കൊല്ലം: പരിപാലന കരാർ നിലവിലുള്ള റോഡിന് കേടുപാടുണ്ടായാൽ ജനങ്ങൾ താൻ അടക്കമുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ 992.422 കിലോമീറ്റർ റോഡിന് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയും 509.417 കിലോമീറ്റർ ദൂരത്തിൽ ഡിഫക്‌ട്സ് ലൈബിലിറ്റി കാലാവധി വരെയും പരിപാലന കരാർ നിലനിൽക്കുന്നുണ്ട്. ഈ റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പരുകളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ റോഡുകളിൽ കേടുപാടുണ്ടായാൽ ജനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണം.
ദേശീയപാത 66 വികസനം 2025 ഡിസംബറിൽ പൂർത്തിയാകും. കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിന് ജി.എസ്.ടി, റോയൽറ്റി ഇനങ്ങളിൽ 317.35 കോടി രൂപ സംസ്ഥാന സർക്കാർ ഇളവ് ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗ് ആക്കിയതോടെ 18.50 കോടി അധിക വരുമാനം ലഭിച്ചു. പൊഴിക്കര റസ്റ്റ് ഹൗസിന് 34 ലക്ഷം രൂപയും കൊട്ടാരക്കര റസ്റ്റ് ഹൗസിന് 75 ലക്ഷം രൂപയും നവീകരണത്തിന് അനുവദിച്ചു. അച്ചൻകോവിൽ, പത്തനാപുരം, ആര്യങ്കാവ് ഉൾപ്പെടെയുള്ള റസ്റ്റ് ഹൗസുകൾക്ക് 25 ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു.
നിയമസഭാമണ്ഡലം അടിസ്ഥാനത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ ജനപ്രതിനിധികൾ കൂടിച്ചേർന്ന് അവലോകനം ചെയ്യുന്ന സി.എം.ടി സംവിധാനത്തിൽ ജില്ലയിൽ 236 യോഗങ്ങൾ നടന്നു. 56 ഏക്കറോളം വിസ്തൃതിയുള്ള കുറ്റാലം പാലസിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കാൻ 99.65 ലക്ഷം രൂപ ടൂറിസം വകുപ്പ് വകയിരുത്തി. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും തമ്മിൽ റവന്യു മോഡലിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ തമിഴ്‌നാട് അതിർത്തിയിലുള്ള മലയാളികൾക്ക് കൂടുതൽ തൊഴിലവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ
പൊതുമരാമത്ത് വകുപ്പ് റോഡ് -2150.675 കിലോമീറ്റർ
പരിപാലന കരാർ - 86%
റണ്ണിംഗ് കോൺട്രാക്ട് പരിപാലനത്തിന് ₹ 33.44 കോടി
കൊല്ലം-ആയൂർ റോഡ് പരിപാലനത്തിന് ₹ 69.06 കോടി
നിർമ്മാണം പുരോഗമിക്കുന്നത് - 340.27 കിലോമീറ്റർ റോഡിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |