SignIn
Kerala Kaumudi Online
Saturday, 12 September 2026 9.20 PM IST

അടിയന്തര ഇടപെടൽ --- ബംഗ്ലാദേശ് പ്രക്ഷോഭം: സംവരണ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

READ ENGLISH VERSION
pic

ധാക്ക: ദിവസങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ വിവാദ തൊഴിൽ സംവരണ ഉത്തരവ് റദ്ദാക്കി ബംഗ്ലാദേശ് സുപ്രീംകോടതി. വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തുകയും 133 പേർ കൊല്ലപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഇടപെടൽ.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. പകരം ഇവർക്ക് അഞ്ച് ശതമാനം സംവരണമാകാമെന്നും വ്യക്തമാക്കി. സർക്കാർ ജോലിയിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിലാക്കണം. രണ്ട് ശതമാനം സംവരണം പിന്നാക്കക്കാർക്കും ഭിന്നശേഷിക്കാർക്കുമാണെന്നും കോടതി വിധിച്ചു.

അതേസമയം വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള സംവരണം പൂർണമായും റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റിലായവരെ വിട്ടയക്കുക, അക്രമം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് പ്രതിഷേധം തുടർന്നേക്കും. 

തിങ്കളാഴ്ച മുതലാണ് ബംഗ്ലാദേശിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ക്യാമ്പസുകളിൽ തുടങ്ങിയ പ്രതിഷേധം തെരുവിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലും തീവയ്പിലും കലാശിച്ചു. സർക്കാർ സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകർത്തു. എന്നാൽ സമരം മുതലെടുത്ത് അക്രമം അഴിച്ചുവിട്ടത് പ്രതിപക്ഷ പാർട്ടികളാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

രാജ്യത്ത് ഇന്റർനെറ്റ്, ടെക്‌സ്‌റ്റ് മെസേജ് സേവനങ്ങൾ പുനഃരാരംഭിച്ചിട്ടില്ല. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പ്രഖ്യാപിച്ച കർഫ്യൂ ഒരറിയിപ്പുണ്ടാകും വരെ തുടരും. ഇന്ന് പൊതു അവധിയായിരിക്കുമെന്നും അവശ്യസേനങ്ങൾ മാത്രമേ പ്രവർത്തിക്കൂ എന്നും സർക്കാർ വ്യക്തമാക്കി. സൈന്യത്തിന്റെ പട്രോളിംഗുണ്ടായിരുന്നതിനാൽ വലിയ അക്രമങ്ങളുണ്ടായില്ല. സുപ്രീംകോടതി വിധിക്ക് പിന്നാലെ സമീപ പ്രദേശങ്ങൾ ശാന്തമായിരുന്നതായി സൈന്യം അറിയിച്ചു.

 നിറുത്തലാക്കിയെങ്കിലും...

1972ലാണ് ബംഗ്ലാദേശിൽ സർക്കാർ ജോലിയിൽ സംവരണ സംവിധാനം ഏർപ്പെടുത്തിയത്. 2012ലെ കണക്ക് പ്രകാരം വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾ (30%), സ്ത്രീകൾ (10%), പിന്നാക്ക വിഭാഗം (10%), ഗോത്ര വിഭാഗം (5%), ഭിന്നശേഷിക്കാർ (1%) എന്നിങ്ങനെ 56 ശതമാനം സംവരണത്തിനായി നീക്കിവച്ചു. 44 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും. വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് തുടക്കം മുതൽ 30 ശതമാനം സംവരണം നീക്കിവച്ചിരുന്നു. 2010ൽ കൊച്ചുമക്കളെയും സംവരണത്തിന് കീഴിൽ ഉൾപ്പെടുത്തി. തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇത് അനാവശ്യമാണെന്ന് കാട്ടി പ്രതിഷേധമുയർന്നു. പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ 2018ൽ ഷെയ്ഖ് ഹസീന സർക്കാർ എല്ലാ സംവരണങ്ങളും നിറുത്തലാക്കാൻ ഉത്തരവിട്ടു. എന്നാൽ ജൂൺ 5ന് ഹൈക്കോടതി സർക്കാർ തീരുമാനം അസാധുവാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360