സാങ്കേതിക വളർച്ച, സാമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം, സാമൂഹിക- സാമ്പത്തിക സ്വാതന്ത്യം എന്നിവ പുതിയ തലമുറ കൂടുതലായി അനുഭവിക്കുന്ന കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. പഴയ തലമുറയെ അപേക്ഷിച്ച് തങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, കരിയർ, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ യുവാക്കൾക്ക് കൂടുതലായി സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എന്നാൽ ജെൻ സി, ജെൻ സെഡ് (1997നും 2012നും ഇടയിൽ ജനിച്ചവർ) എന്നിങ്ങനെ എന്നറിയപ്പെടുന്ന പുതുതലമുറ 'മണി ഡിസ്‌മോർഫിയ' എന്ന പ്രത്യേകതരം മാനസികാവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് വെളിപ്പെടുത്തുകയാണ് പഠനങ്ങൾ.
എന്താണ് മണി ഡിസ്‌മോർഫിയ?
പഴയകാലഘട്ടത്തെ അപേക്ഷിച്ച് സാമ്പത്തിക വളർച്ച, ഇടിവ്, ഇടപാടുകൾ, നിക്ഷേപങ്ങൾ, സേവിംഗ്‌സ് എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായി തന്നെ അറിവുള്ളവരാണ് നല്ലൊരു ശതമാനം യുവാക്കളും. എന്നാൽ പണം സ്വരൂപിക്കുന്നതിനുള്ള ആശങ്കയിലാണ് ഇതിൽ പകുതിപ്പേരും.
പഠനങ്ങൾ അനുസരിച്ച് 45 ശതമാനം ജെൻ സിമാരും മില്ലേനിയലുകളും (1981നും 1996നും ഇടയിൽ ജനിച്ചവർ) സമ്പന്നരാകുക എന്ന ലക്ഷ്യത്തിൽ മുഴുകിയിരിക്കുന്നവരാണ്. ഏകദേശം 48 ശതമാനം ജെൻ സിമാരും 59 മില്ലേനിയലുകളും ഈ ലക്ഷ്യം തങ്ങളുടെ പരിധിക്കപ്പുറത്താണെന്നും അഭിപ്രായപ്പെടുന്നു. തങ്ങളുടെ സാമ്പത്തിക നിലയെക്കുറിച്ച് നിരന്തരമായി ആശങ്കാകുലരാവുന്ന മാനസികാവസ്ഥയാണ് മണി ഡിസ്‌മോർഫിയ.
യഥാർത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലാത്ത വ്യാകുലതകളാണ് ഇത്തരം ഉത്‌കണ്ഠകളെന്ന് ഫിനാൻഷ്യൽ തെറാപ്പിസ്റ്റ് അമൻഡ ക്ലേമാൻ പറയുന്നു. സാമ്പത്തിക സുരക്ഷിതത്വം ഇല്ലെന്ന അനാവശ്യ ചിന്തകളാണ് പലപ്പോളും ഇത്തരം ആശങ്കകളിലേയ്ക്ക് നയിക്കുന്നത്. വിദ്യാഭ്യാസം, വിവാഹം, തൊഴിൽ മാറ്റങ്ങൾ, വീട് നിർമാണം തുടങ്ങി പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും മിക്കവാറും യുവാക്കളും. അതിനാൽ തന്നെ പണത്തിന്റെ കാര്യത്തിൽ പലരും അമിതമായി ആശങ്കപ്പെടുന്നു. പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഴയ തലമുറയ്ക്ക് താരതമ്യേനെ കൂടുതൽ അറിവുള്ളതിനാൽ പുതിയ തലമുറയെ അപേക്ഷിച്ച് അത്രയധികം ആശങ്കാകുലരായിരുന്നില്ലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള നിരന്തരമായ ആശങ്കയിലാണ് ഇന്നത്തെ കൂടുതൽ യുവാക്കളും. സാമ്പത്തിക ഭദ്രതയുള്ളവർ പോലും ഇത് അനുഭവിക്കുന്നു.
മണി ഡിസ്‌മോർഫിയയുടെ കാരണങ്ങൾ
സമൂഹമാദ്ധ്യമങ്ങളുടെ സ്വാധീനവും സാമൂഹിക സമ്മർങ്ങളുമാണ് മണി ഡിസ്‌മോർഫിയ എന്ന മാനസികാവസ്ഥയുടെ പ്രധാന കാരണം. തങ്ങളുടെ അതേ പ്രായത്തിലുള്ളവരുടെ സാമ്പത്തിക നേട്ടങ്ങളും ഉയർച്ചയും വരുമാനവുമെല്ലാം പല യുവാക്കളെയും സമ്മർദ്ദത്തിലാക്കുന്നു. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന നിരന്തരമായ സമ്മർദ്ദവും പലരെയും അകാരണമായി ഭയക്കാൻ പ്രേരിപ്പിക്കുന്നു. സമൂഹമാദ്ധ്യമലോകത്തിൽ നിന്നുണ്ടാവുന്ന താരതമ്യങ്ങൾ പണം സ്വരൂപിക്കാനും അമിതമായി നിക്ഷേപിക്കാനും പലരെയും സമ്മർദ്ദത്തിലാക്കുന്നു. സമൂഹം അടിച്ചേൽപ്പിക്കുന്ന പ്രായത്തിൽ സമ്പന്നനാകാനും സാമ്പത്തിക ഭദ്രത നേടാനും യുവാക്കളെ സമ്മർദ്ദത്തിലാക്കുന്നു.
യാത്ര, ആരോഗ്യം, തൊഴിൽ, സൗന്ദര്യം, ശരീരം, ബന്ധങ്ങൾ, പണം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും റീലുകളും മറ്റും സ്വയം താരതമ്യത്തിലേയ്ക്കും സംശയത്തിലേയ്ക്കും നയിക്കുന്നു. ഇതാണ് മണി ഡിസ്‌മോർഫിയയുടെ പ്രാഥമിക കാരണങ്ങമായി ചൂണ്ടിക്കാണിക്കുന്നത്. റിയാലിറ്റി ഷോകളും സോഷ്യൽ മീഡിയയും ആഡംബര ജീവിതത്തെ സാധാരണവത്‌കരിക്കുന്നുവെന്നും ഇത് യുവാക്കളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്യാട്രിസ്റ്റ് ഡോ.ലാൻറെ ഡോകുൻ വ്യക്തമാക്കുന്നു. ഇത്തരം ജീവിതശൈലികളിലേയ്ക്കുള്ള നിരന്തരമായ എക്സ്പോഷർ അപര്യാപ്തതയും ഉത്കണ്ഠയും സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണി ഡിസ്‌മോർഫിയ ചില സാഹചര്യങ്ങളിൽ അമിതമായ പണം ചെലവഴിക്കിലേയ്ക്കും നയിക്കാം. മറ്റുള്ളവരെ കാണിക്കുന്നതിന് മാത്രമായി അമിതമായി പണം ചെലവഴിക്കാനുള്ള പ്രണതയുണ്ടാവുന്നു. കുട്ടിക്കാലത്ത് കഠിന സാമ്പത്തിക ദാരിദ്ര്യം അനുഭവിച്ചവർക്കും ഇത്തരം മാനസികാവസ്ഥ ഉണ്ടായേക്കാമെന്ന് മനശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
മണി ഡിസ്‌ഫോർഫിയ ഉള്ള 69 ശതമാനം പേരും പറയുന്നത് താൻ ഒരിക്കലും പണക്കാരനാകില്ലെന്നാണെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ ഈ മാനസികാവസ്ഥ തങ്ങളെ അമിത ചെലവാക്കലിലേയ്ക്ക് എത്തിക്കുന്നുവെന്നാണ് 95 ശതമാനം പേർ പറയുന്നത്.
മണി ഡിസ്‌മോർഫിയ എങ്ങനെ മറികടക്കാം?
സ്വന്തം സാമ്പത്തികാവസ്ഥയെക്കുറിച്ച് ബോധവാന്മാരാവുക എന്നതാണ് ഈ മാനസികാവസ്ഥ മറികടക്കാനുള്ള പ്രധാന മാർഗമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ഭദ്രത, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് യഥാർത്ഥമായ പദ്ധതികൾ തയ്യാറാക്കണം. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ഭയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കും. കൂടാതെ പ്രതിമാസ ബഡ്‌ജറ്റ് തയ്യാറാക്കുന്നത് വരുമാനത്തിന്റെയും ചെലവുകളുടെയും വ്യക്തമായ ചിത്രം നൽകിക്കൊണ്ട് മണി ഡിസ്മോർഫിയ നിയന്ത്രിക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |