ഡിസംബർ 31 വരെ സമയപരിധി നീട്ടി ചോദിച്ച് കരാറുകാരൻ
പാലക്കാട്: 2017ൽ ശിലാസ്ഥാപനം നടത്തിയ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാകുന്നതിനുളള ജനങ്ങളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. ഈ വർഷം സെപ്തംബർ 2നു മുമ്പ് നിർമ്മാണം പൂർത്തിയാക്കേണ്ടതാണെങ്കിലും കരാറുകാരൻ ഡിസംബർ 31 വരെ സമയപരിധി നീട്ടി ചോദിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമ പ്രകാരം റെയിൽവേ പ്രദേശവാസി വിപിൻ ശേക്കുറിക്ക് ലഭിച്ച മറുപടി. റെയിൽവേയുടെ ഭാഗത്തെ നിർമ്മാണം വൈകുന്നതാണ് തലവേദന. ഈ ഭാഗത്തെ 3 സ്പാനുകളുടെ അടിത്തറ പൂർത്തീകരിച്ചെങ്കിലും തുടർ പ്രവൃത്തികൾ നടന്നുവരികയാണ്. സ്പാനുകൾ പൂർത്തിയാക്കിയ ശേഷമേ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷന് പാലത്തിന്റെ തുടർ പ്രവൃത്തികൾ നടത്താനാകൂ. നിലവിലെ സാഹചര്യത്തിൽ സ്പാൻ പൂർത്തിയാക്കാൻ ഡിസംബറാകും. തുടർന്ന് ഇരുവശത്തു നിന്നുള്ള മേൽപാല ഭാഗങ്ങൾ ഇതിലേക്കു യോജിപ്പിച്ചു തുടർ പ്രവൃത്തികൾ കൂടി പൂർത്തിയാക്കി വേണം പാലം കൈമാറാൻ. ഇതിനു മുമ്പ് സർവീസ് റോഡുകളുടെയടക്കം നിർമ്മാണവും പൂർത്തിയാക്കണം. അങ്ങനെയെങ്കിൽ അടുത്തവർഷമേ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകൂ.
ജനങ്ങൾക്ക് തീരാ ദുരിതം
2017ൽ ശിലാസ്ഥാപനം നടത്തിയ മേൽപ്പാലത്തിന്റെ നിർമ്മാണമാണ് ഒച്ചിഴയും പോലെ നീങ്ങുന്നത്. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രദേശവാസികളും യാത്രക്കാരുമാണ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ. സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ചെളി പ്രശ്നവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആവശ്യത്തിന് ഫണ്ട് ഉണ്ടായിരിക്കെയാണ് നിർമ്മാണം പൂർത്തീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചകൾ തുടരുന്നത്.
നടക്കാവ് റെയിൽവേ ഗേറ്റ് തുടരെത്തുടരെ അടയ്ക്കുന്നതു വഴിയുള്ള യാത്രാദുരിതം ഒഴിവാക്കാനാണ് പ്രദേശവാസികൾ മേൽപ്പാലമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു മണിക്കൂറിൽ തന്നെ പലതവണ ഗേറ്റ് അടച്ചിരുന്നതിനാൽ ആ കുരുക്കിൽ കുടുങ്ങി യഥാസമയം വൈദ്യ സഹായം ലഭിക്കാതെ ജീവൻ നഷ്ടമായവർ ഒട്ടേറെയുണ്ട്. ഇതൊഴിവാക്കാനാണ് നാടാകെ റെയിൽവേ മേൽപ്പാലത്തിനായി നിലകൊണ്ടത്. പദ്ധതി അംഗീകരിച്ചു ഫണ്ടും അനുവദിച്ചു. എന്നിട്ടും ഇനിയും നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. അടിയന്തരഘട്ടത്തിൽ വൈദ്യസഹായം ലഭ്യമാക്കണമെങ്കിൽ പോലും കിലോമീറ്ററുകളോളം ചുറ്റിപ്പോകേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |