കൊല്ലം: ഒന്നര വർഷം മുമ്പ് നിർമ്മാണം പൂർത്തിയായിട്ടും തുറക്കാത്ത കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ഓലയിൽക്കടവ് വരെയുള്ള പാലത്തിൽ വൺവേ സാദ്ധ്യത പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം.
ഇന്നലെ കൊല്ലത്തെത്തിയ മന്ത്രി മുഹമ്മദ് റിയാസിനോട് പാലം തുറന്ന് നൽകാത്തത് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നിർദ്ദേശം. ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്കുള്ള ലിങ്ക് റോഡ് നാലാംഘട്ടത്തിന് അനുമതി ലഭിച്ചശേഷം ഓലയിൽക്കടവ് വരെയുള്ള മൂന്നാംഘട്ടം ഗതാഗതത്തിന് തുറന്നുനൽകിയാൽ മതിയെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. നാലാം ഘട്ടത്തിന് കിഫ്ബിയുടെ അനുമതി വൈകുമെന്ന് ഉറപ്പായതോടെ ആശ്രാമത്ത് നിന്ന് ട്രാൻ. ഡിപ്പോ വരെയുള്ള ലിങ്ക് റോഡിന്റെ നവീകരണം പൂർത്തിയായാലുടൻ പാലത്തിലൂടെയും ഗതാഗതം അനുവദിക്കാൻ അടുത്തിടെ ധാരണയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം മേവറം കാവനാട് പാതയിലെ ഗതാഗത സാന്ദ്രത പഠിച്ച ശേഷം ലിങ്ക് റോഡ് പാലത്തിൽ താത്കാലികമായി ഗതാഗതം അനുവദിക്കാവുന്ന ദിശ തീരുമാനിക്കും. ലിങ്ക് റോഡ് നവീകരണം പൂർത്തിയാകുമ്പോൾ ഇരുദിശകളിലേക്കും ഗതാഗതം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |