രസിലെ വാർറൂം മേധാവികൾ ബോദ്ധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് കാര്യമാക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കയ്യാലപ്പുറത്തിരിക്കുന്ന മുഖ്യമന്ത്രിക്കസേര കൈവിട്ടുപോവാതിരിക്കാൻ ഇത്തരം ഒറ്റമൂലികൾ ആവശ്യമാണ്. പാർട്ടിയിൽ ശത്രുക്കൾ കൂടുകയാണ്. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിക്കസേര കൈമാറേണ്ടിവരുമെന്ന സൂചന സത്യപ്രതിജ്ഞ ചെയ്ത അന്നുമുതലുണ്ട്. പ്രായക്കൂടുതൽ കണക്കിലെടുത്ത് ഒരുവസരം കൂടി തരണമെന്ന അപേക്ഷ ഹൈക്കമാൻഡ് പരിഗണിക്കുകയായിരുന്നു. പ്രതിപക്ഷത്തെയടക്കം കൈയിലെടുക്കാൻ സിദ്ധരാമയ്യജി നടത്തിയ അറ്റകൈ പ്രയോഗം വിജയിച്ചാലും ഇല്ലെങ്കിലും നേട്ടം അദ്ദേഹത്തിനുതന്നെയാണ്. ഇത്രയും വലിയ മാരകപ്രയോഗം നടത്തുമെന്ന് ഡി.കെ. ശിവകുമാർ പ്രതീക്ഷിച്ചില്ല.
എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ തുടങ്ങിയ കക്ഷികൾ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും മനസിലിരിപ്പ് എന്താണെന്ന് കോൺഗ്രസുകാർക്കും പരിവാറുകാർക്കും ബോദ്ധ്യമുണ്ട്. അധികം ആവേശം വേണ്ടെന്നും 99നേക്കാൾ വലുതാണ് 241 എന്നും പരിവാറുകാർ കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നു.

പ്രാദേശികവാദം

ഉയർന്നാൽ

പഞ്ചാബ്, ആന്ധ്ര, തെലങ്കാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും പ്രദേശികവാദത്തിന് വളക്കൂറുള്ള മണ്ണാണ്. ഇന്ത്യക്കാരെ ഊട്ടുന്നതിൽ മുൻനിരയിലുള്ള തങ്ങൾക്ക് ചില അവകാശങ്ങൾ പതിച്ചുതരണമെന്ന് വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഘടകകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും കൂടുതൽ വിലപേശുമെന്ന് ഉറപ്പാണ്. സ്വന്തം താത്പര്യത്തിന് സിദ്ധരാമയ്യ പൊട്ടിച്ച വെടിയാണെങ്കിലും അത് കാടടച്ച് കൊണ്ടുവെന്ന് കരുതാം.

മലയാളികളും മറുനാട്ടുകാരും തമ്മിലുള്ള വ്യത്യാസമിതാണ്. സങ്കുചിതമായി ചിന്തിക്കാൻ മലയാളിക്കാവില്ല. എല്ലാ നാടുകളെയും സ്വന്തം നാടായി കരുതുന്ന മലയാളികളെ സത്യത്തിലാരും തിരിച്ചറിയുന്നില്ല. സകല നാടുകളുടെയും നന്മയ്ക്കായി പ്രവർത്തിക്കുന്ന ത്യാഗശീലം മറ്റാർക്കുമില്ലതാനും. ഗൾഫ് പണത്തിന്റെ പച്ചപ്പിൽ പിടിച്ചുനിൽക്കുന്ന കേരളത്തിന് ഇത്തരം തർക്കങ്ങളിൽ താത്പര്യമില്ല. ഗൾഫ് നാടുകളും ഇതേരീതിയിൽ ചിന്തിച്ചാൽ മലയാളികൾക്കാകും ഏറ്റവും വലിയ തിരിച്ചടി. തമിഴനും കന്നഡക്കാരനും ഗുജറാത്തിക്കുമൊക്കെ അവരുടെ സംസ്ഥാനങ്ങളിൽ ജോലി കിട്ടുമെന്ന് ഉറപ്പാണെങ്കിലും മലയാളിയുടെ കാര്യം അങ്ങനെയല്ല. തെങ്ങുമില്ല, നെല്ലുമില്ല, വ്യവസായവുമില്ല എന്ന അവസ്ഥയിൽ ജീവിതം പൊറോട്ടയടിപോലെ ക്ലേശകരമാകും.




അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.