വർക്കല: അയിരൂരിൽ ഇലക്ട്രിക് മീറ്റർ തീപിടിച്ചതിനെ തുടർന്ന് പരിശോധിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ ഗൃഹനാഥൻ പൊലീസിൽ പരാതി നൽകി. അയിരൂർ സ്വദേശി പറമ്പിൽ രാജീവാണ് ലൈൻമാന്മാർക്കെതിരെ പരാതി നൽകിയത്.
ശനിയാഴ്ച രാത്രി 11 ഓടെയാണ് രാജീവിന്റെ വീട്ടിലെ ഇലക്ട്രിക് മീറ്ററിൽ നിന്ന് തീ പടർന്നത്. ഇതുശ്രദ്ധയിൽപ്പെട്ട അയൽവാസി ഫോണിൽ വിളിച്ച് പെട്ടെന്ന് വീടിന് പുറത്തിറങ്ങാൻ നിർദ്ദേശിച്ചു. പരിഭ്രാന്തനായ രാജീവ് കുടുംബത്തെ വിളിച്ചുണർത്തി വീടിന് പുറത്തേക്കിറങ്ങി. തുടർന്ന് കെടാകുളം ഇലക്ട്രിക്സിറ്റി ഓഫീസിൽ വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ല. രാജീവ് വീണ്ടും ബന്ധപ്പെട്ടപ്പോൾ ഫയർ ഫോഴ്‌സിനെ വിളിക്കാൻ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് രണ്ട് ലൈൻമാന്മാർ എത്തി. എന്നാൽ ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കയോ ചെയ്തെന്നും രാജീവിന്റെ പരാതിയിൽ പറയുന്നു. വൈദ്യുതി വിച്ഛേധിച്ച ശേഷം തീ പടർന്നതിന്റെ കാരണം കണ്ടെത്താൻ ആവശ്യപ്പെട്ട ഗൃഹനാഥനെ ഇവർ അസഭ്യം പറഞ്ഞു. തുടർന്ന് രാജീവ് അയിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷൻ വിച്ഛേധിച്ചതെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടം ഒഴിവായതെന്നും രാജീവ് പറഞ്ഞു. ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി കേസെടുത്തു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും കഴിഞ്ഞദിവസം വൈകിയും വീട്ടിൽ കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല. മക്കളും ചെറുമകളും ഭാര്യയും ഉൾപ്പെടെ 7 പേരാണ് രാജിവിന്റെ വീട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |