തലസ്ഥാന നഗരിയിലെ മാലിന്യങ്ങൾ നിറഞ്ഞ തോട്ടിൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞതിന്റെ നടുക്കത്തിൽ നിന്നു കേരളം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ശാസ്ത്രം ഞൊടിയിടയിൽ വികസിക്കുകയും ലോകം ഒരു വിരൽത്തുമ്പിലേക്ക് ചെറുതാകുകയും ചെയ്യുമ്പോഴും മാലിന്യമെന്ന മഹാവിപത്ത് ഒഴിയുന്നില്ല. ഹരിതാഭയും പച്ചപ്പുമൊക്കെ നിറഞ്ഞുനിന്നിരുന്ന കേരളം ഇന്ന് സ്വപ്നങ്ങളിൽ മാത്രമായി. ജലാശയങ്ങളാലും വനസമ്പത്തുകൊണ്ടും സമ്പന്നമായിരുന്ന കേരളത്തിൽ ആ രണ്ട് സുന്ദരഭൂമികളും ഇന്ന് മാലിന്യങ്ങളാൽ നിറയുകയാണ്. എത്രയെല്ലാം മാലിന്യസംസ്കരണ പദ്ധതികൾ കൊണ്ടുവന്നാലും ജനങ്ങൾ, മാലിന്യം തള്ളാനുള്ളതല്ലെന്നും സംസ്കരിക്കാനുളളതാണെന്നുമുളള പാഠം പഠിച്ചിട്ടില്ല. മാലിന്യസംസ്കരണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ബാേദ്ധ്യം വരാത്ത വലിയൊരു ജനത ഇപ്പോഴുമുണ്ടെന്ന് ചുരുക്കം. ഈ വർഷം ഡിസംബർ 31നകം മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാക്കി മാറ്റാൻ നിയന്ത്രണങ്ങൾ കടുപ്പിക്കാനുളള ശ്രമങ്ങൾ ജില്ലാതലങ്ങളിൽ തുടങ്ങിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെയും, ക്വാർട്ടേഴ്‌സുകളുടെയും പരിസരം ഉൾപ്പെടെ മാലിന്യമുക്തമായില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും. അടുത്ത വർഷം മാർച്ച് 31നകം സംസ്ഥാനം മാലിന്യമുക്തമാക്കാൻ സംസ്ഥാന സർക്കാരിനൊപ്പം എല്ലാ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് ഹരിതകേരളം മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ 16 ബ്ലോക്കുകളിൽ ഹരിതകേരളം മിഷനുളള റിസോഴ്‌സ്‌പേഴ്‌സന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾ പരിശോധിക്കാനുളള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മാലിന്യസംസ്‌കരണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമാണ് എ ഗ്രേഡ് നൽകുക. ഊർജ്ജ സംരക്ഷണവും ഉറപ്പാക്കണം. അനാവശ്യമായി വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും ജലം പാഴാകാനിടയാക്കുന്ന പൊട്ടിയ ടാപ്പുകളും മറ്റും മാറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ, സർക്കാർ ഓഫീസുകളിൽ ഉണ്ടാകുന്ന മാലിന്യം എന്തൊക്കെ, സർക്കാർ ഓഫീസുകൾ എങ്ങനെ മാലിന്യ മുക്തമാക്കാം എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇനിയും സർക്കാർ ജീവനക്കാർക്കും ഉന്നതവിദ്യാഭ്യാസയോഗ്യതയുളളവർക്കും പിടികിട്ടിയിട്ടില്ലെന്നത് ഒരു വസ്തുതയാണ്.
ഓണത്തിന് ഡിസ്‌പോസിബിൾ വേണ്ട
ഓണാഘോഷ പരിപാടികളിൽ ഒരു സർക്കാർ ഓഫീസുകളിലും ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് തൃശൂർ ജില്ലയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പകരം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള സ്റ്റീൽ, ചില്ല് പോലുള്ളവ ഉപയോഗിക്കണം. ഓരോ ജീവനക്കാരനും പ്രത്യേക ഗ്ലാസ്, പാത്രം എന്നിവ നീക്കിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ജൈവമാലിന്യം വളമോ പാചക ഇന്ധനമോ ആക്കിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറിയും മാലിന്യത്തിന്റെ അളവ് കുറച്ച് ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നാണ് നിബന്ധന. പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിച്ച എല്ലാ ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കി വേണം ഇത് സാദ്ധ്യമാക്കാനെന്നും നിർദ്ദേശമുണ്ട്.
സർക്കാർ ഓഫീസുകളിൽ മാലിന്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും ജൈവമാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും പ്ലാസ്റ്റിക്കുകൾ ഹരിതകർമ്മസേനയ്ക്ക് നൽകണമെന്നും പരിസരങ്ങളിൽ ചെടികൾ നട്ട് ഹരിതാഭമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകി അജൈവ പാഴ്‌വസ്തുക്കൾ കൈമാറണമെന്നും ഓഫീസുകളിൽ എല്ലാ മാസവും ഡ്രൈഡേ ആചരിക്കണമെന്നും തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ സർക്കാർ ഓഫീസുകളിലും പരിശോധന നടത്തുമെന്നും ആദ്യഘട്ടത്തിൽ തിരുത്തേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുമെന്നും തുടർപരിശോധനകൾ ഉണ്ടാകുമെന്നും ഹരിതകേരളം മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ സി. ദിദികയും വ്യക്തമാക്കിയിരുന്നു.
നഗരങ്ങളിൽ നിറയുന്ന മാലിന്യങ്ങൾ
പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണം കൂടുമ്പോഴും നഗരത്തിലെയും ഗ്രാമങ്ങളിലെയും ഒഴിഞ്ഞയിടങ്ങളിലെല്ലാം മാലിന്യം തള്ളുന്നതും മറ്റൊരു 'പകർച്ചവ്യാധി'യാകുന്നുണ്ട്. അതേസമയം, മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുമില്ല. മഴ ശക്തമായതോടെ, പ്രധാന ബസ് സ്റ്റാൻഡുകൾക്ക് സമീപം പോലും മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം നിറഞ്ഞനിലയാണ്. റോഡരികുകളിലും മാലിന്യക്കൂമ്പാരങ്ങളുണ്ട്. തിരക്കില്ലാത്ത റോഡരികുകളിൽ മാലിന്യം തള്ളുന്നവരുമേറെ. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പാടത്തേക്ക് തള്ളുന്നതും സ്ഥിരം കാഴ്ചയാണ്. പച്ചക്കറി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും തൃശൂർ വടക്കുന്നാഥമൈതാനത്ത് തള്ളുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ശക്തൻ നഗറിലെ മൈതാനത്ത് കഴിഞ്ഞദിവസം കെട്ടിടാവശിഷ്ടങ്ങൾ വരെ നിറഞ്ഞിരുന്നു. തൃശൂർ കോർപറേഷന്റെ അഭിമാന പദ്ധതിയായ ആകാശപ്പാതയ്ക്കു കീഴിലായിരുന്നു മാലിന്യം. ശക്തനിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുണ്ട്. പക്ഷേ, പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലും തള്ളുന്നത്. മാലിന്യക്കൂമ്പാരത്തിൽ തുണിക്കെട്ടുകൾ, തെർമോകോൾ, പൊട്ടിയ ചില്ലുകൾ, ഇലക്ട്രിക് മാലിന്യങ്ങൾവരെയുണ്ട്.
ജലാശയങ്ങളിലേക്ക് കക്കൂസ് മാലിന്യം
ജില്ലയിലെ പ്രധാന പുഴകളിലേക്ക് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെ പുഴയിൽ മലിനജലം നിറഞ്ഞു. കിണറുകൾ മലിനമായി. പുഴയിൽ കറുത്ത നിറത്തിലുള്ള വെള്ളം വലിയ തോതിൽ ഒഴുകിയതോടെ ദുർഗന്ധം വമിച്ചു. അതേസമയം, ചില പഞ്ചായത്തുകൾ കർശന നടപടികളെടുക്കുന്നുമുണ്ട്. മാലിന്യം തള്ളിയാൽ 1000 മുതൽ 50,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരു വർഷം വരെ തടവും ശിക്ഷയുണ്ട്. മാലിന്യം കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താൽ 5,000 രൂപ പിഴയൊടുക്കണം.
പുഴവെള്ളത്തിൽ മാലിന്യം കൂടുമ്പോൾ കുളവാഴ, ചണ്ടി എന്നിവ കൂടുന്നത് കാർഷിക പ്രതിസന്ധിയ്ക്കും കാരണമാകുന്നുണ്ട്. തരിശിട്ട പാടങ്ങളിൽ തള്ളുന്നത് ശുചിമുറി മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വരെയാണ്. ജലാശയങ്ങൾക്കരികെ താമസിക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളും കൂടുന്നുണ്ട്. ഒഴിഞ്ഞയിടങ്ങൾ വൃത്തിയാക്കാൻ അധികൃതർ മുൻകൈ എടുക്കുന്നുമില്ല. ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്‌സ്‌പോട്ടുകളിൽ മാലിന്യം നീക്കുന്നുമില്ല. ഡ്രൈഡേ ആചരണം തദ്ദേശ സ്ഥാപനങ്ങളിലും മറ്റും പൂർണമായി ഇല്ലാതായെന്നതും എടുത്തുപറയണം. ഫണ്ട് അപര്യാപ്തത മൂലം ഓടകളും ജലസ്രോതസും വൃത്തിയാക്കിയില്ല. അങ്ങനെ നിരവധി അനാസ്ഥകൾ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അതും പരിഹരിച്ചാൽ മാത്രമേ സമ്പൂർണ്ണ മാലിന്യസംസ്കരണം ലക്ഷ്യപ്രാപ്തിയിലെത്തൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |