കണ്ണ് തുറപ്പിച്ചത് കേരളകൗമുദി
കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് ഏർലി ഇന്റർവെൻഷൻ സെന്ററിൽ (ഡി.ഇ.ഐ.സി) ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സൗജന്യ ഷെഡ്യൂൾ എച്ച് മരുന്ന് വിതരണം അടുത്തമാസം ഒന്ന് മുതൽ പുനരാരംഭിക്കും.
മരുന്ന് ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് കാരുണ്യവഴിയുള്ള മരുന്ന് വിതരണം നിറുത്തലാക്കിയത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ഡി.എം.ഒ ഡോ. എം.എസ്.അനു വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.
സൗജന്യമായി ലഭിക്കുന്ന മരുന്ന് ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ഇ.ഐ.സി വഴിയുള്ള സൗജന്യ മരുന്ന് വിതരണം രണ്ടുവർഷം മുമ്പ് നിറുത്തിയത്. പ്രതിഷേധം ശക്തമായതോടെ വിക്ടോറിയയിലെ പീഡിയാട്രീഷ്യന് ചുമതല നൽകി പുനരാരംഭിച്ചു. ഈ പീഡിയാട്രീഷ്യൻ കഴിഞ്ഞ മാസം വിരമിച്ചതോടെ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാതെ പദ്ധതി സ്തംഭിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം പദ്ധതിയിൽ നിന്നാണ് സൗജന്യ മരുന്ന് വിതരണത്തിനുള്ള പണം അനുവദിക്കുന്നത്. ജില്ലാ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ദേവ് കിരണും പങ്കെടുത്തു.
പുതിയ തീരുമാനങ്ങൾ
രണ്ട് മാസത്തിലൊരിക്കൽ കുട്ടിയെ നേരിട്ട് കൊണ്ടുവരണം
12 വയസുവരെ വിക്ടോറിയയിലെ പീഡിയാട്രീഷ്യൻ പരിശോധിക്കും
12ന് മുകളിലുള്ളവർക്ക് ജില്ലാ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനം
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിൽ പ്രത്യേക സേവനം
നിരാമയ, പാലിയേറ്റ് കെയർ പദ്ധതികൾ വഴിയും സൗജന്യ മരുന്ന്
പദ്ധതി ഗുണം ചെയ്യുന്നത്
ഓട്ടിസം
സെറിബ്രൽപാഴ്‌സി
സ്വീസർ ഡിസോർഡർ
എ.ഡി.എച്ച്.ഡി
മരുന്ന് ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടതിനാലാണ് വിതരണം നിറുത്തിയത്. രോഗികളുടെ അവസ്ഥയും സാമ്പത്തിക പരാധീനതയും പരിഗണിച്ചാണ് ഷെഡ്യൂൾ എച്ച് മരുന്ന് വിതരണം പുനരാരംഭിക്കുന്നത്.
ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |