സംസ്ഥാനത്ത് കുട്ടനാട്ടിലും പത്തനംതിട്ട, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും നഷ്ടം വിതച്ച വൈറസ് രോഗമായ പക്ഷിപ്പനി, ആ മേഖലകളെ കർഷകരെ മാത്രമല്ല താറാവ്, കോഴി വിപണിയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. വൈറസിന്റെ എച്ച്5 എൻ 1 വകഭേദമാണ് രോഗകാരണം. രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകൾ, കോഴികൾ, വളർത്തുപക്ഷികൾ എന്നിവയെ കൊന്നൊടുക്കി മറവു ചെയ്യുന്നതാണ് നിലവിൽ നടന്നുവരുന്നത്.
കുട്ടനാട് മേഖലയിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികമായി പക്ഷിപ്പനി തുടർച്ചയായി റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. കൊന്നൊടുക്കിയ പക്ഷികൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനപ്പുറം രോഗനിയന്ത്രണം, പര്യവേഷണം, ഗവേഷണം എന്നിവയിലുള്ള സുസ്ഥിര നിയന്ത്രണ നടപടികൾ അനുവർത്തിക്കുന്നില്ല. പക്ഷിപ്പനി നിയന്ത്രണത്തിന് ദേശീയതലത്തിൽ രോഗപര്യവേഷണ ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള നിർദേശം വർഷങ്ങളായി നടപ്പിലായിട്ടില്ല. ദേശാടനപ്പക്ഷികൾ രോഗം പരത്തുന്നു എന്നു പറയുന്നതല്ലാതെ രോഗ പര്യവേഷണം, തുടർച്ചയായ റിപ്പോർട്ടിംഗ്, ജന്തുജന്യ രോഗത്തിന്റെ തീവ്രത തുടങ്ങി നിരവധി കാര്യങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്.
ലോകത്തു തന്നെ വളരെ പ്രശസ്തമായ റംസാർ ആവാസവ്യവസ്ഥയാണ് കുട്ടനാട്ടിലുള്ളത്. കുട്ടനാട്ടുകാരുടെ ജീവിതവും താറാവ് വളർത്തലും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനമാർഗം കൂടിയാണിത്. വ്യവസായികാടിസ്ഥാനത്തിലും, നൊമാഡിക്/പരമ്പരാഗത രീതിയിലും താറാവുകളെ വളർത്തിവരുന്നു. താറാവ് ഇറച്ചി, മുട്ട എന്നിവയിലൂടെയുള്ള വരുമാനവും താറാവിൽ നിന്നുള്ള ജൈവ വളവും കുട്ടനാടിന്റെ കാർഷിക സമ്പുഷ്ടിക്ക് മുതൽക്കൂട്ടാണ്.
എന്നാൽ, തുടർച്ചയായ രോഗവ്യാപനം, കടുത്ത നിയന്ത്രണങ്ങൾ, വരുമാനത്തിലുള്ള കുറവ്, കുറഞ്ഞ വില, നഷ്ടപരിഹാരത്തിലെ അശാസ്ത്രീയത എന്നിവ കർഷകരെയും സംരംഭകരേയും താറാവ് വളർത്തലിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടനാടിന്റെ ആവാസ വ്യവസ്ഥയിൽ തനത് താറാവ് ജനുസുകളും തീറ്റയും രോഗനിയന്ത്രണ സംവിധാനങ്ങളുമുണ്ട്. ദേശാടനപ്പക്ഷികളാണ് രോഗം പരത്തുന്നത് എന്ന് അനുമാനിക്കുന്നുണ്ടെങ്കിലും, ഭൂപ്രകൃതി വിലയിരുത്തിയുള്ള വിശദമായ ഗവേഷണ പഠനങ്ങളാണ് ഈ മേഖലയ്ക്ക് ആവശ്യം.
സംസ്ഥാനത്ത് പക്ഷിപ്പനി ബാധിത മേഖലകളിൽ കോഴി, താറാവ് വില്പന അടുത്ത വർഷം മാർച്ച് വരെ നിരോധിക്കണമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ വില്പനയും കടത്തലും നിരോധിക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. തുടർച്ചയായ വിപണന നിയന്ത്രണം കർഷകരെ പ്രതികൂലമായി ബാധിക്കും. ആലപ്പുഴ കേന്ദ്രീകരിച്ച് ദേശീയ പക്ഷിപ്പനി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് വേണ്ടത്.
(കേരള വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |