#തിരുത്തിയത് 47വർഷം മുമ്പുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി
ന്യൂഡൽഹി:പൊതുനന്മയ്ക്കുള്ള പൊതുസ്വത്ത് എന്ന നിലയിൽ എല്ലാ സ്വകാര്യവസ്തുക്കളും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധി. അതിന് ചില മാനദണ്ഡങ്ങൾ കോടതി നിർദ്ദേശിച്ചു.
എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റേതാണെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉൾപ്പെട്ട ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ 1977ഒക്ടോബർ 11ലെ വിധിയെയാണ് നിരാകരിച്ചത്.
സോഷ്യലിസ്റ്റ് സാമ്പത്തിക പ്രത്യയശാസ്ത്രം മുൻനിറുത്തിയുള്ളതായിരുന്നു കൃഷ്ണയ്യരുടെ വിധി.ആ പ്രത്യയശാസ്ത്രം ഇപ്പോൾ പ്രസക്തമല്ലെന്നും ലോകം വിപണി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലേക്ക് മാറിയെന്നും നിരീക്ഷിച്ചുകൊണ്ടാണ് പുതിയ വിധി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഒൻപതംഗ ബെഞ്ചിലെ ഏഴുപേരുടേതാണ് വിധി.ജസ്റ്റിസ് സുധാൻഷു ധൂലിയ കൃഷ്ണയ്യരുടെ വിധിയെ ന്യായീകരിച്ചുകൊണ്ട് ഭിന്നവിധിയെഴുതി.ജസ്റ്റിസ് ബി.വി.നാഗരത്ന വിധിയെ അനുകൂലിച്ചെങ്കിലും കൃഷ്ണയ്യരെ കുറിച്ചുള്ള പരാമർശങ്ങളിൽ വിയോജിച്ചു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ജെ.ബി. പർദിവാല, മനോജ് മിശ്ര, രാജേഷ് ബിൻഡൽ, സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരാണ് വിധിയോട് പൂർണമായും യോജിച്ചത്.
പുതിയ കാലത്തിന്
അനുയോജ്യമല്ല
# 1978ൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരും രംഗനാഥ റെഡ്ഡി എന്ന വ്യക്തിയുമായുള്ള കേസിലായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി.
# ഭരണഘടനയിലെ അനുച്ഛേദം 39 ബിയിൽ പറയുന്നത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഭൗതിക വിഭവങ്ങളുടെ തുല്യവിതരണം ഉറപ്പാക്കണം എന്നാണ്.ഇതുപ്രകാരം, രാജ്യത്തെ എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവം ആണോ എന്ന വിഷയമാണ് ഇപ്പോൾ കോടതി പരിശോധിച്ചത്.
# 1960കളിലും 70കളിലും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ ലോകത്ത് പ്രകടമായിരുന്നെന്ന് കോടതി പറഞ്ഞു. 1990കൾ മുതൽ വിപണി കേന്ദ്രീകൃത സമ്പദ്വ്യവസഥയിലേക്ക് മാറി. 30 വർഷമായി ചലനാത്മകമായ സാമ്പത്തിക നയം രാജ്യം പിന്തുടർന്നതിനാൽ ലോകത്തെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയായി മാറി. അതിനാൽ കൃഷ്ണയ്യരുടെ നിലപാട് ഈ കാലഘട്ടത്തിൽ അംഗീകരിക്കാനാകില്ല.
വിഭവങ്ങളുടെ പ്രത്യേകത
വിലയിരുത്തണം
# സ്വകാര്യസ്വത്ത് സമൂഹത്തിന്റെ ഭൗതികവിഭവമാണോയെന്ന് തീരുമാനിക്കാൻ ഒരോ കേസും പ്രത്യേകം വിലയിരുത്തണം.
വിഭവത്തിന്റെ സ്വഭാവവും സവിശേഷതയും,
സമൂഹത്തിന്റെ ക്ഷേമത്തിൽ വിഭവത്തിന്റെ സ്വാധീനം, വിഭവങ്ങളുടെ ദൗർലഭ്യം,
സ്വകാര്യ സ്വത്തുക്കൾ ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ പ്രത്യാഘാതം എന്നിവയായിരിക്കണം മാനദണ്ഡം.
# പരിസ്ഥിതി, സമൂഹത്തിന്റെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഭവങ്ങൾ വ്യക്തിയുടെ ഉടമസ്ഥതയിലാണെങ്കിലും സമൂഹത്തിന്റെ ഭൗതികവിഭവമായി കണക്കാക്കാം. ഇവ നിലനിർത്തേണ്ടത് സമൂഹത്തിന്റെ താത്പര്യമായതിനാൽ അനുച്ഛേദം 39(ബി)യുടെ പരിധിയിൽ വരും.
വനം, ജലാശയം, തണ്ണീർത്തടങ്ങൾ,
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ,
ധാതുസമ്പന്നമായ ഭൂമി,
പ്രകൃതിവാതകം, ഖനികൾ, സ്പെക്ട്രം എന്നിവ ഇതിൽ വരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |