ന്യൂയോർക്ക്: യു.എസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഉഷ്ണജലസ്രോതസ്സിലുണ്ടായ ഭീമൻ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പാർക്കിലെ ബിസ്‌ക്കറ്റ് ബേസിൻ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിളച്ചുമറിയുന്ന ജലത്തിനടയിലുണ്ടായ പൊട്ടിത്തെറിയുടെ ഫലമായി ഇരുണ്ട നിറത്തിലെ ചെളിയും പാറക്കല്ലുകളും പുകയും ചൂടുവെള്ളവും ആകാശത്തേക്ക് ഉയർന്നു പൊങ്ങി.
ബിസ്‌ക്കറ്റ് ബേസിന് സമീപമുണ്ടായിരുന്ന സഞ്ചാരികൾ ഓടിരക്ഷപെടുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. ആർക്കും പരിക്കില്ല. എന്നാൽ ഇവിടുത്തെ നടപ്പാതയും ബെഞ്ചുകളും തകർന്നു. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സറിൽ നിന്ന് 2.1 മൈൽ അകലെയാണിവിടം.
ആഴം കുറഞ്ഞ ബിസ്‌ക്കറ്റ് ബേസിനിലെ ഭൂഗർഭ ജലം പെട്ടെന്ന് നീരാവിയാകുമ്പോഴാണ് ഇത്തരം സ്ഫോടനങ്ങളുണ്ടാകുന്നതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പറഞ്ഞു. ഹൈഡ്രോതെർമൽ സ്‌ഫോടനം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരം സ്ഫോടനഫലമായി മുകളിലേക്ക് തെറിക്കുന്ന പാറയടക്കമുള്ള വസ്തുക്കൾക്ക് 2 കിലോമീറ്റർ വരെ ഉയരത്തിലെത്താനാകും.
ഭീമൻ ഗർത്തങ്ങൾ രൂപപ്പെടാനും സ്‌ഫോടനം കാരണമാകും. അതേ സമയം, യെല്ലോ സ്റ്റോണിലെ ഇത്തരം സ്ഫോടനങ്ങൾക്ക് അഗ്നിപർവ്വത പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 2009, 1991, 1959 എന്നീ വർഷങ്ങളിലും ഇത്തരം സ്ഫോടനങ്ങൾ ബിസ്‌ക്കറ്റ് ബേസിനിലുണ്ടായിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ മേഖലയിലേക്കുള്ള പ്രവേശനം അധികൃതർ താത്കാലികമായി നിരോധിച്ചു.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നാണ് യെല്ലോസ്റ്റോൺ മേഖലയുടെ ഉത്ഭവം. ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിലായി 3,500 ചതുരശ്ര മൈലിൽ പാർക്ക് വ്യാപിച്ചു കിടക്കുന്നു. ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് അടക്കം ഉഷ്ണജല പ്രവാഹങ്ങളും ചൂടുനീരുറവകളും ഇവിടുത്തെ പ്രത്യേകതയാണ്. ചൂടിനൊപ്പം അസിഡിക് അംശവുമുള്ള നീരുറവകളിലേക്ക് വീണാൽ മരണം വരെ സംഭവിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |