തൃശൂർ: നാട്ടിൻപുറങ്ങളിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യമായ കുറുന്തോട്ടി മുന്നൂറ് ഏക്കറിൽ കൃഷിചെയ്ത് കർഷകർക്ക് ലക്ഷങ്ങളുടെ വരുമാനം നേടിക്കൊടുക്കുകയാണ് മറ്റത്തൂർ ലേബർ സഹകരണ സംഘം. വിളവ് സർക്കാർ സ്ഥാപനമായ ഔഷധി വാങ്ങും.
എട്ടു വർഷംമുമ്പ് തുടങ്ങിയ പദ്ധതി തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിലായി 300 ഏക്കറിലാണ് നടപ്പാക്കിയത്. നേരിട്ടും കർഷകരെ പ്രോത്സാഹിപ്പിച്ചുമാണ് കൃഷി.
താമസിയാതെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷിവകുപ്പ്, ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തൈകളാണ് വിതരണം ചെയ്യുന്നത്. ഒരിക്കൽ നടുന്നിടത്ത് വിത്തുവീണ് പുതിയ ചെടികളുണ്ടാകും. അവ പറിച്ചു നടുകയുമാകാം. പച്ചിലവളവും കമ്പോസ്റ്റുമുൾപ്പെടെ ജൈവവളം മതിയാകും.
കുറുന്തോട്ടി, ഓരില, മൂവില, കരിങ്കുറുഞ്ഞി എന്നിവ കഴുകി ഉണക്കിപ്പൊടിച്ച് യന്ത്രസഹായത്തോടെ കട്ടകളാക്കിയാണ് വില്പന. ഇതിനായി സംസ്‌കരണ കേന്ദ്രമുണ്ട്. ഉണക്ക കുറുന്തോട്ടിയാണ് സംഘം വാങ്ങുക. ഗതാഗതച്ചെലവിലെ വ്യത്യാസത്തിനനുസരിച്ച് കർഷകർക്ക് ലഭിക്കുന്ന വിലയും മാറും.
ഔഷധഗുണം
വാതത്തിനുള്ള ആയുർവേദ മരുന്നിൽ പ്രധാനം. പനി, പല്ലുവേദന, അസ്ഥിസ്രാവം തുടങ്ങിയവയ്ക്കും ഉത്തമം. പ്രസവ ശുശ്രൂഷയ്ക്ക് കുറുന്തോട്ടി കഷായം നല്ലതാണ്. ഓർമ്മക്കുറവിനും ഹൃദയം, തലച്ചോർ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഉത്തമം. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി എന്നിവയിൽ മുഖ്യസ്ഥാനം.
ആറുമാസം, 1.5 ലക്ഷം വരുമാനം
15000 തൈകൾ:
ഒരേക്കറിൽ നടുന്നത്
12 പൈസ:
ഒരു തൈയുടെ
വില
1500 കി.ഗ്രാം:
(ഉണങ്ങിയത്)
ഒരേക്കറിലെ വിളവ്
70- 110 രൂപ:
ഒരു കിലോയ്ക്ക്
കിട്ടുന്ന വില
കൃഷി കാലം:
ജൂണിൽ നട്ടാൽ
ഡിസംബറിൽ വിളവെടുപ്പ്
സംഘത്തിന്റെ കൃഷി
(ഏക്കറിൽ)
ആലപ്പുഴ................100
കല്യാശേരി........... 150
തൃശൂർ..................... 50
പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ഔഷധസസ്യങ്ങൾ ശേഖരിക്കുന്നവർക്ക് തൊഴിലവസരം വർദ്ധിക്കും
ടി.എ.ഉണ്ണിക്കൃഷ്ണൻ
സംഘം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |