മാഹി: മയ്യഴിയോട് ആത്മബന്ധമുള്ള വടകര സ്വദേശി കൈലാസനാഥൻ, ലഫ്റ്റനന്റ് ഗവർണ്ണറായി നിയമിതനായതോടെ, മയ്യഴിയുടെ വികസനത്തിന് നാഴികക്കല്ലാവുമെന്ന പ്രതീക്ഷയിൽ മയ്യഴിക്കാർ. പ്രധാനമന്ത്രിയുടെ വിശ്വസ്തനും ഗുജറാത്ത് മോഡൽ വികസനത്തിന്റെ രാജശില്പിയുമായിരുന്ന അദ്ദേഹം, പാതിവഴിയിൽ നിലച്ചുപോയ മാഹിയിലെ നാല് വൻ പദ്ധതികൾക്ക് തുടർച്ചയേകുമെന്ന പ്രതീക്ഷയിലാണ് ഇന്നാട്ടുകാർ.
ടൂറിസം മേഖലയിൽ ദേശീയശ്രദ്ധ പിടിച്ചു പറ്റുന്ന കടലിനെയും പുഴയെയും ബന്ധിപ്പിച്ചുള്ള മൂന്ന് കി. മീറ്റർ ദൈർഘ്യമുളള വോക്ക് വേയുടെ അന്തിമ ഘട്ട പൂർത്തീകരണം, ലക്ഷദ്വീപുമായടക്കം വ്യാപാര, സഞ്ചാരവഴികൾ തുറക്കുന്ന മയ്യഴി തുറമുഖത്തിന്റെ പൂർത്തീകരണം, ദേശീയ നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ അവസാനഘട്ടപൂർത്തീകരണം, മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള ട്രോമ കെയർ യൂണിറ്റ് നിർമ്മാണം പൂർത്തിയാക്കൽ തുടങ്ങിയ പദ്ധതികൾ വർഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുകയാണ്.
മയ്യഴിയോടുള്ള പുതുച്ചേരി സർക്കാരിന്റെ അവഗണനയുടെ സാക്ഷ്യപത്രം കണക്കെ, കോടികളുടെ ഈ വൻ പദ്ധതികൾ നോക്കുകുത്തികളായി കിടക്കുകയാണിപ്പോൾ. വികസനത്തിന്, രാഷ്ട്രീയം നോക്കാതെ, ധീരമായ നടപടികൾ സ്വീകരിക്കുന്ന കൈലാസനാഥൻ മയ്യഴിക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
വടകരയിൽ ജനിച്ച്, ഊട്ടിയിൽ വളർന്ന്, മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും. വെയിൽസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ വടകര സ്വദേശി കുനിയിൽ കൈലാസനാഥൻ 1979ലാണ് ഗുജറാത്ത് കേഡറിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായത്.
ഭരണപരമായ മിടുക്കിനും കാര്യക്ഷമതയ്ക്കും അഴിമതി പുരളാത്ത സേവനത്തിനും പേരുകേട്ട കൈലാസനാഥൻ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ, ഗുജറാത്ത് മാരിടൈം ബോർഡ് സി.ഇ.ഒ എന്നി ചുമതലകളിൽ ഇരുന്ന് പ്രാഗത്ഭ്യം തെളിയിച്ചുട്ടുണ്ട്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ സമർത്ഥനായ ഈ ഭരണാധികാരി, സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിജയത്തിന് പിന്നിലെ നിർണായകശക്തിയായിരുന്നു.
നല്ല ഭരണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സുതാര്യത, ഉത്തരവാദിത്തം, പൗര കേന്ദ്രീകൃത ഭരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനും അദ്ദേഹം കാണിച്ച മാതൃക, മയ്യഴിക്കും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |