കുട്ടനാട്: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ മോർച്ചറിയിലേക്ക് മാറ്റും. വ്യാഴാഴ്ച രാവിലെ 10ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളിസെമിത്തേരിയിൽ സംസ്കാരം.
കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (ജിജോ-42), ഭാര്യ ലിനി (37), മകൾ ഐറിൻ (14), മകൻ ഐസക്ക് (10) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി താമസസ്ഥലത്തെ എ.സിയിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.
ലിനിയുടെ സഹോദരൻ ലിജോ അയർലന്റിൽ നിന്നും അടുത്ത ചില ബന്ധുക്കൾ മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും എത്തിച്ചേരേണ്ടതിനാലാണ് സംസ്കാരം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരം നീരേറ്റുപുറത്തെ വസതിയിലേക്ക് കൊണ്ടുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |