കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് നിപ്പ കാരണമുള്ള ഇരുപത്തിയൊന്നാമത്തെ മരണമാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരന്റേത്. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ അനുസരിച്ച് ലോകത്തെവിടെയും ഭീഷണിയായേക്കാവുന്നതാണ് ഈ രോഗം. പല ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗം, അതു ബാധിച്ച 70 ശതമാനം പേരിൽ ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.
കേരളത്തിൽ നിപ്പ വൈറസിന്റെ പ്രധാന സ്രോതസ് റ്റീറോപ്പസ് വിഭാഗത്തിലുള്ള പഴംതീനി വവ്വാലുകളാണ് (ഫ്രൂട്ട് ബാറ്റ്സ്). ഇവിടെ കണ്ടെത്തിയിട്ടുള്ള പഴംതീനി വവ്വാലുകളുടെ 39 സ്പീഷീസുകളിൽ ഏഴെണ്ണത്തിലാണ് നിപ്പ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നടത്തിയ പഠനം നിപ്പ വൈറസിന്റെ സാന്നിധ്യം ഈ വവ്വാലുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ കേരളത്തിലുണ്ടായ നിപ്പ അണുബാധയിൽ രോഗികളിൽ കണ്ട വൈറസിനെ, ഈ രോഗികളുടെ വാസസ്ഥലത്തിനു സമീപമുള്ള വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. നിപ്പാ വൈറസ് വവ്വാലുകളിൽ നിന്ന് അവയുടെ സ്രവങ്ങൾ വഴി പുറത്തെത്തുന്നു. ഇവ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ എത്തുന്നത് എന്നു കണ്ടെത്താൻ സങ്കേതിക പരിമിതികളുണ്ട്.
ലോകം കീഴടക്കിയ കൊറോണ വൈറസിന്റെ കാര്യത്തിൽ ഉൾപ്പെടെ ഏതു രീതിയിലാണ് വൈറസ് അണുബാധ മൂലസ്രോതസുകളിൽ നിന്ന് മനുഷ്യരിലേക്കു വ്യാപിച്ചത് എന്നത് വ്യക്തമല്ല. വവ്വാലുകളിൽ ചില പ്രത്യേക സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനമോ മറ്റു മാറ്റങ്ങളോ കാരണം ഈ വൈറസുകൾ ഉദ്ദീപിപ്പിക്കപ്പെട്ട് അവയുടെ വിസർജ്യത്തിലൂടെ പുറന്തള്ളപ്പെടുന്നതായി കരുതപ്പെടുന്നു. ഈ വിസർജ്യ വസ്തുക്കളുമായി സമ്പർക്കമുണ്ടാവുകയോ, വവ്വാലുകൾ കടിച്ച കായ്‌കനികൾ ഭക്ഷിക്കുകയോ ചെയ്താൽ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചേക്കാം. ഇങ്ങനെയുണ്ടായാൽ മൂന്നു മുതൽ 12 ദിവസത്തിനകം അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കും.
പനിയായിട്ടാണ് ലക്ഷണം തുടങ്ങുക. രോഗത്തിന്റെ പകർച്ച കാലഘട്ടം ആറു മുതൽ 14 ദിവസം വരെയാണ്. രോഗം തലച്ചോറിനെ ബാധിക്കുന്നതോടെ ഓർമ്മശക്തിയിൽ തകരാറുകൾ, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. ഇപ്പോൾ കേരളത്തിൽ പലതരം മസ്തിഷ്‌ക ജ്വരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റു രീതിയിലുള്ള മസ്തിഷ്‌ക ജ്വരങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ചില ലക്ഷണങ്ങൾ രോഗിയുടെ ശരീരം പ്രകടിപ്പിക്കുമ്പോഴാണ് നിപ്പാ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള പരിശോധന പ്രത്യേകമായി നടത്തുക.
ഇന്നലെ മരണമടഞ്ഞ കുട്ടി താമസിച്ചിരുന്ന സ്ഥലം (മലപ്പുറം പാണ്ടിക്കാട്) വവ്വാലുകൾ കൂടുതലായുള്ള പ്രദേശമായാണ് മനസിലാക്കാൻ സാധിച്ചത്. എന്നാൽ എങ്ങനെയാണ് ഈ കുട്ടിയിലേക്ക് വവ്വാലിൽ നിന്ന് രോഗം പകർന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഈ വവ്വാലുകളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നത്. ജീവനില്ലാത്ത പ്രതലത്തിൽ ഈ വൈറസുകൾക്ക് ദീർഘനാൾ ജീവിക്കാൻ സാദ്ധ്യമല്ല. അതു മാത്രമല്ല, സ്രവങ്ങളിൽ വൈറസിന്റെ അളവ് കൂടിനിൽക്കുന്ന സാഹചര്യത്തിൽ മാത്രമേ ഇവ മനുഷ്യനിലേക്ക് പകരുകയുള്ളൂ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ പഠനങ്ങളിൽ, കാശ്മീർ ഒഴികെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സ തേടുന്ന ഏതു രോഗിയിലും നിപ്പ സാദ്ധ്യതയുണ്ടോ എന്നത് നിർണയിക്കേണ്ടതുണ്ട്. വളരെയധികം പേരിലേക്ക് സാധാരണഗതിയിൽ അണുബാധയുണ്ടാകാറില്ല. ആകെ കണ്ടെത്തിയിട്ടുള്ള നിപ്പാ രോഗികളിൽ പത്തിലൊന്ന് പേരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. രോഗികളുമായി സമ്പർക്കം പുലർത്തിയവരിൽ 14 ശതമാനം പേർക്കാണ് രോഗം പകർന്നു കിട്ടിയിട്ടുള്ളത്. വവ്വാലുകളിൽ നിന്ന് ഏതൊക്കെ രീതിയിലാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത് എന്നതിനെക്കുറിച്ചും, ഫലവത്തായ മോണോക്ലോണൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിനെപ്പറ്റിയും ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും പഠനങ്ങൾ നടന്നു വരുന്നുണ്ട്.
നിപ്പാ രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ പരിശോധന നടത്തണം. രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരെ തിരിച്ചറിഞ്ഞ് 21 ദിവസം അവരെ മാറ്റിപ്പാർപ്പിക്കണം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് ദിവസവും നിരീക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ അവരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുകയും, മികച്ച ചികിത്സ ലഭ്യമാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |