അങ്ങാടിയ്ക്കൽ സ്വദേശിയായ ഗീതയ്ക്കിത് സ്വപ്നം സാക്ഷാത്കാരം. കുറച്ച് നാളുകൾക്ക് മുമ്പാണ് ഇഷ്ടതാരമായ മഞ്ജു വാര്യരെപ്പറ്റി ഗീത കവിതയെഴുതിയത്. 'പോയനാളുകൾ' എന്ന് പേരിട്ടിരിക്കുന്ന കവിത മഞ്ജുവിനെ ചൊല്ലി കേൾപ്പിക്കണമെന്നതായിരുന്നു തൊഴിലുറപ്പ് തൊഴിലാളിയായ കവയത്രിയുടെ ഏറ്റവും വലിയ ആഗ്രഹം.
മഞ്ജു വാര്യരെ ചൊല്ലി കേൾപ്പിക്കാൻ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി വാർഡ് മെമ്പറായ ജിതേഷ് കുമാർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റ് വൈറലായിരുന്നു. ഇതിനുപിന്നാലെ കേരള കൗമുദിയിൽ ഗീതയെപ്പറ്റി വാർത്തയും വന്നു. ഇതുവഴി മഞ്ജുവിനെ കാണാൻ വഴിയൊരുങ്ങി.
മഞ്ജു വാര്യരെ കാണുകയും കവിത നൽകുകയും മാത്രമല്ല ഗീത ചെയ്‌തത്. പ്രിയ താരത്തോട് കുശലാന്വേഷണം നടത്തി, കവിളിലൊരു മുത്തവും നൽകിയ ശേഷമാണ് ഈ ആരാധിക മടങ്ങിയത്.18 ാം വയസിലാണ് ഗീത കവിത എഴുതിത്തുടങ്ങിയത്.
ശ്രീനാരായണ ഗുരുവിന് പ്രണാമം അർപ്പിക്കാനായും ഇതിനുമുമ്പ് കവിത എഴുതിയിട്ടുണ്ട്. ചെറുപ്പകാലത്ത് കഠിനമായ തലവേദനയെ തുടർന്ന് ഒരഭയം എന്നവണ്ണം ഗണപതി ഭഗവാന് ഒരു ശ്ലോകം എഴുതിയാണ് കവിതാരചനയ്ക്ക് തുടക്കം കുറിച്ചതെന്ന് ഗീത കേരള കൗമുദിയോട് പറഞ്ഞു. ശ്രീകൃഷ്ണനേയും അയ്യപ്പനേയും ഭജിച്ച് കവിതകൾ എഴുതുന്ന ഗീതയ്ക്ക് പ്രളയവും ശബരിമല സ്ത്രീ പ്രവേശനവും പ്രപഞ്ചവും ഭൂമിയും സൂര്യചന്ദ്രൻമാരും എല്ലാം വിഷയങ്ങളാണ്. ഇതുവരെ അമ്പത് കവിതകൾ എഴുതിയിട്ടുണ്ട്. എന്നാൽ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |