വയനാട്: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000ത്തോളം ആളുകൾ വിവിധ ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. ഇവർക്കായി ലോകത്തെ വിവിധ ഇടങ്ങളിൽ നിന്ന് സഹായം എത്തുന്നുണ്ട്. വയനാടിനെ തിരിച്ച് പിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നൽകുന്നത്.
ഇപ്പോഴിതാ പ്രവാസികളിലൊരാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഏൽപ്പിച്ച മൂന്ന് വാച്ചിനെക്കുറിച്ച് പറയുകയാണ് വ്ലോഗർ എഫിൻ. വാച്ചുകൾ വിറ്റ് ഏകദേശം 84 ലക്ഷം രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് എഫിൻ പറയുന്നത്. ആ പണം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് എഫിൻ ഇക്കാര്യം പറഞ്ഞത്.
ഉബ്‌ലുവിന്റെ 21 ലക്ഷം രൂപ വിലവരുന്ന ബിഗ് ബാംഗ് സ്ക്വയർ ലിമിറ്റഡ് എഡിഷൻ വാച്ച്, 33 ലക്ഷം രൂപയുടെ ഓവർസീസിന്റെ റോസ് ഗോൾഡ് എഡിഷൻ, 29 ലക്ഷം രൂപയുടെ ഉബ്‌ലുവിന്റെ തന്നെ ഗെെടർ എഡിഷൻ എന്നീ വാച്ചുകളാണ് എഫിന്റെ കെെയിൽ ഉള്ളത്. ഈ വാച്ചുകൾ വിറ്റ് ആ പണം വയനാട്ടിൽ ദുരന്തം അനുഭവിക്കുന്നവർക്ക് നൽകാനാണ് തന്റെ പ്രവാസി സുഹൃത്ത് പറഞ്ഞതെന്നും എഫിൻ പറഞ്ഞു. ഇത് വാങ്ങാൻ താൽപര്യം ഉള്ളവർ അദ്ദേഹത്തിന് ഇമെയിൽ അയക്കാനും പറഞ്ഞിട്ടുണ്ട്. വാച്ചുകൾ ഓൺലെെനായി വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓഫ്‌ലെെൻ ആയി വിറ്റ് പണം വയനാട്ടിന് നൽകാനാണ് ഇവരുടെ പ്ലാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |