കൽപ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ മികച്ച രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം വിലയിരുത്തി. പുനരധിവാസം സമഗ്രമായി നടപ്പാക്കണമെന്നും നിർദ്ദേശിച്ചു. എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥാ വിഷയത്തിൽ കുസാറ്റിന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ തടയേണ്ടതുണ്ട്.
സമയബന്ധിതമായി പുനരധിവാസം നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ പ്രവർത്തനം ശ്ലാഘനീയമെന്ന് പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. എം.പിമാരുടെ ഫണ്ട് പുനരധിവാസ പ്രവർത്തനത്തിന് ഉപയോഗിക്കാവുന്നതാണ്.
പുനരധിവാസത്തിന്റെ എല്ലാ വശങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരണമെന്ന് ജോസ് കെ.മാണി എം.പി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് കൗൺസലിംഗ് നൽകണമെന്ന് സ്ഥലം എം.എൽ.എ ടി.സിദ്ദിഖും കാണാതായ ആളുകളെ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
മലപ്പുറത്ത് കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ വയനാട്ടിൽ സൗകര്യമൊരുക്കണമെന്ന് പി.പി.സുനീർ എം.പി. വെള്ളാർമല സ്‌കൂളിലെ കുട്ടികളെ മുഴുവൻ വേറെ സ്‌കൂളിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |