പടിഞ്ഞാറത്തറ (വയനാട്): മാനം കറുത്ത് മഴപെയ്യുമ്പോൾ കുറുമണിക്കാർക്ക് ആധിയാണ്. കലങ്ങി മറഞ്ഞ കാലവർഷം വീട്ടുമുറ്റത്തേക്ക് കൈകൾ നീട്ടിയെത്തും. റോഡുകളെ ആഴത്തിൽ മുക്കി കടലുപോലെ ഇരുകരകളും അകന്ന് പോകുമ്പോൾ ആശ്രയം കുഞ്ഞാഞ്ഞ കാശിനാഥനും മൂന്ന് വളളങ്ങളും മാത്രം. മറുകരയിലേക്കുള്ള സഞ്ചാരം മാത്രമല്ല ഗ്യാസ്‌കുറ്റി മുതൽ നിത്യോപയോഗ സാധനങ്ങൾ വരെയും വീടുകളിലെത്താൻ തോണികൾ മാത്രമാണ് കുറുമണിക്കാരുടെ ആശ്രയം. കരയിൽ നിന്ന് നീട്ടി വിളിച്ചാൽ തോണി എത്തും. ആവശ്യക്കാർ തന്നെയാണ് തുഴച്ചിലുകാർ. ആശുപത്രികളിലേക്കും കടകളിലേക്കും സ്‌കൂളിലേക്കും ഓഫീസുകളിലേക്കുമെല്ലാം യാത്ര ഈ കൊച്ചുവള്ളങ്ങളിൽ തന്നെ. ആദ്യകാലത്ത് വാഴത്തടകൾ കൊണ്ടുണ്ടാക്കിയ പാണ്ടികളിലായിരുന്നു മഴക്കാലത്തെ യാത്ര. പിന്നെ പ്ലാസ്റ്റിക് പൈപ്പുകൾ കൂട്ടികെട്ടി യാത്ര തുടർന്നു. കാലം മാറിയതോടെ ഗ്രാമത്തിന് സ്വന്തമായി തോണികളെത്തി. ഇപ്പോൾ കുഞ്ഞാഞ്ഞ, കാശിനാഥനടക്കം നാല് തോണികളുണ്ട്. ഒരു തോണി പഞ്ചായത്താണ് അനുവദിച്ചത്. സെന്റ് സെബാസ്റ്റ്യൻ ചർച്ചും, കെ.എം.സി.സി യും ഷെയ്ക്ക് ഉസ്മാൻ ഹാജിയുമാണ് തോണികൾ സ്‌പോൺസർ ചെയ്തത്.
മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമായി കുറുമണി മാറിയതോടെയാണ് സ്ഥിരം തോണിയെന്ന ലക്ഷ്യത്തിലേക്ക് നാടാകെ തുഴഞ്ഞത്. 2018 ലെയും 2019 ലെയും പ്രളയകാലം നടുക്കത്തോടെയാണ് ഈ നാട് ഓർക്കുന്നത്. വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയപ്പോൾ ദിവസങ്ങളോളം നാട് ഒറ്റപ്പെട്ടു. ബാണാസുരസാഗർ അണക്കെട്ട് തുറക്കുമ്പോഴാണ് പുഴയും ഏറെ ദൂരം കരകവിയുക. അണക്കെട്ടിൽ നിന്ന് വെണ്ണിയോട് പനമരം പുഴകളിലേക്കുള്ള ഒഴുക്കിന് വേഗത കുറയുന്നതോടെ ദിവസങ്ങളോളം പ്രളയസമാനമാണ്. നെൽകൃഷി ഇന്നും സജീവമായി മുന്നേറുന്ന പാടശേഖരത്തിൽ മഴയുടെയും പ്രളയത്തിന്റെയും കലണ്ടറുകൾ മറിച്ചാണ് കർഷകർ ഇറങ്ങുക. ഞാറിടൽ മുതൽ കൊയ്ത്തുവരെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പ്രളയവും വെള്ളപ്പൊക്കവുമെല്ലാം ഓർമ്മകളായി നാടിനെ മൂടുമ്പോഴും ഒരുമയുടെ വഞ്ചിയിൽ നാട് മുന്നോട്ട് തുഴയും. വെള്ളമിറങ്ങിയാൽ പാടത്ത് സമൃദ്ധിയുടെ നെൽവിത്തുകളെറിഞ്ഞാണ് ഇവരുടെ ആഘോഷം. മഴക്കാലം മാറിയാൽ അടുത്തമഴക്കാലം വരെ കടത്തുതോണികൾക്ക് കരയിൽ വിശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |