SignIn
Kerala Kaumudi Online
Saturday, 27 July 2024 9.50 PM IST

ജപ്തി വിരുദ്ധ ബിൽ, ബാങ്ക് നടപടികൾക്ക് കടിഞ്ഞാണിട്ട് കേരളം

japthi

ബാങ്ക് വായ്പയെടുത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണി നേരിടുന്നവരുടെ കഥകൾ മാദ്ധ്യമങ്ങളിൽ പതിവാണ്. ജപ്തി കാരണം സ്വത്തും ജീവിതവും നഷ്ടമായി നിരാലംബരാകുന്ന കുടുംബങ്ങളുടെ വറ്റാത്ത കണ്ണീരിന്റെ കഥ കൂടിയാണത്. മനുഷ്യത്വരഹിതമായ ജപ്തി നടപടികൾ സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ക്രൂരതയ്ക്കു കടിഞ്ഞാണിട്ട്, കേരളത്തിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ് സംസ്ഥാന നിയമസഭ ഈയിടെ പാസാക്കിയ ജപ്തി വിരുദ്ധ ബിൽ. മനുഷ്യത്വപരമായ ഈ നടപടിയിലൂടെ കേരളം രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്.

വായ്പാ തിരിച്ചടവ് കുടിശികയുടെ പേരിൽ വീടും സ്ഥലവും കെട്ടിടവും വസ്തുവും ജപ്തി ചെയ്ത് ഒരു കുടുംബത്തെയും തെരുവിൽ തള്ളാൻ ഇനി കേരളത്തിലെ ഏതൊരു ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതര വകുപ്പുകൾക്കും, കഴിയില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ, ദേശസാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കമേഴ്സ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാത്തരം ജപ്തി നടപടികളിലും സംസ്ഥാന സർക്കാരിന് ഇടപെടാൻ പൂർണ അധികാരം നൽകുന്നതാണ് നിയമസഭ പാസാക്കിയ ജപ്തി വിരുദ്ധ ബിൽ. 1968- ലെ,​ 87 സെക്ഷനുകൾ അടങ്ങിയ നിയമം ഭേദഗതി ചെയ്താണ് 2024-ലെ നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ നിയമസഭ പാസാക്കിയിരിക്കുന്നത്.

പുതിയ ബിൽ പ്രകാരം എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് അധികാരമുണ്ടാകും. 25,​000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ചുലക്ഷം രൂപ വരെ റവന്യു മന്ത്രി, പത്തുലക്ഷം രൂപ വരെ ധനകാര്യ മന്ത്രി, ഇരുപതു ലക്ഷം രൂപ വരെ സംസ്ഥാന മുഖ്യമന്ത്രി, ഇരുപതുലക്ഷം രൂപയ്ക്കു മുകളിൽ കേരള സർക്കാർ എന്നിവർക്ക് ജപ്തി നടപടികൾ തടയുവാനും ഗഡുക്കൾ നൽകി സാവകാശം അനുവദിക്കാനും നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും കഴിയും.

പലിശ

ഇളവ്

പ്രധാന ആക്ടിന്റെ ആറാം വകുപ്പ് ഭേദഗതി അനുസരിച്ച് 12 ശതമാനമായിരുന്ന പലിശ ഒൻപത് ശതമാനമായി കുറയ്ക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ,​ ഈ ആക്ടിന്റെ 71-ാം വകുപ്പിനു കീഴിൽ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനത്തിന്റെ അപേക്ഷയിന്മേൽ വസൂലാക്കൽ നടപടികൾ ആരംഭിക്കുന്ന സാഹചര്യങ്ങളിൽ, സ്ഥാപനവും തിരിച്ചടവിന് മുടക്കം വന്ന വ്യക്തിയും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം പലിശ, കരാറിലുള്ള പലിശ നിരക്കിലും കവിയരുത്.

സ്ഥാവരവസ്തുക്കളുടെ ജപ്തി കുടിശിക തുകയ്ക്ക് ആനുപാതികമായിരിക്കണമെന്ന് 36-ാം വകുപ്പിന്റെ ഭേദഗതിയിൽ രണ്ടാം ഉപവകുപ്പിനു ശേഷം കൂട്ടിച്ചേർത്തിട്ടുണ്ട്. 2013- ലെ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് (2013)​,​ 26-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിലെ (ബി) ഖണ്ഡവും, 27, 28, 29 എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾക്കും അനുസൃതമായി ജില്ലാ കളക്ടർ വസ്തുവിന്റെ മൂല്യം നിശ്ചയിക്കേണ്ടതാണ്.

ഉടമയ്ക്ക് ജപ്തി

വസ്തു വിൽക്കാം

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു എന്നിവ ഇനി മുതൽ ഉടമയ്ക്ക് വിൽക്കാം. ഉടമ മരണമടഞ്ഞെങ്കിൽ അവകാശികൾക്ക് വിൽക്കാം. ജപ്തി വസ്തുവിന്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്‌ട്രേഷൻ ജില്ലാ കളക്ടർ ചെയ്തു നൽകണം.

ജപ്തി വസ്തു

തിരിച്ചെടുക്കാം

ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം എന്നിവ ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നൽകി,​ വസ്തു ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചെടുക്കാൻ 44-ാം വകുപ്പിന്റെ ഭേദഗതിയിലൂടെ (3)-ാം ഉപവകുപ്പിനു ശേഷം വ്യവസ്ഥ ചെയ്യുന്നു. വീഴ്ചക്കാരനും വസ്തു വാങ്ങുന്ന ആളും സംയുക്തമായി സമർപ്പിക്കുന്ന അപേക്ഷയിൽ, കളക്ടറിൽ നിന്ന് അനുമതി ലഭിച്ച ശേഷം, ജപ്തി ചെയ്തിരിക്കുന്ന സ്ഥാവരവസ്തു പൂർണമായോ ഭാഗികമായോ വിൽക്കുന്നതിനുള്ള കരാർ ഉണ്ടാക്കാനും വീഴ്ചക്കാരനെ അനുവദിക്കുന്നതാണ്.


71-ാം വകുപ്പിനു കീഴിൽ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഗവൺമെന്റിനോ സ്ഥാപനത്തിനോ വേണ്ടി ജപ്തി വസ്തു ഒരു രൂപയ്ക്ക് സർക്കാർ ഏറ്റെടുത്ത് ഉടമയ്ക്ക് തിരിച്ചുനൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാന്റ്) ഒരു രൂപ പ്രതിഫലം നൽകി സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തിവസ്തു ഉടമയ്ക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ചു വർഷത്തിനകം തിരികെ നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.

അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം ജപ്തിവസ്തു ഉടമയ്ക്ക്ക്കല്ലാതെ മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിന്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാനും പാടില്ല. ഒരു തരത്തിലുമുള്ള രൂപമാറ്റവും വസ്തുവിൽ വരുത്താൻ ഒരിക്കലും പാടില്ലെന്നും ജപ്തിവിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നുണ്ട്.

ഗഡുക്കളും

സ്റ്റേയും

വീഴ്ചക്കാരന് സ്റ്റേയും ഗഡുക്കളും അനുവദിക്കാനുള്ള സർക്കാരിന്റെ പ്രത്യേക അധികാരത്തെപ്പറ്റിയാണ് ആക്ടിലെ 83- എ പറയുന്നത്. ഈ ആക്ടിലോ അതിനു കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏഴാം വകുപ്പിനു കീഴിലോ, 34-ാം വകുപ്പിൻ കീഴിലോ ഒരു ഡിമാന്റ് നോട്ടീസ് നൽകിയ ശേഷം, വീഴ്ചക്കാരന്റെ അപേക്ഷയിന്മേൽ സർക്കാരിന് ഈ ആക്ടിനു കീഴിലുള്ള തുടർ നടപടികൾ ഒരു വർഷത്തിൽ കവിയാത്ത നിശ്ചിത കാലയളവിലേക്ക് നീട്ടിവയ്ക്കാവുന്നതാണ്.

സർക്കാരിനോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കോ സർക്കാർ നിർണയിക്കുന്ന നിബന്ധനകൾക്കു വിധേയമായി 1923-ലെ തൊഴിലാളികളുടെ നഷ്ടപരിഹാരം ആക്ടിനു (1923 ലെ 8ാം കേന്ദ്ര ആക്ട്) കീഴിലുള്ള സംഗതികളും ഏതെങ്കിലും കോടതികളുടെയോ ട്രിബ്യൂണലുകളുടെയോ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി നൽകേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യ തുകകളോ ഒഴികെയുള്ള അത്തരം കുടിശ്ശികകൾ ഗഡുക്കളായി ഒടുക്കാൻ അനുവദിക്കുന്നതാണ്.

മൊറട്ടോറിയം

അധികാരം

ബില്ലിലെ 83- ബി വകുപ്പിലാണ് മൊറട്ടോറിയം അനുവദിക്കാനുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പറയുന്നത്. സർക്കാർ കാലാകാലങ്ങളിൽ നിർണയിച്ചേക്കാവുന്ന നിബന്ധനകൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിധേയമായി,​ നിശ്ചിത കാലയളവിലേക്ക് മുഴുവൻ നികുതി വസൂലാക്കൽ നടപടിക്രമങ്ങൾക്കും മൊറട്ടോറിയം അനുവദിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും.

തീർപ്പാക്കൽ

പദ്ധതി

83-സിയിലാണ് തീർപ്പാക്കൽ പദ്ധതി പറഞ്ഞിരിക്കുന്നത്. സർക്കാരിനോ 71-ാം വകുപ്പനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ അർത്ഥനാധികാരിക്കോ കുടിശിക വസൂലാക്കുന്നതിനായി ഈ ആക്ടിലെ 50-എ വകുപ്പിനു കീഴിലുള്ള നിർദ്ദിഷ്ട കാലയളവിനു മുമ്പായി ബോട്ട് ഇൻ ലാൻഡ് തിരികെ നൽകുന്നതിനായുള്ള തീർപ്പാക്കൽ പദ്ധതി ആരംഭിക്കാം. തീർപ്പാക്കൽ ജില്ലാ കളക്ടറെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെയോ മുൻകൂട്ടി അറിയിക്കണമെന്നു മാത്രം.

(സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ് അണ്ടർ സെക്രട്ടറിയാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.