മുംബയ്: 25 യുവതികളെ വിവാഹം ചെയ്ത തട്ടിപ്പുവീരൻ പിടിയിൽ. മുംബയിലാണ് സംഭവം. തട്ടിപ്പിനിരയായ നല്ല സോപാരയിലെ യുവതി നൽകിയ പരാതിയെത്തുടർന്ന് കല്യാണിൽ നിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖിനെ (48) അറസ്റ്റ് ചെയ്തത്. നല്ല സോപാരയിലെ യുവതിയെ വിവാഹം ചെയ്ത ശേഷം കാറും ലാപ്ടോപ്പും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതോടെയാണ് ഫിറോസിനെതിരെ അവർ പൊലീസിൽ പരാതി നൽകിയത്.
വിശദമായ അന്വേഷണത്തിൽ 25 യുവതികൾ ഫിറോസിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു യുവതിയുടെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ പ്രൊഫൈൽ ഉണ്ടാക്കിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് കണ്ടെത്തുന്ന വിവാഹബന്ധം വേർപെടുത്തിയവരെയും വിധവകളെയുമാണ് ഇയാൾ ഇരകളാക്കുന്നത്. വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങൾ, പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് തുടങ്ങിയവയുമായി മുങ്ങും.
ഫിറോസ് പൂനെയിൽ നിന്ന് നാല് വിവാഹം കഴിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, താനെ, അർണാല, നല്ല സോപാര എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇയാൾക്കെതിരെ ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായ ചില സ്ത്രീകളുടെ ആധാർ, എടിഎം കാർഡുകൾ, ഏഴ് മൊബൈൽ ഫോണുകൾ, ചെക്ക് ബുക്കുകൾ, ആഭരണങ്ങൾ തുടങ്ങിയവയും ഫിറോസിൽ നിന്ന് നല്ല സോപാര പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |