ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും ജമ്മുകാശ്മീർ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ജൂലായ് 16ന് നടന്ന ഭീകരാക്രമണത്തിൽ നാല് സെെനികർ വീരമൃത്യു വരിച്ചിരുന്നു. മേജർ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സൈനികരായ ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കൂടാതെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പാക് ഭീകര ഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ 'കാശ്മീർ ടൈഗേഴ്സ്' ആണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
ജില്ലയിലെ വനത്തിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ നടന്നത്. ഭീകരവിരുദ്ധ സേനയായ രാഷ്‌ട്രീയ റൈഫിൾസും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ രാത്രി ഏഴേമുക്കാലോടെ ആദ്യ ഏറ്റമുട്ടലുണ്ടായി. ഒളിച്ചിരുന്ന് വെടിവച്ച ഭീകരരെ സൈന്യം തിരിച്ചടിച്ചു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം പിന്തുടർന്നു.രാത്രി 9 മണിയോടെ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. 20 മിനിട്ടോളം ഏറ്റുമുട്ടൽ തുടർന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് സൈനികരിൽ നാല് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിരവധി ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ജമ്മു കാശ്‌മീരിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |