കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെ അഭിനന്ദിക്കുകയായിരുന്നു കവി വയലാർ രാമ വർമ്മ. പക്ഷേ, കണ്ണീരിന്റെ പര്യായമാവാൻ ഇന്നത്തെ സ്ത്രീകൾ ഒരുക്കമല്ല. 'ന:സ്ത്രീ സ്വാതന്ത്രമർഹതി" എന്ന മനുവിന്റെ സിദ്ധാന്തവും 'അബലാ ചപലാ നാരി" എന്ന പരിഹാസവുമൊക്കെ ഇന്ന് പഴങ്കഥ. പുരുഷന്മാരെപ്പോലെ ബഹിരാകാശ സഞ്ചാരം വരെ നടത്തുന്ന സ്ത്രീകൾ ഇന്ന് ഏതു രംഗത്തും കരുത്തിന്റെ പ്രതീകങ്ങളാണ്. എങ്കിലും തരളിത ഹൃദയരുമാണ്. എന്തെങ്കിലും അപകടമോ ദുരന്തമോ മുന്നിൽ കണ്ടാൽ പരിസരം മറന്ന് വാവിട്ടു കരയും. ചിലപ്പോഴെങ്കിലും ആ കരച്ചിൽ സ്ത്രീകൾക്ക് സ്വരക്ഷയ്ക്കുള്ള ആയുധവുമാകാറുണ്ടെന്ന് പുരുഷന്മാർ പറയുന്നത് കഠിനഹൃദയരായതിനാലാവാം!
തലസ്ഥാന നഗരമദ്ധ്യത്തിലൂടെ മാലിന്യ വാഹിനിയായി ഒഴുകുന്ന ആമയിഴഞ്ചാൾ തോട്ടിൽ മാലിന്യനീക്കത്തിനിടെ അകപ്പെട്ട പാവപ്പെട്ട യുവാവ് ജോയിയുടെ രക്ഷയ്ക്കായി മൂന്നുനാൾ നീണ്ട കൂട്ടായ പരിശ്രമം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. ഒടുവിൽ കിട്ടിയത് ജീർണിച്ച മൃതദേഹം. അതു കണ്ട് ജോയിയുടെ ഉറ്റവർ മാത്രമല്ല, മേയർ ആര്യാ രാജേന്ദ്രനും പൊട്ടിക്കരഞ്ഞു. ജോയിയെ ജീവനോടെ തിരിച്ചു കിട്ടാത്തതിലായിരുന്നു
ആര്യയുടെ ദു:ഖം. ആമയിഴഞ്ചാനിലെ മാലിന്യം യഥാസമയം നീക്കാതെ ആ യുവാവിനെ മരണത്തിലേക്കു തള്ളിവിട്ട
മേയറുടേത് കള്ളക്കണ്ണീരെന്ന് പ്രതിപക്ഷം. മികച്ച നടിക്കുള്ള ഇക്കൊല്ലത്തെ സംസ്ഥാന അവാർഡ് ആര്യയ്ക്ക്
കൊടുക്കണമെന്ന് ശുപാർശ ചെയ്ത് ചിലർ. കുടലെടുത്തു കാണിച്ചാലും വാഴനാരെന്നു പറയുന്നവർ! ചോര തന്നെ കൊതുകിനു കൗതുകമെന്ന് ഭരണപക്ഷം.
തെരച്ചിലിന്റെ രാവും പകലും ആര്യ ആ മഹായജ്‌ഞത്തിനൊപ്പം നിന്നു എന്നത് സത്യം. അപ്പോൾ കരയാനും അവകാശമില്ലേ?മേയർക്ക് ഈ 'ബുദ്ധി" നേരത്തേ തോന്നിയിരുന്നെങ്കിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നല്ലോ എന്നു ചോദിച്ചാൽ, ഉടനെ രാഷ്ട്രീയം വരും. വാദി പ്രതിയാകും. നഗരത്തിലെ മാത്രമല്ല, നഗരത്തിനു പുറത്തെയും റെയിൽവേയുടെയും എല്ലാ മാലിന്യങ്ങളുടെയും താവളമാണ്
ആമയിഴഞ്ചാൻ തോട്. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മസേനക്കാർ മാസാമാസം ഫീസ് ഇടാക്കി
ശേഖരിക്കുന്ന മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കുന്നുവെന്നതും തർക്ക വിഷയമാണ്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു പരിസരത്തെ തോട്ടിലാണ് ജോയി അകപ്പെട്ടത്. അതുകൊണ്ട് ജോയിയുടെ ദുരന്തത്തിന് ഉത്തരവാദി റെയിൽവേ ആണെന്നാണ് മേയറുടെയും പാർട്ടി നേതാക്കളുടെയും വാദം. നഗരത്തിൽ 14 കിലോ മീറ്റർ ചുറ്റളവിലുള്ള ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരമാണ് തോട്ടിലെ ഒഴുക്ക് നിലയ്ക്കാൻ കാരണം. ഇതിൽ റെയിൽവെയുടെ കൈവശം 114 മീറ്റർ ദൂരം മാത്രം. അപ്പോൾ നഗരസഭയ്ക്കും ഇറിഗേഷൻ വകുപ്പിനുമെല്ലാം കുറ്റം റെയിൽവേയുടെ തലയിൽ വച്ച് എങ്ങനെ കൈകഴുകാനാവുമെന്ന ചോദ്യം പ്രസക്തം.
റെയിൽവേയെ തൊട്ടപ്പോൾ ബി.ജെ.പി നേതാക്കൾക്കു പൊള്ളി. നഗരസഭയിലെ ശുചീകരണത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച എട്ടു കോടിയിൽ രണ്ടുകോടി മാത്രമാണ് നഗരസഭ ചെലവഴിച്ചതെന്ന അവരുടെ ആരോപണത്തിന് മേയറുടെ മറുപടി കേട്ടില്ല. വെറുതെ വന്ന് നാടകം കാണിക്കുന്ന രാഷ്ട്രീയക്കാരനല്ല താനെന്നാണ് ആമയിഴഞ്ചാൻ തോട്ടിലെ ദുരന്ത സ്ഥലത്ത് കണി കാണാൻ പോലും കിട്ടാതിരുന്ന തലസ്ഥാനത്തെ എം.പി ശശി തരൂരിന്റെ വാദം. വെറുതെ വന്ന് മാദ്ധ്യമങ്ങൾക്കു മുമ്പിൽ എന്തെങ്കിലും പറഞ്ഞാൽ ആ മനുഷ്യൻ രക്ഷപ്പെടുമായിരുന്നോ എന്ന മറുചോദ്യവും!
എം.പിയായാൽ ഇങ്ങനെ വേണം. വയനാട്ടിലിരുന്നുകൊണ്ട് ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചു. ഫെയ്സ് ബുക്കിൽ രണ്ടുതവണ പോസ്റ്റിട്ടു. ഇതൊക്കെ പോരേ? ശശി തരൂർ ഫെയ്സ് ബുക്കിലൂടെ ജീവിക്കുന്ന ആളാണെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദുരന്തസ്ഥലത്ത് എത്തുകയോ ഫോണിൽ വിളിച്ച് ചോദിക്കുകയോ പോലും ചെയ്തില്ലെന്നും ആരോപണം. മന്ത്രി ശിവൻകുട്ടി കഥയറിയാതെ ആട്ടം കാണരുത്. ആമയിഴഞ്ചാനിൽ ജോയിക്കായി സ്കൂബാ ഡൈവിലെ ഒരു സംഘം മനുഷ്യർ അഴുക്കുചാലിൽ മുങ്ങിത്തപ്പുമ്പോൾ തരൂരും സതീശനും കൂട്ടരും വയനാട്ടിലിരുന്ന് ക്രിക്കറ്റ് മാച്ച് കാണുകയായിരുന്നില്ല; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുയലിനെപ്പോലെ ഓടിയെത്തി ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. ആനക്കാര്യത്തിനിടയിലോ ചേനക്കാര്യം?ആമയുടെയും മുയലിന്റെയും ഓട്ടത്തിന്റെ കഥ അവർ ഓർക്കുന്നതു നന്നെന്ന് എതിർപക്ഷം!
വിഴിഞ്ഞം തുറമുഖത്ത് ചരക്കുമായി ആദ്യ അമ്മക്കപ്പൽ എത്തിയതിന്റെ ആഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി
വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് വിട്ടുകളഞ്ഞത് അദ്ദേഹത്തോടുള്ള വൈരാഗ്യം കൊണ്ടാണെന്നല്ലേ പറഞ്ഞത്. അതൊക്കെ സഖാവിന്റെ രാഷ്ട്രീയ നമ്പരായിരുന്നില്ലേ! ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിൽ തലസ്ഥാനത്ത് പിണറായി സഖാവ് നടത്തിയ പ്രസംഗം തന്നെ സാക്ഷ്യം. സഖാവിന്റെ ഓരോ വാക്കിലും ഉമ്മൻചാണ്ടി പ്രശംസ വഴിഞ്ഞൊഴുകി. രോഗത്തിന്റെ മൂർദ്ധന്യത്തിലും ചിരിക്കുന്ന മുഖവുമായി നിലകൊണ്ട ഉമ്മൻചാണ്ടി അതിജീവന പോരാട്ടത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്നും, 'എനിക്കതീവ ദൂരമുണ്ട്, അവിശ്രമം നടക്കുവാൻ" എന്ന് റോബർട്ട് ഫ്രോസ്റ്റ് എഴുതിയത് ഉമ്മൻചാണ്ടിയെ ഉദ്ദേശിച്ചായിരിക്കാമെന്നും വരെ അദ്ദേഹം പറഞ്ഞു.
വിമർശകരിലും അധിക്ഷേപക്കാരിലും നിങ്ങളുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരുണ്ടാവും. അതിൽ തളരാതെ ദൗത്യത്തിൽ മനസർപ്പിച്ച് മുന്നോട്ടു പോകണമെന്ന പിണറായി സഖാവിന്റെ വാക്കുകൾ ആത്മഗതം കൂടിയാവാമത്രെ. അപ്പോൾ, പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻയാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതോ?.അത് രാഷ്ട്രീയം. ഇത് സൗഹൃദം.
റീൽസ് പ്രളയം സർക്കാർ ഓഫീസുകളുലേക്കും. തട്ടുപൊളിപ്പൻ സിനിമാ ഗാനങ്ങൾക്കൊപ്പം ചുവടുകൾ വച്ച്
ആടിത്തിമിർക്കുകയാണ് പല സർക്കാർ ഓഫീസുകളിലും ഇടവേളകളിൽ വനിതാ ജീവനക്കാർ. ജോലിഭാരം ലഘൂകരിച്ച്, മനസിനെ ഉല്ലാസഭരിതമാക്കാനുള്ള ശ്രമത്തിൽ പ്രായവും സുല്ലിടുന്നു. ഇത്രയും കഴിവുള്ള നർത്തകിമാർ സർക്കാർ ഓഫീസുകളിലുമുണ്ടോ എന്നാണ് ചിലർക്ക് സംശയം. അവസരം കിട്ടിയാൽ മുറ്റത്തെ മുല്ലയും സുഗന്ധം പരത്തും. ജോലിക്ക് തടസം വരുത്താതെ ഓഫീസുകളിൽ ഇത്തരം മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്ന് മന്ത്രി എം.ബി. രാജേഷിന്റെ സർട്ടിഫിക്കറ്റും കിട്ടി. പെരുകട്ടെ റീലുകൾ. ഉല്ലാസഭരിതമാവട്ടെ സർക്കാർ ഓഫീസുകൾ! ഫയലുകളുടെ കാര്യത്തിലും വേണം ഈ ഉല്ലാസമെന്നു മാത്രം.
സർക്കാരിന്റെ ഡി.എ കുടിശിക പെരുകിയിട്ടും ജീവനക്കാരിൽ ഭൂരിഭാഗവും ഹാപ്പി. എറണാകുളം കളക്ടറേറ്റിൽ
നടത്തിയ ഹാപ്പിനസ് സർവേയിൽ പങ്കെടുത്ത ജീവനക്കാരിൽ 54 ശതമാനം പേരും സന്തുഷ്ടർ. അതിൽ 13 ശതമാനം പേർ അതീവ സന്തുഷ്ടർ. സന്തോഷക്കുറവിന് പ്രധാന കാരണം ജോലിഭാരമെന്ന് ബാക്കിയുള്ളവർ. സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് കർശനമാക്കിയാലറിയാം ഹാപ്പിയുടെ അളവെന്ന് അസൂയാലുക്കൾ!
നുറുങ്ങ്:
ഉമ്മൻ ചാണ്ടി ക്രൂശിക്കപ്പെട്ടപ്പോൾ പാർട്ടിക്കാർ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മറിയ ഉമ്മൻചാണ്ടി
# കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും!
(വിദുരരുടെ ഫോൺ-99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |