കുന്നംകുളം: അങ്കണവാടി നവീകരണത്തിൽ അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബിയും മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ക്ഷേമ കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയുമായ ഷേർലി ദിലീപ് കുമാറും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. വേലൂർ മണിമലർക്കാവ് 76 നമ്പർ അങ്കണവാടിയിലാണ് നവീകരണത്തിന്റെ ഭാഗമായി ഗേറ്റ് സ്ഥാപിച്ചതായി കാണിച്ച് മുൻ ഭരണ സമിതിയുടെ കാലത്ത് പണം നൽകിയത്. 40 കിലോ വരുന്ന ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി നിലവിലെ പ്രസിഡന്റ് ടി.ആർ. ഷോബിയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ദിലീപ് കുമാറും ഒപ്പിട്ട് പണം കൈമാറിയത്. എന്നാൽ ഏഴുവർഷമായിട്ടും ഗേറ്റ് സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തംഗം സി.ഡി. സൈമൺ വിവരാവകാശനിയമ പ്രകാരം എടുത്ത രേഖകളിലാണ് അഴിമതി പുറത്തായത്. വിജിലൻസിൽ പ്രാഥമിക അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇക്കാര്യങ്ങൾ അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അംഗങ്ങൾ ഇറങ്ങിപ്പോയത്. സ്വപ്ന രാമചന്ദ്രൻ, സി.ഡി. സൈമൺ, പി.എൻ.അനിൽ മാസ്റ്റർ, നിധീഷ് ചന്ദ്രൻ, വിജിനി ഗോപി, ബാലകൃഷ്ണൻ, അജി ജോഷി എന്നിവരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |