SignIn
Kerala Kaumudi Online
Friday, 26 July 2024 3.58 AM IST

ബഡ്ജറ്റ് വന്നേ, കേരളത്തിന് കിട്ടി ഒരു നെടങ്കൻ ഗോപി

budjet

'കരയുന്ന കുഞ്ഞിനേ പാലുള്ളു 'എന്ന പഴഞ്ചൊല്ലിന്റെയൊക്കെ എക്സപയറി ഡേറ്റ് കഴിഞ്ഞതിനാൽ ഇനി അതു കടമെടുക്കേണ്ട. 'പൊട്ടത്തെറിക്ക് മറുപടി കട്ടത്തടി 'എന്ന ശൈലിയിലേക്കും പോകാനാവില്ല, കാരണം സാംസ്കാരിക രംഗത്ത് നമ്മൾ നമ്പർ വൺ ആണല്ലോ. കിട്ടുന്നതു വാങ്ങി ഒത്തപോലെ കഴിയുക. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യുത്തമം ഈ സിദ്ധാന്തമാണ്. പറഞ്ഞുവരുന്നത് കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചാണ്. എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എയിംസ്, സാമ്പത്തിക പാക്കേജ്, റെയിൽ വികസനം, കൊച്ചി മെട്രോ വികസനം, ശബരിമല വിമാനത്താവളം.... അങ്ങനെ റബറിന്റെ താങ്ങുവില വരെ സ്വപ്നം കണ്ടു. ഒടുവിൽ നിർമ്മല സീതാരാമന്റെ പെട്ടി തുറന്നപ്പോൾ കേരളം പൊട്ടി, സ്വപ്നം കണ്ടവർക്കെല്ലാം നല്ല ഒന്നാംതരം താങ്ങ്. മലപോലെ വന്നത് മഞ്ഞുപോലെ പോയി എന്നും പറയും പോലെയായി കാര്യങ്ങൾ. കേരളത്തിൽ താമര വിരിയുന്നതോടെ കേന്ദ്രത്തിന്റെ എല്ലാ അവഗണനയും മാറുമെന്നും ഇവിടെ തേനുംപാലും ഒഴുകുമെന്നുമൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് ഘോരഘോരം തകർത്ത് പറഞ്ഞ ആൾക്കാരൊക്കെ എവിടെ പോയോ ആവോ.

ശുഭാപ്തി വിശ്വാസം നല്ലതാണ്

തിരുവനന്തപുരം, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എന്തായിരുന്നു പുകിൽ. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയുമൊക്കെ ഒന്നു ജയിച്ചോട്ടെ, ടൺ കണക്കിന് വികസനം ഇവിടേക്കെത്തുമെന്നായിരുന്നു വമ്പു പറച്ചിൽ, പക്ഷെ ഇപ്പോൾ അത് ടൺ കണക്കിന് ഫൺ പോലെയായി. ചന്ദ്രശേഖർ ജയിച്ചില്ല, പക്ഷെ വെള്ളികൊട്ടിയ താടിയും വച്ച് വായിൽ കൊള്ളാത്തതും കൊള്ളുന്നതുമായ വർത്തമാനം മുട്ടിന് മുട്ടിന് എഴുന്നള്ളിക്കുന്ന സുരേഷ് ഗോപിയെ , താമര വിരിയിപ്പിച്ച് ഡെൽഹിക്ക് അയച്ചല്ലോ. എന്നിട്ടെന്തായി, സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിക്കസേര കിട്ടി, കേരളത്തിന് നെടുങ്കൻഗോപിയും കിട്ടി. സ്വർണത്തിന് തീരുവ കുറച്ചതുമൂലം വില പവന് 2000 രൂപ വരെ താഴ്ന്ന കാര്യം വിസ്മരിക്കരുത്. കല്യാണ സീസൺ എത്തുമ്പോൾ പാവപ്പെട്ടവർക്ക് ഇത് ഒരു പരിധി വരെ ഗുണം ചെയ്തേക്കും. പക്ഷെ വായിൽ സ്വർണക്കരണ്ടിയും തിരികെ ഇരുന്നാൽ കാര്യങ്ങൾ നടക്കുമോ. മൊബൈൽ ഫോണിനും മൊബൈൽ ബാറ്ററി ചാർജ്ജറിനും വില കുറയുന്നത് നിസാരമായി കാണാനാവുമോ. ഒന്നുമില്ലെങ്കിൽ മൊബൈൽ ഫുള്ളായി ചാർജ്ജ് ചെയ്ത് ഫേസ്ബുക്കും വാട്ട്സ് ആപ്പും നോക്കി കോട്ടുവായിട്ട് ഇരിക്കാമല്ലോ.

കേരള സംസ്ഥാനത്തിലെ ജനങ്ങൾ കൊടുക്കുന്ന നികുതി കൂടി ഉൾപ്പെടുന്നതല്ലേ കേന്ദ്രത്തിന്റെ വരുമാനം. അങ്ങോട്ട് കൊടുക്കുന്നതിന് ആനുപാതികമായി എന്തെങ്കിലുമൊക്കെ ഇങ്ങോട്ടും കിട്ടണ്ടേ. താമരയ്ക്ക് വളമിടുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും അല്ലാത്തവരെ പുറം കാൽ കൊണ്ടടിക്കുകയും ചെയ്യുന്നത് ഫെഡറൽ സംവിധാനത്തിന്റെ സത്തയ്ക്ക് നിരക്കുന്നതാണോ. ആകെ ഒരു ആശ്വാസമുണ്ട്, എന്തെങ്കിലും നക്കാ പിച്ച തന്നിട്ട് കേന്ദ്രം കനിഞ്ഞേ, കനിഞ്ഞേ എന്നുള്ള വീരവാദങ്ങൾ കേൾക്കേണ്ടി വന്നില്ലല്ലോ, അതു തന്നെ ആശ്വാസം. പക്ഷെ സുരേഷ് ഗോപി മന്ത്രിയുടെ അഭിപ്രായത്തിൽ ബഡ്ജറ്റിലെ കുഴപ്പമല്ല, കുറ്റം പറയുന്ന കൺട്രി ഫെല്ലോസ് ബഡ്ജറ്റ് ശരിക്ക് വായിച്ച് നോക്കാത്ത കുഴപ്പമാണ്. ഒരുപാട് കാര്യങ്ങൾ കേരളത്തിന് വേണ്ടി ബഡ്ജറ്റിൽ കാണാമറയത്തുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മാത്രമല്ല, ശുഭാപ്തി വിശ്വാസം തീരെ കളഞ്ഞിട്ടുമില്ല. സ്ഥലം കൊടുത്താൽ എങ്ങനെയും എയിംസ് വരുമെന്നാണ് അദ്ദേഹത്തിന്റെ ഗ്യാരന്റി. ഒടുവിൽ മോദി ഗ്യാരന്റി പോലെയാവുമോ എന്നതാണ് സംശയം.

പ്രതീക്ഷകൾ

മാത്രം ബാക്കി

ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ പോലെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ യഥാർത്ഥ സ്ഥിതി. നവകേരള സദസും കേരളീയവും ഓണാഘോഷവും ലോകകേരള സഭയുമൊക്കെ നല്ല പൊലിമയോടെയും പൊങ്ങച്ചത്തോടെയുമൊക്കെ നടത്തുന്നെങ്കിലും കാര്യങ്ങൾ അവതാളത്തിലാണ്. കുളിച്ചില്ലെങ്കിലും ചിലത് പുരപ്പുറത്തിടുന്ന ഇടപാടാണ് നടക്കുന്നത്. ഇരന്നും തൊരന്നുമൊക്കെയാണ് എല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. ശമ്പളവും പെൻഷനുമൊക്കെ കൊടുക്കാൻ ധനമന്ത്രി അനുഭവിക്കുന്ന പെടാപ്പാട് അദ്ദേഹത്തിനുമാത്രമറിയാം. കടബാദ്ധ്യതകളും പ്രതിസന്ധിയുമൊക്കെയായി കഴിയുന്ന സംസ്ഥാനം ഒരുവിധമൊന്ന് പിടിച്ചു നിൽക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചത്. 24,000 കോടി പ്രതീക്ഷിച്ചായിരുന്നു കേരളത്തിന്റെ അഭ്യർത്ഥന. മൊത്തത്തിൽ കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ തരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ നമ്മുടെ ആവശ്യം കേന്ദ്രത്തിന് അനാവശ്യമായി തോന്നിയിട്ടോ എന്തോ, ഈ അഭ്യർത്ഥനയൊന്നും നിർമ്മല സീതാരാമൻ കേട്ടഭാവം നടിച്ചില്ല. യാതൊരുവിധ സാമ്പത്തികപാക്കേജും കേരളത്തിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേകപാക്കേജ് പ്രഖ്യാപിക്കാൻ സൗമനസ്യവും കാട്ടി. പൂർവോദയ പദ്ധതിയിൽ ഉൾപ്പെടുത്തി ജാർഖണ്ഡ്, പശ്ചിമബംഗാൾ,ഒഡീഷ സംസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതികൾ മുൻനിർത്തി ആസാം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കീം സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ പ്രളയ കെടുതിയും വെള്ളപ്പൊക്കവും കാണാനുള്ള കണ്ണും മനസും കേന്ദ്ര ധനമന്ത്രിയുടെ രാഷ്ട്രീയ മനസിന് ഇല്ലാതെ പോയി.

കൊഞ്ഞണം കുത്തിക്കാട്ടിയ മറ്റൊരു മേഖല റെയിൽവെയാണ്. കേരളത്തിലൂടെ റെയിൽ പോകുന്നുണ്ടോ എന്നു പോലും അറിയാത്ത തരത്തിലാണ് ബഡ്ജറ്രിലെ സമീപനം. നിലമ്പൂർ -നഞ്ചൻകോട്,അങ്കമാലി-ശബരി,തലശേരി -മൈസൂരു,വിഴിഞ്ഞം തുരങ്കറെയിൽപ്പാത എന്നിവയുടെ വികസനമാണ് റെയിൽവെയുമായി ബന്ധപ്പെട്ട് കേരളം സ്വപ്നം കണ്ടത്. അതും സ്വാഹ. കൂറ്രൻ ചരക്ക് കപ്പലൊക്കെ അടുത്ത് കേരളവികസനത്തിന് വമ്പൻ കുതിപ്പ് നൽകമെന്ന വിശ്വാസം ഉയർത്തിയ വിഴിഞ്ഞം തുറമുഖ വികസനത്തിന് എന്തെങ്കിലുമൊരു കൈത്താങ്ങ് പ്രതീക്ഷിച്ചു. അത് വെറും പ്രതീക്ഷയായി അവശേഷിച്ചു. ദേശീയ പാതയ്ക്ക് സ്ഥലമെടുപ്പിന് നൽകിയ 6000 കോടിയുടെ അടിസ്ഥാനത്തിൽ അത്രയും തുക കടമെടുക്കാൻ അനുവദിക്കണമെന്ന് ദൈന്യസ്വരത്തിൽ നടത്തിയ അപേക്ഷയും ഭവാന്മാർ ചെവിക്കൊണ്ടില്ല.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വികസനമത്രയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്നതാണ്. തീർത്ഥാടക ടൂറിസം, ടൂറിസം സർക്യൂട്ട് എന്നിങ്ങനെ പലവിധ ഓമനപ്പേരുകളിൽ പല പദ്ധതികളും പ്രഖ്യാപിച്ചതുമാണ്. പക്ഷെ അതിനൊന്നും കാര്യമായ കനിവൊന്നും കാട്ടിയുമില്ല. ഓരോ സംസ്ഥാനങ്ങളിലും ഓരോ വിധ രാഷ്ട്രീയ അന്തരീക്ഷവും ചിന്താധാരകളുമാണ് ഉള്ളത്. അതിനനുസരണമായി അവിടങ്ങളിലെ ഭരണവും രാഷ്ട്രീയ അന്തരീക്ഷവും മാറിമാറി വരും. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എല്ലാ സംസ്ഥാനങ്ങളെയും സമഭാവനയോടെ കാണാനുള്ള വലിയ മനസാണ് വേണ്ടത്. ആത്യന്തികമായി, ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങൾക്ക് വേണ്ടിയാണെന്ന ചിന്തയും വേണം. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലുമല്ല രാഷ്ട്രീയത്തിന്റെ വേർതിരിവ് കാട്ടേണ്ടത്.

ഇതു കൂടി കേൾക്കണേ

ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷമാവാം. ഇപ്പോഴത്തെ പ്രതിപക്ഷം നാളെ ഭരണപക്ഷവുമാവാം. പക്ഷെ സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളും വിഭവങ്ങളും ഇവിടെ തന്നെയുണ്ടാവും. രാഷ്ട്രീയ നിലപാട് തറകൾക്ക് മാത്രമാവും മാറ്റമുണ്ടാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.