തിരുവനന്തപുരം: കേരള വ്യാപാരി ക്ഷേമനിധി ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പവർഹൗസ് റോഡിലെ ബോർഡിന്റെ ഓഫീസിൽ നിന്ന് ലക്ഷങ്ങൾ വെട്ടിച്ച് സീനിയർ ക്ളർക്ക് ഡി.രമേശ് (52) മുങ്ങി. ആദ്യവട്ട പരിശോധനയിൽ 15 ലക്ഷം രൂപ വെട്ടിച്ചതായാണ് കണ്ടെത്തിയത്. ബോർഡിൽ അംഗങ്ങളായ വ്യാപാരികളുടെ അംഗത്വ തുക, ക്ഷേമനിധി പെൻഷൻ, അംശദായം ഉൾപ്പെടെയുള്ള തുകയാണ് വെട്ടിച്ചത്. തുക ബാങ്കിൽ അടയ്ക്കാതെ ഇയാൾ കൈക്കലാക്കുകയായിരുന്നു. സംഭവം കണ്ടെത്തിയതോടെ ഒളിവിൽപ്പോയ രമേശനെതിരെ ബോർഡ് നൽകിയ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമേശനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കരാർ ജോലിക്കാരനായി കയറി ഇയാളെ പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു.
ആറ് വർഷമായി പ്രതി രമേശൻ നടത്തിവന്ന തട്ടിപ്പ് കണ്ടെത്തിയത് ഇപ്പോഴാണ്. ബോർഡിൽ അംഗങ്ങൾ അടയ്ക്കുന്ന തുക സ്വീകരിക്കുന്നത് രമേശനാണ്. കുറച്ച് നാൾ ബോർഡിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറില്ലായിരുന്നു. ഈ സാഹചര്യവും മുതലെടുത്തു. അംശദായം, പുതിയ അംഗങ്ങളുടെ അംഗത്വ ഫീസ്, പെൻഷൻ തുടങ്ങിയ കാര്യത്തിലെ ക്രയവിക്രയം രമേശാണ് ചെയ്തിരുന്നത്. ആറ് വർഷത്തിനിടെ അരക്കോടി രൂപയെങ്കിലും പ്രതി തട്ടിച്ചതായാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അക്കൗണ്ട്സ് ജനറൽ വിഭാഗം പരിശോധിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഓഡിറ്റ് റിപ്പോർട്ടാവും.
ബോർഡിലെ ചരിത്രത്തിലെ വലിയ വെട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് സർക്കാരിന് കത്ത് നൽകി. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വിജിലൻസിന് സർക്കാർ കൈമാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |