മേപ്പാടി:എട്ടുമാസം പ്രായമായ ഹൻസൽ നിയാസിന്റെ കുഞ്ഞു ജീവൻ മരണപ്പുഴയിൽ നിന്ന് വീണ്ടെടുത്തത് മുത്തച്ഛനാണ്. കുത്തിയൊഴുകിയ ചെളിവെള്ളത്തിൽ ജീവൻ പണയപ്പെടുത്തി മണിക്കൂറുകളോളം പോരാടിയാണ് ചൂരൽമലയിലെ ഒ.പി. മൊയ്തു പേരക്കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പേരക്കുട്ടിയെ കൈവിടാതെ പാറയിൽ ചവിട്ടിപ്പിടിച്ച് നേരം വെളുക്കുവോളം മൊയ്തു ഒരേ നിൽപ്പായിരുന്നു.
ആ നേരമത്രയും അവന്റെ കരച്ചിൽ അടക്കാനാകാതെ, ജീവൻ കൈയിൽ നിന്ന് വഴുതി പോകാതെ പിടിച്ചു നിർത്തിയ മൊയ്തുവിന് ഇപ്പോഴും ഞെട്ടലാണ്. പരിക്കേറ്റ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മൊയ്തുവിന്റെ നെഞ്ചിൽ ഒട്ടിപ്പിടിച്ച് കിടക്കുകയാണ് കുഞ്ഞു ഹൻസൽ. ചെളിയും കല്ലും കുത്തിയൊഴുകി വന്നാണ് പരിക്കേറ്റത്.
ഹൻസലിനെ സ്‌നേഹിക്കുന്നവരുടെ പുഞ്ചിരിയും ആശ്വാസവും കാണുമ്പോൾ മൊയ്തുവിന്റെ കണ്ണു നിറയുകയാണ്. പുലർച്ചയോടെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന മൊയ്തു കാണുന്നത് കഴുത്തറ്റം വെള്ളമാണ്. തൊട്ടടുത്ത മുറിയിൽ മകൾ റംസീനയും പേരക്കുട്ടിയും. ചെളിവെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വെള്ളം കുത്തിയൊഴുകിയെത്തി. കട്ടിലിൽ പിടിച്ച് ഒരു വിധം പുറത്തെത്തിയെങ്കിലും ചെളിയിൽ പുതഞ്ഞുപോയി. 15 വർഷത്തോളം വിയർപ്പൊഴുക്കി സമ്പാദിച്ച വീട് തകരുന്നത് കുഞ്ഞിനെയും കൈയിൽ പിടിച്ച് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. നിലവിളിച്ച് മകൾ റംസീനയും. തൊട്ടരികിലൂടെ പോയ കൂറ്റൻ പാറക്കഷ്ണങ്ങൾ സൃഷ്ടിച്ച മരണ ഭീതി മൊയ്തുവിനും റംസീനയ്ക്കും മാറിയിട്ടില്ല.
മൊയ്തുവിന്റെ ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിലായതിനാൽ രക്ഷപ്പെട്ടു. റംസീനയുടെ ഭർത്താവ് ഹാഷിം നിയാസ് ജമ്മുകാശ്മീരിൽ സൈനികനാണ്. ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് പോയത്. വിവരമറിഞ്ഞ് ഹാഷിം നാട്ടിലേക്കു വരാനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |